Search

മഹാഭാരതം തിരിച്ചെടുക്കാന്‍ എംടി കോടതി വരാന്തയില്‍, സിനിമ നടക്കുമെന്നു സംവിധായകനും നിര്‍മാതാവും


കോഴിക്കോട്:  'രണ്ടാമൂഴ'ത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ ഫയല്‍ ചെയ്ത ഹര്‍ജി ഇന്നു കോടതി പരിഗണിക്കാനിരിക്കെ, ചിത്രം സജീവമാക്കാന്‍ അണിയറയില്‍ നീക്കം തുടങ്ങി.

എംടിയെ സമാശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്നു തിരക്കഥ തിരികെ വാങ്ങിയാല്‍ ചിത്രം നിര്‍മിക്കാന്‍ ചിലര്‍ സന്നദ്ധത അറിയിച്ചതായി സൂചനയുണ്ട്. ഇതു കൂടി മുന്നില്‍ക്കണ്ടാണ് എംടിയുടെ നീക്കം.

ചിത്രത്തിന് രാജ്യാന്തര തലത്തില്‍ ബിസിനസിനും മറ്റുമായി സമയം വേണ്ടിവന്നുവെന്നും ഏതുകൊണ്ടാണ് വൈകുന്നതെന്നും എംടിയെ യഥാസമയം കാര്യങ്ങള്‍ അറിയിക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് അദ്ദേഹത്തെ നേരില്‍ കണ്ടു ക്ഷമ ചോദിക്കുമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതും സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നു കൃത്യമായ പ്രതികരണം കിട്ടാത്തതുമാണ് എംടിയെ ചൊടിപ്പിച്ചത്.

ചിത്രം അനന്തമായി നീളുന്നതിനാല്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് എം ടി കോടതിയെ സമീപിച്ചിരിക്കുന്നത്. തിരക്കഥ കിട്ടുന്ന മുറയ്ക്ക് മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചു നല്‍കാമെന്നും  എംടി കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇതേസമയം, തിരക്കഥാ വിവാദം തനിക്കറിയില്ലെന്നും ചിത്രം 1000 കോടി രൂപ മുതല്‍ മുടക്കുള്ള ചിത്രം യാഥാര്‍ത്ഥമാവുക തന്നെ ചെയ്യുമെന്ന നിര്‍മാതാവ് ബിആര്‍ ഷെട്ടി വ്യക്തമാക്കി.

ഭീമന്റെ വേഷത്തില്‍ മോഹന്‍ലാലിനെയാണ് നിശ്ചയിച്ചിരുന്നത്.   വര്‍ഷങ്ങള്‍ നീണ്ട തന്റെ ഗവേഷണവും അദ്ധ്വാനവും പാഴാവുമെന്ന ആശങ്കയാണ് എംടിയെ ചിത്രത്തില്‍ നിന്നു പിന്തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. എഴുത്തിനു ശേഷം അണിയറ പ്രവര്‍ത്തകര്‍ തന്നെ പരിഗണിക്കാതിരുന്നതും എടിയെ വേദനിപ്പിച്ചു.

നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി എം ടി  കരാര്‍ ഉണ്ടാക്കിയത്. മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ പൂര്‍ത്തിയാക്കി എംടി കൊടുക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു കരാര്‍.

മോഹന്‍ലാല്‍ ചിത്രമായ 'ഒടിയന്‍' സംവിധാനം ചെയ്യുന്ന തിരക്കിലേക്കു പോയ ശ്രീകുമാര്‍ മേനോന് പറഞ്ഞ സമയത്ത് ചിത്രീകരണം തുടങ്ങാനായില്ല. അങ്ങനെ ഒരുവര്‍ഷംകൂടി സമയം ചോദിച്ചു. എംടി  അതും അനുവദിച്ചു.

പിന്നെയും പ്രോജക്ട് വൈകിയതോടെയാണ് എംടി ക്ഷുഭിതനായത്. സിനിമയ്ക്കു വേണ്ടി ഒരു പ്രവര്‍ത്തനവും ഇതുവരെ തുടങ്ങിയതുമില്ല. സ്വപ്‌നസിനിമയായാണ് എംടി ഇതിനെ കണ്ടത്.

'മഹാഭാരത്' എന്ന പേരില്‍ രണ്ട് ഭാഗങ്ങളില്‍ സിനിമയിറക്കാനായിരുന്നു പദ്ധതി. ആദ്യ ഭാഗം ഇറങ്ങി നാലുമാസത്തിനുശേഷം രണ്ടാം ഭാഗവും ഇറക്കാനായിരുന്നു തീരുമാനം. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടായിരുന്നു സിനിമ ആസൂത്രണം ചെയ്തത്.

ജാക്കിച്ചാന്‍, അജയ് ദേവ്ഗണ്‍, നാഗാര്‍ജുന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് റയോണിനെയാണ് നിശ്ചയിച്ചിരുന്നത്.

ചിത്രീകരണത്തിനായി എറണാകുളത്തും കോയമ്പത്തൂരുമായി 100 ഏക്കര്‍ കണ്ടെത്തിയിരുന്നു. ഈ സ്ഥലം ചിത്രീകരണത്തിനു ശേഷം  'മഹാഭാരത സിറ്റി' എന്ന പേരില്‍  മ്യൂസിയമാക്കാനും നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരുന്നു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മഹാഭാരതം തിരിച്ചെടുക്കാന്‍ എംടി കോടതി വരാന്തയില്‍, സിനിമ നടക്കുമെന്നു സംവിധായകനും നിര്‍മാതാവും