Search

ചിത്താരി ഹംസ മുസലിയാര്‍ നിര്യാതനായി

തളിപ്പറമ്പ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും പണ്ഡിതനുമായ കെ പി ഹംസ മുസലിയാര്‍ ചിത്താരി (79) നിര്യാതനായി. തളിപ്പറമ്പിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ഖബറടക്കം  തളിപ്പറമ്പിനടുത്ത നാടുകാണി അല്‍ മഖര്‍ കാമ്പസില്‍ നടത്തി.

അഹമ്മദ് കുട്ടി -നഫീസ ദമ്പതികളുടെ മകനായി 1939ല്‍ പട്ടുവത്ത് ജനനം. പ്രാഥമിക പഠനം പട്ടുവം ഓത്തുപള്ളിയില്‍. പട്ടുവം എല്‍ പി സ്‌കൂളില്‍ നിന്നും പഴയങ്ങാടി മാപ്പിള യു പി സ്‌കൂളില്‍ നിന്നുമായി എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസവും നേടി. മദ്‌റസ പഠനത്തിന് ശേഷം നാട്ടിലെ പള്ളിദര്‍സില്‍ തുടര്‍ പഠനം. സൂഫിവര്യനായ അബ്ബാസ് മുസലിയാറായിരുന്നു മുദരിസ്. ഉപരിപഠനം കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍ (പടന്ന ദര്‍സ്), കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍ (തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം),  മട്ടന്നൂര്‍ പി എ അബ്ദുല്ല മുസ്‌ലിയാര്‍ (കടവത്തൂര്‍ ചാക്യാര്‍കുന്ന് ദര്‍സ്), കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ്) എന്നിവരില്‍ നിന്ന്. ദയൂബന്ധ് ദാറുല്‍ ഉലൂമില്‍ നിന്ന് എം എ ബിരുദം നേടി.

ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത് 1965ല്‍ മാട്ടൂലിലായിരുന്നു. അവിടെ എട്ടു വര്‍ഷം മുദരിസായി സേവനമനുഷ്ഠിച്ച ശേഷം 1972ല്‍ ചിത്താരി ദര്‍സിലേക്ക് മാറി. അവിടെ പത്ത് വര്‍ഷത്തെ സേവനം. ഇക്കാലത്താണ് ചിത്താരി എന്ന് പേര്‍ ലഭിച്ചത്. 1982ല്‍ ചെറുവത്തൂര്‍ തുരുത്തിയില്‍ മുദര്‍റിസായി. അടുത്ത വര്‍ഷം ജാമിഅ സഅദിയ്യയില്‍ ചേര്‍ന്നു. 1988 വരെ അവിടെ തുടര്‍ന്നു. 1989 തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപിക്കപ്പെട്ടതോടെ അതിന്റെ പ്രിന്‍സിപ്പലായി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എന്‍ അബ്ദ്ല്ലത്വീഫ് സഅദി, അബ്ദുസ്സമദ് അമാനി പട്ടുവം, ആലിക്കുഞ്ഞി അമാനി മയ്യില്‍, ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി
തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്.

സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വളര്‍ച്ചയില്‍ ചിത്താരി ഉസ്താദ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചിത്താരിയിലെ സേവനകാലത്താണ് സമസ്തയുമായി ബന്ധപ്പെടുന്നത്. 1972ല്‍ സമസത അവിഭക്ത കണ്ണൂര്‍ ജില്ലയുടെ പ്രഥമ മുശാവറയില്‍ ജോയിന്റ് സെക്രട്ടിയായാണ് നേതൃ രംഗത്തെത്തുന്നത്. 1973 ഏപ്രില്‍ 14,15 തിയ്യതികളില്‍ കാഞ്ഞങ്ങാട് നടന്ന സമസ്ത പ്രഥമസമ്മേളനത്തിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായിരുന്നു. കണ്ണൂര്‍, കാസര്‍ഗോസ് ജില്ലകളായി 1983ല്‍ കണ്ണൂര്‍ വിഭജിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ മുശാവറയുടെ പ്രഥമജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറയിലുമെത്തി.

സമസ്തയുടെ നേത്യത്വത്തിലുള്ള തളിപ്പറമ്പിലെ ജൂനിയര്‍ കോളജിന്റെയും, കാസര്‍ഗോസ് ജാമിഅ സഅദിയ്യയുടെയും, തളിപ്പറമ്പ് അല്‍മഖര്‍റിന്റെയും സ്ഥാപനത്തില്‍ മൂന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. 1995 വരെ സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ രൂപീകരിച്ചപ്പോള്‍  സുന്നി യൂത്ത് ഓര്‍ഗനൈസേഷന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു.

ഭാര്യ കയ്യം സ്വദേശി സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമുണ്ട്. പ്രമുഖ പണ്ഡിതനും സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന മര്‍ഹൂം പി.എ അബ്ദുല്ല മുസ്‌ലിയാരുടെ മകന്‍ പരേതനായ  ഡോ: പി.എ. അഹ്മദ് സഈദ് മരുമകനാണ്.


കടന്നു പോകുന്നത്
പാണ്ഡിത്യത്തിന്റെ കുലപതി

ആലൂര്‍ ടി.എ. മഹ്മൂദ് ഹാജിഎല്ലാ വിഷയത്തിലും ഒരേ പോലെ കഴിവുള്ള പണ്ഡിത കുലപതിയെയാണ് ചിത്താരി ഹംസ ഉസ്താദിന്റെ വിയോഗത്തോടെ  കേരളത്തിന് നഷ്ടമായത്.

ഇസ്‌ലാമിക ശരീഅത്ത് വിഷയത്തിലും അറബി ഭാഷാ വ്യാകരണം, ഗോള ശാസ്ത്രം, തത്വ ശാസ്ത്രം,  കര്‍മ്മ ശാസ്ത്രം, തുടങ്ങി സര്‍വ്വ വിഷയങ്ങളിലും ഒരു പോലെ കഴിവ് തെളിയിച്ച  നിപുണനും മികവുറ്റ സംഘാടകനുമായിരുന്നു ഉസ്താദ്.

കണ്ണിയത്ത് ഉസ്താദിന്റെ പ്രധാന ശിഷ്യനായിരുന്ന ചിത്താരി ഉസ്താദ് മത പ്രഭാഷണ വേദികളില്‍ തന്റെ സ്വതസിദ്ധമായ ശബ്ദമാധുര്യവും ശൈലിയും കൊണ്ട് ജനമനസ്സുകളില്‍ ഇടം പിടിച്ച പ്രഭാഷകനും സമസ്ത സമ്മേളന വേദികളില്‍  മുഖ്യ പ്രഭാഷകനും കൂടിയായിരുന്നു.

*ചിത്താരി ഹംസ ഉസ്താദിന്റെ ശിഷ്യനായിരുന്നു ലേഖകന്‍TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചിത്താരി ഹംസ മുസലിയാര്‍ നിര്യാതനായി