Search

നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ബാലഭാസ്‌കര്‍ വിടപറഞ്ഞു, അന്ത്യം ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നാടിനെയും ആരാധകരെയും ഉറ്റവരെയും തീരാദുഃഖത്തിലാഴ്ത്തി വിഖ്യാത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ (40) യാത്രയായി.

വാഹനാപകടത്തില്‍  പരിക്കേറ്റ് ഗുരുതരനിലയില്‍ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍, പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അന്ത്യശ്വാസം വലിച്ചത്.

തിങ്കളാഴ്ച അദ്ദേഹം ബോധത്തിലേക്കു വന്നിരുന്നു. പക്ഷേ, ഇന്നു രാവിലെയുണ്ടായ ഹൃദയാഘാതം മരണകാരണമാവുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.


തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് സെപ്തംബര്‍ 25നായിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ബാലഭാസ്‌കറും ഭാര്യയും രണ്ടുവയസ്സുള്ള മകളും.

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഏക മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. കാര്‍ ഡ്രൈവര്‍ അര്‍ജുനും ചികിത്സയിലാണ്.

ബാലഭാസ്‌കര്‍ 12–ാവയസിലാണ് സ്‌റ്റേജ് പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. മംഗല്യപ്പല്ലക് എന്ന സിനിമയിലൂടെ 17–ാം വയസില്‍ സ്വതന്ത്ര സംഗീത സംവിധായകനായി. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനികളിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നിനക്കായ്, ആദ്യമായ് തുടങ്ങിയവയടക്കം നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി.

എ ആര്‍ റഹ്മാന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ശിവമണി, വിക്കു വിനായക് റാം, ഹരിഹരന്‍, പാശ്ചാത്യ സംഗീതഞ്ജന്‍ ലൂയി ബാങ്ക്, ഫസല്‍ ഖുറേഷി എന്നിവരുമൊത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.

കെ സി ഉണ്ണിയുടെയും ബി ശാന്തകുമാരിയുടെയും മകനായി 1978 ജൂലൈ പത്തിന് തിരുവനന്തപുരത്ത് ജനനം. അമ്മാവന്‍ ബി ശശികുമാറില്‍നിന്ന് മൂന്നാം വയസ്സില്‍ കര്‍ണാകട സംഗീതം പഠിച്ചു തുടങ്ങി.

തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, മാര്‍ ഇവാനിയസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠിച്ചത്. സഹോദരി മീര. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജിലും  കലാഭവനിലും പൊതുദര്‍ശനത്തിന് വയ്ക്കും.

സംസ്‌കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍ നടത്തുമെന്നു കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

Keywords: Violinist, Balabhaskar, Kerala, Thiruvananthapuram, daughter, Lakshmi , Thrissur, Tejaswini Bala , stage performances,  concertsvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ബാലഭാസ്‌കര്‍ വിടപറഞ്ഞു, അന്ത്യം ചികിത്സയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന്