Search

ഇനി കുഞ്ഞു ഹൃദയങ്ങള്‍ ഇവിടെ സുരക്ഷിതം, തിരുവനന്തപുരം എസ്എടിയില്‍ കാത്ത് ലാബ്* എസ്.എ.ടി. ചരിത്രത്തിലേക്ക്: സര്‍ക്കാര്‍ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമുള്ള ആദ്യ കാത്ത് ലാബ് 


* രണ്ട് ദിവസം കൊണ്ട് നടത്തിയത് വിജയകരമായ 16 കേസുകള്‍


തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രി. സര്‍ക്കാര്‍ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബിന്റെ പ്രവര്‍ത്തനം എസ്.എ.ടി. ആശുപത്രിയില്‍ തുടങ്ങി. 2 ദിവസം കൊണ്ട് ജനിതക ഹൃദ്രോഗമുള്ള 16 കുട്ടികള്‍ക്കാണ് കാത്ത് ലാബ് ചികിത്സ ലഭ്യമാക്കിയത്. 10 മാസം മുതല്‍ 16 വയസുവരെയുള്ള 16 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ചികിത്സ ലഭ്യമാക്കിയത്. ചികിത്സ ലഭ്യമായ കുട്ടികള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാനാകും.
മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ലോകപ്രശസ്തനായ ഇന്റര്‍വെന്‍ഷണല്‍ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. കെ. ശിവകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എ.ടി. ആശുപത്രി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്. ലക്ഷ്മി ആണ് കാത്ത് ലാബ് ചികിത്സ നടത്തിയത്. കാത്ത് ലാബ് അനസ്തീഷ്യ വിദഗ്ധ ഡോ. അനു, പീഡിയാട്രിക് കാര്‍ഡോളജി വിഭാഗം ഹെഡ് നഴ്‌സ് റുമൈസയുടെ നേതൃത്വത്തിലുള്ള നഴ്‌സ്മാര്‍, കാത്ത് ലാബ് ടെക്‌നീഷ്യന്‍മാരായ അശ്വതി, രേവതി, മറ്റ് ജീവനക്കാര്‍ എന്നിവരുടെ സംഘവും വിജയത്തിന് പിന്നിലുണ്ട്. മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗത്തിന്റെയും കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിന്റെയും പൂര്‍ണ പിന്തുണ ഈ സംരംഭത്തിന് വലിയ സഹായമായി.

എസ്.എ.ടി. ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുട്ടികളിലും നവജാത ശിശുക്കളിലും കാണപ്പെടുന്ന ജനിതക ഹൃദ്രോഗങ്ങളില്‍ പകുതിയോളം ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യാതെ ഈ കാത്ത് ലാബ് വഴി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. സ്വകാര്യ ആശുപത്രികളില്‍ ഒന്നര ലക്ഷത്തിന് മുകളില്‍ ചെലവു വരുന്ന ഈ ചികിത്സ സര്‍ക്കാര്‍ സൗജന്യമായാണ് ചെയ്തു കൊടുക്കുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ നാമമാത്രമായിരുന്ന പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 6 കോടി രൂപ ചെലവഴിച്ച് കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് അധ്യാപക അനധ്യാപകരുടെ 13 തസ്തികകളും സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഓപ്പറേഷന്‍ കൂടാതെ ഞരമ്പ് വഴി ഉപകരണം കടത്തിവിട്ടാണ് കാത്ത് ലാബ് ചികിത്സ നടത്തുന്നത്. ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുക, ചുരുങ്ങിയ വാല്‍വുകള്‍ പൂര്‍വസ്ഥിതിയിലാക്കുക, നവജാത ശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന ബലൂണ്‍ ഏട്രിയല്‍ സെപ്‌റ്റോസ്റ്റമി എന്നിവയൊക്കെ ചെയ്യാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും.

കേരളത്തില്‍ നൂറിലൊന്ന് കുട്ടികള്‍ക്ക് ജന്മനാ ഹൃദയവൈകല്യം ബാധിക്കുന്നതായാണ് കണ്ടെത്തല്‍. ഈ കുട്ടികളുടെ സൗജന്യ ചികിത്സയ്ക്കായാണ് സര്‍ക്കാര്‍ ഹൃദ്യം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ കുട്ടികള്‍ക്ക് മാത്രമുള്ള ആദ്യത്തെ കാത്ത്‌ലാബ് എസ്.എ.ടി. ആശുപത്രിയില്‍ വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതോടെ ആരോഗ്യ രംഗത്ത് വലിയ കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സങ്കീര്‍ണമായ ഹൃദയ വൈകല്യമുള്ള കുട്ടികളില്‍ പകുതിയോളം ഓപ്പറേഷന്‍ കൂടാതെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കാത്ത് ലാബ് ചികിത്സയിലൂടെ കഴിയുന്നു. ചെറിയ അളവില്‍ ഉറക്ക മരുന്ന് നല്‍കിയാണ് ഈ ചികിത്സ നല്‍കുന്നതെന്നതിനാല്‍ കുട്ടികള്‍ക്ക് അല്‍പംപോലും വേദന അനുഭവപ്പെടാറില്ല. മാത്രമല്ല ഈ ചികിത്സ കഴിഞ്ഞ് 6 മാസത്തേയ്ക്ക് ഒരു മരുന്നു മാത്രം കഴിച്ചാല്‍ മതിയാകും. അതിനുശേഷം മരുന്നുകളൊന്നും ആവശ്യമില്ല എന്നതും ഈ ചികിത്സയുടെ പ്രത്യേകതയാണ്.

ജനിച്ച കുഞ്ഞ് മുതല്‍ 12 വയസുവരെയാണ് എസ്.എ.ടി.യില്‍ ചികിത്സയെങ്കിലും 12 വയസിന് മുകളിലുള്ള കുട്ടികളുടെ ഹൃദയ വൈകല്യങ്ങളും ഈ കാത്ത്‌ലാബിലൂടെ ചികിത്സിക്കുമെന്ന് പ്രിന്‍സിപ്പലും സൂപ്രണ്ടും അറിയിച്ചു.


Highlight: First paediatric  cathe lab in government sector  started in SAT hospital thiruvananthapuram.
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇനി കുഞ്ഞു ഹൃദയങ്ങള്‍ ഇവിടെ സുരക്ഷിതം, തിരുവനന്തപുരം എസ്എടിയില്‍ കാത്ത് ലാബ്