Search

എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപരാതി, സിപിഎം വെട്ടില്‍, പൊലീസിനു പരാതി കൈമാറിയില്ലെങ്കില്‍ നിയമക്കുരുക്കുമാവും

ജാവേദ് റഹ്മാന്‍

കോഴിക്കോട് : ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് കൊടുത്ത പരാതി പരസ്യമായതോടെ, നിയമപ്രകാരം അതു പൊലീസിനു കൈമാറാന്‍ പരാതി സ്വീകരിച്ച പാര്‍ട്ടി നേതൃത്വത്തിനു ബാധ്യതയുണ്ട്. അല്ലാത്തപക്ഷം യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കണം.

പരാതി പിന്‍വലിച്ചാല്‍ പോലും ആരോപണം നിലനില്‍ക്കും. നിയമപരമായി അന്വേഷിക്കാന്‍ വഴിയൊരുക്കാതിരുന്നാല്‍, അതും കുറ്റകരമാണ്. ഇതോടെ, നേതാക്കളും പ്രതിക്കൂട്ടിലാവുകയും ചെയ്യും. കടുത്തൊരു പ്രതിസന്ധിയാണ് എംഎല്‍എ പാര്‍ട്ടിക്കുണ്ടാക്കിക്കൊടുത്തിരിക്കുന്നത്.

കേസൊതുക്കാനായി തനിക്ക് ഒരു കോടി രൂപ വാഗ്ദാനവും ഡിവൈഎഫ്‌ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി പറയുന്നു. ഇതില്‍ നിന്നു പരാതിക്കാരിയെ പറഞ്ഞൊതുക്കുക എളുപ്പമല്ലെന്നു കൂടി വ്യക്തമാവുകയാണ്.

ഇതിനിടെ, പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപം നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവെയ്‌ലബിള്‍ പോളിറ്റ് ബ്യുറോ യോഗം നിര്‍ദ്ദേശിച്ചിരുന്നു. നേരത്തേ ജില്ലാ കമ്മിറ്റിക്കു പരാതി കൊടുത്തപ്പോള്‍ എംഎല്‍എയില്‍ നിന്നു മാറി നടക്കാനായിരുന്നു ഉപദേശം കിട്ടിയതെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇതേസമയം, പരാതിയില്‍ ശക്തമായ നടപടി വേണമെന്നു ജില്ലാക്കമ്മിറ്റിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ആരും കാര്യമായി പരിഗണിച്ചിരുന്നില്ല.

അന്വേഷണം നടത്താനും ശശിയില്‍ നിന്ന് വിശദീകരണം തേടാനുമാണ് തീരുമാനം. അന്വേഷണ സമിതിയില്‍ ഒരു വനിതാ അംഗം ഉണ്ടായിരിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി കേരള നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് സിപിഎം കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗം ബൃന്ദാ കാരാട്ടിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഓഗസ്റ്റ് 14 നാണ് ബൃന്ദയ്ക്ക് പരാതി കൈമാറിയത്. ഈ പരാതിയില്‍ പക്ഷേ, നടപടിയൊന്നും വന്നില്ല. നിയമ വിദ്യാര്‍ത്ഥി കൂടി ആയ പരാതിക്കാരി സിപിഎം ജനറല്‍ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം ഇ മെയിലിലൂടെ പരാതി അയച്ചു. ഇതോടെയാണ് നേതൃത്വം ഉണര്‍ന്നത്.
എന്നാല്‍, തനിക്കെതിരായ ആരോപണത്തിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഏതന്വേഷണം നേരിടാനും  തയ്യാറാണെന്നും പികെ ശശി പാലക്കാട്ട് മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പരാതിയെ കുറിച്ച് മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. പരാതിയുണ്ടെന്ന് പാര്‍ട്ടിയും പറഞ്ഞിട്ടില്ല. അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായും അറിയില്ല. ഒരുപാട് രാഷ്ട്രീയ പരീക്ഷണങ്ങള്‍ അതിജീവിച്ച തന്നെ ഇതുകൊണ്ടൊന്നും  തകര്‍ക്കാമെന്ന് കരുതേണ്ടെന്നും  ശശി പറയുന്നു.

Keywords: PK Shasi, CPM, MLA, Molesting Case, Sexual Abusevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപരാതി, സിപിഎം വെട്ടില്‍, പൊലീസിനു പരാതി കൈമാറിയില്ലെങ്കില്‍ നിയമക്കുരുക്കുമാവും