Search

മുഖ്യമന്ത്രിക്കു ജി. കാര്‍ത്തികേയന്റെ ഭാര്യയുടെ സ്‌നേഹോപദേശം, ഹൃദയസ്പര്‍ശിയായ കുറിപ്പ്

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന് ജി.കാര്‍ത്തികേയന്റെ ഭാര്യയുടെ സ്‌ഹോപദേശം. സുലേഖ ടീച്ചറുടെ ഹൃദയസ്പര്‍ശിയായ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. സ്പീക്കറായിരിക്കുമ്പോള്‍ മയോ ക്ലിനിക്കില്‍ ജി. കാര്‍ത്തികേയനെ ചികിത്സയ്ക്കായി കൊണ്ടുപോയ അനുഭവമാണ് സുലേഖ ടീച്ചര്‍ പങ്കുവയ്ക്കുന്നത്.

സുലേഖ ടീച്ചറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തു പോകുന്ന കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്, ചികിത്സയ്ക്കായി ജി കെ യോടൊപ്പം പോയ യാത്രയാണ്. 18-20 മണിക്കൂര്‍ യാത്രചെയ്തു, ചിക്കാഗോ വഴി മിനിസ്സോട്ടയില്‍ എത്തിയ ഞങ്ങള്‍ ദൈവം തന്ന ഈ കരളും കൊണ്ട്, പത്തുകൊല്ലം കൂടിയെങ്കിലും സുഖമായി ജീവിക്കാനാകും എന്ന വിശ്വാസത്തെ പിടിച്ചു കുലുക്കിക്കൊണ്ടു, രോഗത്തിന്റെ പീഡകള്‍ പിടിമുറുക്കിയപ്പോള്‍, ഉമ്മന്‍ ചാണ്ടി സാറും രമേശും മറ്റും നിര്‍ബന്ധിച്ചപ്പോള്‍ മയോ ക്ലിനിക്കിലേക്ക്.

അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍ മുഴുവന്‍, സീറ്റില്‍ ബെല്‍റ്റ് ധരിച്ചിരിക്കാനുള്ള അനൗണ്‍സ്‌മെന്റ്റുകള്‍ക്കിടയില്‍ പോലും, ഒരാള്‍ ടോയ്‌ലറ്റിനകത്തും, കാവലായി ഞാന്‍ പുറത്തും. വിമാനജോലിക്കാരു പോലും അവസ്ഥയറിഞ്ഞു സഹായിക്കുന്നു.

മയോ ക്ലിനിക്കിലെ ക്യാന്‍സര്‍ രോഗവിദഗ്ദ്ധന്‍, വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സയ്ക്ക് ഒന്നാമന്‍ എന്നംഗീകരിച്ച, ഡോ. പീറ്റര്‍ കാമത് രോഗാവസ്ഥയെക്കുറിച്ചു വിശദീകരിക്കുമ്പോള്‍, രക്ഷിക്കാനാവില്ല എന്ന് ഭംഗ്യന്തരേണ പറയുമ്പോള്‍, ഒരു ക്ഷോഭവും കാണിക്കാതെ, 'എനിക്ക് ഇനി എത്ര കാലം ജീവിക്കാനാകും 'എന്ന് ചോദിച്ച രോഗി. ആകാശത്തേക്ക് നോക്കി കൈമലര്‍ത്തിയ ഡോക്ടറോട് തിടുക്കത്തില്‍ യാത്രപറഞ്ഞിറങ്ങവേ, 'നീ പേടിക്കേണ്ട, ഇതിങ്ങനെ കുറേക്കാലം ഓടിക്കോളും 'എന്ന് എന്നെ സമാധാനിപ്പിക്കുമ്പോള്‍ ആ ആത്മവിശ്വാസത്തെ ഹൃദയത്തില്‍ എടുത്തു ഞാനും.

തിരുവനന്തപുരത്തെത്തി  'ഒന്നും വരില്ല' എന്നു പരസ്പരം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും തോറ്റിരിക്കവേ, ഓഫീസില്‍ വിവരാവകാശനിയമം വഴി എത്തിയ ചോദ്യങ്ങളുമായി ഓഫീസ് സ്റ്റാഫ്. ചോദ്യത്തില്‍ ഏതാനും എണ്ണം ഞാന്‍ പങ്കുവയ്ക്കുന്നു.

1 സ്പീക്കര്‍ ചികിത്സക്കുപോയപ്പോള്‍ ആരൊക്കെ കൂടെ പോയി?
2 എത്ര ദിവസം ചികിത്സ നടത്തി? ഏതൊക്കെ ആശുപത്രികളില്‍? 3 ഏതു ഡോക്ടറാണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്? 4 പോയപ്പോഴും തിരിച്ചു വന്നപ്പോഴും ഇവര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു? 5ഈ ചികിത്സക്ക് ഇവിടെ ആശുപത്രികളില്ലേ 6സ്പീക്കര്‍ക്കു വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന് അധികാരമുണ്ടോ?

മരുന്നായി, ഡോക്ടറുടെ കൈപ്പടയില്‍ എഴുതിയ ഒരു അനാസിന്‍ ഗുളികയുടെ പ്രിസ്‌ക്രിപ്ഷന്‍ പോലും കിട്ടാന്‍ ഭാഗ്യമില്ലാത്തവനോടാണ് ചോദ്യം. ചോദ്യ കര്‍ത്താവു തിരുവനന്തപുരം ജില്ലയിലെ മുഴുത്ത പരിസ്ഥിതിവാദി....

അനുഭവത്തിന്റെ ചൂടില്‍ ഞാന്‍ അങ്ങയെ ഓര്‍മിപ്പിക്കുന്നു.
യാത്രയെയും ചികിത്സയെയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന, സമൂഹത്തോട് പ്രതിബദ്ധതയുള്ള ദേശഭക്തര്‍ ഇവിടെ ഉണ്ട്.

മയോക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക. പിന്നീട് കണക്കു കൊടുക്കേണ്ടി വരും. ആരോഗ്യത്തോടെയും സന്തോഷത്തോടെയും അങ്ങ് തിരികെവരാന്‍ ഹൃദയപൂര്‍വം ആശംസിക്കുന്നു.


Highlight: Sulekha teachers post for chief minister Pinarayi Vijayanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മുഖ്യമന്ത്രിക്കു ജി. കാര്‍ത്തികേയന്റെ ഭാര്യയുടെ സ്‌നേഹോപദേശം, ഹൃദയസ്പര്‍ശിയായ കുറിപ്പ്