Search

ഇടുക്കിയില്‍ ജലനിരപ്പ് 2400 അടി പിന്നിട്ടു, റെഡ് അലര്‍ട്ട്, തുറന്ന ഷട്ടര്‍ അടയ്ക്കില്ല

പൈനാവ്: ഇടുക്കി ഡാമില്‍ ജലനിരപ്പ് പ്രതീക്ഷയ്ക്കുമപ്പുറമായി ഉയര്‍ന്ന് 2400 അടി എത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ട്രയല്‍ റണിനായി തുറന്ന ഷട്ടര്‍ അടയ്‌ക്കേണ്ടെന്നും തീരുമാനിച്ചു.

ഇപ്പോള്‍ അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രി മുഴുവന്‍ ജലം ഒഴുക്കുമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിലും അഞ്ചിരട്ടി വെള്ളമാണ് മൂലമറ്റത്ത് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞു മാത്രമേ ഡാം തുറക്കാവൂ എന്നാണ് നിയമം. അതുകൊണ്ടുതന്നെ പൂര്‍ണ തോതില്‍ ഡാം തുറക്കുന്നത് വൈകി മാത്രമായിരിക്കും.

26 വര്‍ഷത്തിന് ശേഷം ആദ്യമായി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് ഉയര്‍ത്തിയത്. ഉച്ചയ്ക്ക് 12.30 ന് അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്.

ട്രയല്‍ റണ്‍ എന്ന നിലയില്‍ നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവയ്ക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രയല്‍ റണിനായി ഉയര്‍ത്തിയ ഷട്ടര്‍ അടയ്‌ക്കേണ്ടെന്നു തീരുമാനിച്ചത്.

2399.04 അടിയായിരുന്നു ഇന്ന് ഉച്ചയ്ക്ക് 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ ജലനിരപ്പ്. വൈകുന്നേരം 4.30ന് ജലനിരപ്പ് 2399.58 അടിയായി ഉയര്‍ന്നു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു.





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇടുക്കിയില്‍ ജലനിരപ്പ് 2400 അടി പിന്നിട്ടു, റെഡ് അലര്‍ട്ട്, തുറന്ന ഷട്ടര്‍ അടയ്ക്കില്ല