Search

ദുരന്തബാധിതര്‍ക്ക് പലിശയില്ലാതെ ഒരു ലക്ഷം വായ്പ, നടക്കുന്നത് രാജ്യം കണ്ടിട്ടില്ലാത്ത പുനരധിവാസ പ്രവര്‍ത്തനം, സമഗ്ര പദ്ധതികള്‍ വിവരിച്ചു മുഖ്യമന്ത്രിതിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് നാശമായ വീട്ടുസാധനങ്ങള്‍ മാറ്റി വാങ്ങാന്‍ ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടക്കുന്നതായും സര്‍ക്കാരും ബാങ്കുകളുമായി സഹകരിച്ചാകും വായ്പ ലഭ്യമാക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ടവ പുനര്‍നിര്‍മ്മിക്കുന്നതിനുമാണ് ഇപ്പോള്‍ ശ്രദ്ധ. തര്‍ക്കങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനേ സഹായിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട ദുരന്തമാണിത്. ജനങ്ങള്‍ അങ്ങനെ ഉയര്‍ന്നുവരുമ്പോള്‍ ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ ചര്‍ച്ചകള്‍ നടത്തി നല്ല നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

തര്‍ക്കങ്ങളുടെ കാലമല്ല ഇത്. യോജിപ്പിന്റെയും കൂട്ടായ്മയുടെയും സമയമാണ്. അങ്ങനെ നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഘട്ടമാണ്. വിവാദങ്ങളില്‍ അഭിരമിക്കാനല്ല, ജനങ്ങളുടെ പ്രശ്‌നപരിഹാരങ്ങളിലാണ് സര്‍ക്കാരിന് താത്പര്യമെന്നും പിണറായി പറഞ്ഞു.

മഹാദുരന്തത്തെ മറികടക്കുന്നതിനുള്ള പ്രഥമ പരിഗണന രക്ഷാപ്രവര്‍ത്തനത്തിനായിരുന്നു. ഇന്നും ഒരാളെയും രക്ഷപ്പെടുത്തേണ്ട സാഹചര്യം ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം വിജയിച്ചതിനു തെളിവാണ്.

ക്യാമ്പുകളുടെ ശരിയായ രീതിയുള്ള നടത്തിപ്പും ക്യാമ്പിലുള്ളവരെ വീടുകളിലെത്തിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കുകയുമാണ് അടുത്ത ഘട്ടത്തിലെ പ്രധാന ജോലി. പ്ലാനിങ്ങോടെയാണ് ക്യാമ്പുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയത്. സര്‍വ്വകക്ഷി യോഗത്തില്‍ ഈ വിഷയം അവതരിപ്പിക്കുകയും ചില നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുകയുണ്ടായി. അതുകൂടി പരിഗണിച്ചാണ് ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ പ്രധാന ആശങ്ക വീടുകളില്‍ മടങ്ങിച്ചെല്ലുമ്പോള്‍ താമസസംവിധാനം രൂപപ്പെടുത്തുന്നതിലായിരുന്നു. വീടുകള്‍ തകര്‍ന്നുപോയവര്‍ക്ക് വലിയ ആശങ്കയാണ്. അത് സ്വാഭാവികമാണുതാനും.  വാസസ്ഥലം നഷ്ടപ്പെടുക എന്നത് സാമ്പത്തിക പ്രശ്‌നം മാത്രമല്ല, വൈകാരിക പ്രശ്‌നവുമാണ്.

മടങ്ങുന്നവര്‍ക്ക് വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് മുന്‍ഗണന. പൊലീസും ഫയര്‍ഫോഴ്‌സും കുടുംബശ്രീ പ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ചേര്‍ന്ന് ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുന്നുണ്ട്. ആ പ്രവര്‍ത്തനം നല്ല നിലയില്‍ പുരോഗമിക്കുന്നു.

പഴയ തരത്തിലുള്ള ജീവിതം ആരംഭിക്കണമെങ്കില്‍ വീടുകളിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ ഉപയോഗിക്കാനാവണം. പലതും ഉപയോഗശൂന്യമായിട്ടുണ്ടാവും. റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന സ്ഥിതി പല വസ്തുക്കളുടെ കാര്യത്തിലും ഉണ്ടാകണമെന്നില്ല. ഈ പ്രതിസന്ധിയെ  മറികടക്കാനായി കര്‍മ്മപദ്ധതി ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്കുകളുമായി സഹകരിച്ച് ഇവര്‍ക്ക് വീടുകള്‍ സജ്ജമാക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കും. ഒരു ലക്ഷം രൂപ വരെ ഇതിനു ലഭ്യമാക്കാനുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. കുടുംബനാഥയ്ക്ക് പലിശരഹിത വായ്പയായി ഈ തുക ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഉദ്ദേശിക്കുന്നത്.


ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് സ്‌കൂളുകളിലും കോളേജുകളിലുമാണ്. ഓണ അവധി കഴിഞ്ഞ് ഇവ തുറന്നുപ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, വീട് നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ചുപോകാനുമാവില്ല. വീട് സജ്ജമാകുന്നതുവരെ കല്ല്യാണമണ്ഡപങ്ങളും മറ്റും ഉപയോഗപ്പെടുത്തിക്കൊണ്ട് ഈ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കണം. അതോടൊപ്പം, അവര്‍ക്ക് വീട് ഉറപ്പുവരുത്തുന്നതിനുള്ള പരിപാടികളും സമാന്തരമായി നടത്തും.

പ്രകൃതിക്ഷോഭത്തില്‍ സ്ഥിരമായി വിധേയമാകുന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, കടല്‍ക്ഷോഭമുണ്ടാകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ആള്‍ക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കാനും ആലോചനയുണ്ട്. ഇങ്ങനെ പുനരധിവസിപ്പിക്കേണ്ടിവരുമ്പോള്‍ ആവശ്യമായ ഭൂമി ലഭിക്കണമെന്നില്ല. ഇത് പരിഹരിക്കുന്നതിന് ഫ്‌ളാറ്റ് പോലുള്ള സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടിവന്നേക്കാം. വിശദമായ പൊതു ചര്‍ച്ചകള്‍ക്കുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ജനങ്ങള്‍ വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു

ഇന്നലെ 3314 ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ഇന്നത് 2774 കുറഞ്ഞിരിക്കുന്നു. 3,27,280 കുടുംബങ്ങളായിരുന്നു ഇന്നലെ ക്യാമ്പിലുണ്ടായിരുന്നത്. ഇന്നത് 2,78,781 ആയി കുറഞ്ഞിട്ടുണ്ട്. ഇന്നലെ ക്യാമ്പില്‍ മൊത്തമുണ്ടായിരുന്നത് 12,10,453 പേരായിരുന്നു. ഇന്ന് അത് 10,40,688 ആയി ചുരുങ്ങി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നു എന്നത് സന്തോഷകരമാണ്.

പ്രവര്‍ത്തനം നിലച്ച 50 വൈദ്യുതി സബ്‌സ്റ്റേഷനുകളില്‍ 41 എണ്ണം പുനഃസ്ഥാപിച്ചുകഴിഞ്ഞു. 16,158 ട്രാന്‍സ്‌ഫോര്‍മറുകളാണ് നിലച്ചത്. അതില്‍, 13,477 എണ്ണം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. 25.60 ലക്ഷം സര്‍വ്വീസ് കണക്ഷനുകളാണ് തകരാറിലായത്. അതില്‍ 21.61 ലക്ഷം കണക്ഷനുകളും  പുനഃസ്ഥാപിച്ചു.

60,593 വീടുകള്‍ വൃത്തിയാക്കി. 37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ദൂരത്തിലെ ഓടകളും വൃത്തിയാക്കി. കന്നുകാലികളുടെയും മൃഗങ്ങളുടെയും ജഡങ്ങളുടെ സംസ്‌കരണമാണ് പ്രധാന വെല്ലുവിളി. സേനകളുടെ അടക്കം സഹായം ഉപയോഗിച്ച് അതു ചെയ്തുവരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗവും വീടുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചു.

Keywords: Kerala Floods, Floods, Pinarayi Vijayan, Kerala Government,  Nelliyampathy, News papers, Print, Edition, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue, KSEB
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദുരന്തബാധിതര്‍ക്ക് പലിശയില്ലാതെ ഒരു ലക്ഷം വായ്പ, നടക്കുന്നത് രാജ്യം കണ്ടിട്ടില്ലാത്ത പുനരധിവാസ പ്രവര്‍ത്തനം, സമഗ്ര പദ്ധതികള്‍ വിവരിച്ചു മുഖ്യമന്ത്രി