Search

തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്ത കാലം ചെയ്തു, എറണാകുളത്തു വച്ചു ട്രെയിനില്‍ നിന്നു വീണായിരുന്നു അന്ത്യം, അടക്കം നാളെ


കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്ത (81) എറണാകുളം പുല്ലേപ്പടിക്കടുത്തുവച്ചു ട്രെയിനില്‍നിന്നു വീണുമരിച്ചു.

ബറോഡയില്‍നിന്നു മടങ്ങിവരികയായിരുന്നു അദ്ദേഹം. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ട്രാക്കുകള്‍ക്കിടയില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്.

എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനായി വന്നു നില്‍ക്കവേ വാതില്‍ അടഞ്ഞു തെറിച്ചു പുറത്തേയ്ക്കു വീണതാകാമെന്നാണ് പൊലീസ് കരുതുന്നത്. അപകടം പിണഞ്ഞതായി സംശയിക്കുന്നുവെന്ന്
സഹായി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭൗതിക ശരീരം വിലാപയാത്രയായി ഇന്നു വൈകുന്നേരം ബഥേല്‍ അരമനയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച നഗരി കാണിക്കലിനു ശേഷം വൈകുന്നേരത്തോടെ അന്ത്യാഭിലാഷ പ്രകാരമുള്ള ഓതറ ദയറയില്‍ അടക്കും.

ചെങ്ങന്നൂരില്‍ പുത്തന്‍കാവിലെ കിഴക്കേ തലയ്ക്കല്‍ കുടുംബത്തില്‍ പരേതരായ കെ.റ്റി. തോമസിന്റെയും ഏലിയാമ്മയുടേയും മകനായി 1938 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ പിതൃസഹോദരനാണ്.

പുത്തന്‍കാവിലും ആലപ്പുഴയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . പുത്തന്‍കാവ് മെത്രോപ്പോലിറ്റണ്‍ ഹൈസ്‌കൂളിലും കോട്ടയം എം.റ്റി. സെമിനാരി സ്‌കൂളിലുമായിരുന്നു തുടര്‍ന്നു പഠിച്ചത്. പിന്നീട് സിഎംഎസ് കോളജിലും ചങ്ങനാശേരി എസ്.ബി. കോളജിലുമായിരുന്നു പഠനം. ചങ്ങനാശേരി എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍ നിന്നു ബിഎഡ് ബിരുദവും നേടി.

ബി.ഡി എടുത്തത് സെറാംപൂര്‍ കോളജില്‍ നിന്നാണ്. ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎഡും എടുത്തു. ഉത്തരേന്ത്യയിലെ വിവിധ ഇടവകകളില്‍ വൈദികനായി സേവനം അനുഷ്ഠിച്ചു.

1982 ഡിസംബര്‍ 28ന് മേല്‍പ്പട്ട സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. 1983 മേയ് 14ന് റമ്പാന്‍ സ്ഥാനവും ലഭിച്ചു. മാര്‍ അത്താനാസിയോസ് എന്ന നാമത്തില്‍ 1985 മേയ് 15ന് മേല്‍പ്പട്ട സ്ഥാനം ലഭിച്ചു.

1985 ഓഗസ്റ്റ് 10 മുതല്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി തുടരുകയായിരുന്നു. കടുത്ത പ്രമേഹവും പ്രായാധിക്യവും നിമിത്തം സഹായ മെത്രാപോലീത്തയായി ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന് ചുമതല നല്‍കിയിരുന്നു.

Keywords: Metropolitan, Chengannur diocese, Malankara Syrian Orthodox Church, Thomas Mar Athanasios, Ernakulam, Baroda, Ernakulam Junction, Railway station , Pullepady, Alappuzha district, Chief Minister Pinarayi Vijayan  vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്ത കാലം ചെയ്തു, എറണാകുളത്തു വച്ചു ട്രെയിനില്‍ നിന്നു വീണായിരുന്നു അന്ത്യം, അടക്കം നാളെ