ജയ്സാല്‍മര്‍: കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ മലയാളിയായ ബൈക്ക് റേസര്‍ യുവാവ് രാജസ്ഥാനില്‍ യാത്രയ്ക്കിടെ വെള്ളം കിട്ടാതെ ദാഹിച്ച...
ജയ്സാല്‍മര്‍: കേരളം പ്രളയത്തില്‍ മുങ്ങിത്താഴുമ്പോള്‍ മലയാളിയായ ബൈക്ക് റേസര്‍ യുവാവ് രാജസ്ഥാനില്‍ യാത്രയ്ക്കിടെ വെള്ളം കിട്ടാതെ ദാഹിച്ചു മരിച്ചു.
കണ്ണൂര്‍ സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ അസ്ബര്‍ മോന് (34) ആണ് ദാരുണമായി മരിച്ചത്.
ഇന്ത്യാ ബജാ ബൈക്ക് റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അസ്ബക്. യാത്രയില്‍ ഔദ്യോഗികമായി പങ്കു ചേരുന്നതിനു മുന്‍പ് സ്ഥലങ്ങളില്‍ ചുറ്റിയടിക്കാനായി ഒറ്റയ്ക്കു പുറപ്പെട്ടതായിരുന്നു.
അസ്ബക് വൈകിയും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് സംഘാടകര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മൃതദേഹം ജയ്സാല്മറില് നിന്നു 200 കിലോമീറ്റര്‍ അകലെ ഷാഗഢ് ബല്ജില് കണ്ടെത്തുകയായിരുന്നു.
ബൈക്കിനടത്തു മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലാണ് ശരീരത്തിലെ ജലാംശം വാര്‍ന്നാണ് മരിച്ചതെന്നു കണ്ടെത്തിയത്. അസ്ബകിന്റെ ബാഗിലുണ്ടായിരുന്ന വാട്ടര്‍ ബോട്ടില്‍ ശൂന്യമായിരുന്നു.
നിര്‍ജ്ജലീകരണമാണ് മരണകാരണമെന്നു പൊലീസ് സൂപ്രണ്ട് ജഗദീഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു. മൃതദേഹം അസ്ബകിന്റെ ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് ഏറ്റുവാങ്ങി.
ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
COMMENTS