Search

മഹാപ്രളയത്തില്‍ മരണം 114, ദുരന്തം നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നാളെയെത്തും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ കേരളത്തില്‍ മരണം 114 ആയി. ഞായറാഴ്ചവരെ മഴ ശമനമില്ലാതെ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിനിടെ, പ്രളയം നേരിട്ടു കണ്ടു വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ കേരളത്തിലെത്തും.

നാളെ വൈകിട്ടോടെ കൊച്ചിയിലെത്തുന്ന മോഡി, മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരള ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ ഡല്‍ഹിയില്‍ കേരളത്തിലെ സ്ഥിതി ചര്‍ച്ചചെയ്യാനായി ഉന്നത തല യോഗം വിളിച്ചിരുന്നു. കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ് പരമാവധി സഹായം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൈനികരെയും ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി.

ദുരിതബാധിതര്‍ക്ക് ഭക്ഷണപ്പൊതികളും കുടിവെള്ളവും എത്തിക്കാനും കേന്ദ്രം നീക്കമാരംഭിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ഇപ്പോഴത്തെ കനത്ത മഴയ്ക്കു കാരണം. ഒഡീഷ തീരത്തു ശക്തിപ്രാപിച്ച ന്യൂനമര്‍ദം കേരളത്തിലേക്കുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം കൂട്ടി.

അടുത്ത 48 മണിക്കൂറില്‍  തീരദേശ മേഖലയില്‍ കനത്ത കാറ്റിനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്. അതിനാല്‍ കേരളത്തിലെ മഴയുടെ ശക്തി വരും ദിവസങ്ങളില്‍ കുറയുമെന്നു കരുതുന്നു.

ഇന്നു രാത്രി എട്ടു മണിവരെ കേരളത്തില്‍ പ്രളയത്തിലും അനുബന്ധ നാശങ്ങളിലും മരിച്ചവരുടെ സംഖ്യ 114 ആയി.  ഒരു ലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. സായുധസേനയുടെ മൂന്നു വിഭാഗങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിനായി  വിന്യസിച്ചിരിക്കുകയാണ്.


കനത്ത മഴയും കവിഞ്ഞൊഴുകുന്ന നദികളും മണ്ണിടിച്ചിലുമെല്ലാം ചേര്‍ന്നാണ് ദുരന്തം രൂക്ഷമാക്കിയിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 26 വരെ അടച്ചിട്ടതു തന്നെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. സതേണ്‍ റെയില്‍വേയും സര്‍വീസുകള്‍ നിറുത്തി. കൊച്ചി മെട്രോയും സര്‍വീസ് നിറുത്തിയിരിക്കുകയാണ്.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശമാണുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ പത്ത് ഹെലികോപ്റ്ററുകള്‍ കൂടി രക്ഷാദൗത്യത്തിനായി വിട്ടുകിട്ടിയിരുന്നു.  നാഷണല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ ഡി ആര്‍ എഫ്), മറൈന്‍ കമാന്‍ഡോകള്‍ എന്നിവരെല്ലാം രക്ഷയ്ക്കുണ്ട്.

കര, വ്യോമസേന, നാവിക സേനകളും കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ് എന്നിവയും ഉള്‍പ്പെടെ 52 വിവിധ ടീമുകള്‍ രക്ഷയ്ക്കായി രംഗത്തുണ്ട്.

പത്തനംതിട്ട ജില്ലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ മഴ പെയ്തത്. റാന്നി, ആറന്മുള, കോഴഞ്ചേരി എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് ക്യാമ്പുകളിലേക്കും മറ്റും ഒഴിപ്പിക്കപ്പെട്ടത്.

പത്തനംതിട്ടയില്‍ നിന്ന് അമ്പതോളം പേരെ ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുവന്നു. കൊല്ലത്തുനിന്ന് മത്സ്യബന്ധന ബോട്ടുകള്‍ കൊച്ചിയിലെ ദുരിതമേഖലകളില്‍ കൊണ്ടുവന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് ആളുകള്‍ക്ക് സഹായം ആവശ്യമാണെന്നും ബോട്ടുകള്‍ കിട്ടാനില്ലാത്തത് വലിയ പ്രശ്‌നമാണെന്നും എറണാകുളം റൂറല്‍ സൂപ്രണ്ട് പോലീസ് രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.

രക്ഷാദൗത്യത്തിനായി ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി മത്സ്യത്തൊഴിലാളികളും പത്തനംതിട്ട, ചെങ്ങന്നൂര്‍ ഭാഗങ്ങളിലും എത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പത്തനംതിട്ടയില്‍ വീടുകളുടെ മേല്‍ക്കൂരയിലും മറ്റുമായി  നൂറുകണക്കിന് പേര്‍ കയറി നില്‍ക്കുകയാണ്. ഇവരെ ഒഴിപ്പിക്കാനായിട്ടില്ല. പലരും തുടര്‍ച്ചയായുള്ള മഴ നനഞ്ഞ് അവശരായിട്ടുമുണ്ട്.

എറണാകുളം- തൃശൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ രാത്രി മുതല്‍ വാഹനഗതാഗതത്തിനു  നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ദക്ഷിണ നാവിക കമാന്റ് എല്ലാ പരിശീലനപ്രവര്‍ത്തനങ്ങളും സസ്‌പെന്‍ഡ് ചെയ്യുകയും രക്ഷാദൗത്യത്തിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതായി നാവിക വക്താവ് അറിയിച്ചു.

1924 നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് സംസ്ഥാനം നേരിടുന്നത്. 8000 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

Keywords: Kerala, Flood, Water, Idukki Dam, Narendra Modi, Pinarayi Vijayanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മഹാപ്രളയത്തില്‍ മരണം 114, ദുരന്തം നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നാളെയെത്തും