Search

പ്രളയം രൂക്ഷമാവുന്നു, ദേശീയ പാതയും എംസി റോഡും സ്തംഭിച്ചു, പലേടത്തും ജനം കുടുങ്ങിക്കിടക്കുന്നു, രക്ഷയ്ക്കു സേനകളും

കൊച്ചി: ദേശീയ പാതയിലും എംസി റോഡിലും പലേടത്തും നദികള്‍ കരകവിഞ്ഞൊഴുകുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തതോടെ ഗതാഗതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. പ്രളയത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെടുന്ന അവസ്ഥയാണ്.

പെരിയാറിലും ചാലക്കുടി പുഴയിലും  ജലനിരപ്പ് ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതോടെ, ചാലക്കുടി പുഴയുടെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ളവരും ആലുവയില്‍ ഇപ്പോള്‍ വെള്ളമെത്തിയതിന്റെ അരകിലോമീറ്റര്‍ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. പെരിങ്ങല്‍ക്കൂത്ത് ഡാമില്‍നിന്നുള്ള അധികജലം ചാലക്കുടിയില്‍ എത്തിയതാണ് വീണ്ടും ജലനിരപ്പുയര്‍ത്തിയത്.

പെരുമ്പാവൂര്‍, കാലടി, പറവൂര്‍ മേഖലകളിലും വെള്ളമുയരുമെന്നു മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ ആളുകള്‍ മാറാന്‍ തയ്യാറകണമെന്നും ഇപ്പോള്‍ വെള്ളമില്ലെന്ന് കരുതി മാറാതിരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.

* ആലുവയില്‍ ദേശീയപാതയില്‍ വെള്ളംകയറി ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
* ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
* ആലുവയില്‍ ആയിരത്തോളം കുടുംബങ്ങള്‍ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നു.
* സേനാ വിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.  ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി.
* ആലുവ നഗരത്തില്‍ എന്‍ ഡിആര്‍ എഫ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. 3 ബോട്ടുകളിലായി 25 പേരുടെ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
* പത്തട്ടിപ്പാലത്ത് കോസ്റ്റ് ഗാര്‍ഡിന്റെ 12 യൂണിറ്റുകള്‍ സജ്ജം.
* ആലുവ തോട്ടക്കാട്ടുകരയില്‍ വീട്ടില്‍ കുടുങ്ങിയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയര്‍ ഫോഴ്‌സ് സംഘം പുറത്തെത്തിച്ചു. അമ്മയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിലേക്ക് മാറ്റി.
* യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മെട്രോസര്‍വീസ് നിര്‍ത്തിവച്ചു.
* പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി.
* ആലുവ ബൈപ്പാസ് മുതല്‍ അദ്വൈതാശ്രമം വരെ ആറടി ഉയരത്തിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്.
* ആലുവയിലെ കടുങ്ങല്ലൂര്‍, കീഴ്മാട്, ചൂണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര, പുത്തന്‍വേലിക്കര എന്നീ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.
* കാഞ്ഞൂര്‍, മാഞ്ഞാലി, ചേന്ദമംഗലം, അത്താണി എന്നിവിടങ്ങളില്‍ വെള്ളമുയര്‍ന്നു.
* നെടുമ്പാശേരി അത്താണി മേഖലയില്‍ നേവിയുടെ അഞ്ചംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.
* കലൂര്‍ സബ് സ്റ്റേഷനില്‍വെള്ളം കയറിയതിനാല്‍ സബ് സ്റ്റേഷന്‍ മൊത്തം നിശ്ചലമാവുകയും എളമക്കര, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, പൊറ്റകുഴി എസ്ആര്‍എം  റോഡ്, കത്തൃക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലക്കുകയും ചെയ്തു.
* കളമശ്ശേരി സബ് സ്റ്റേഷന്‍ ഓഫ് ചെയ്യും എന്ന വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍ അറിയിച്ചു.
* പറവൂര്‍ ആലങ്ങാട് സബ് സ്റ്റേഷനും വെള്ളത്തിലാണ്
*  മുളവുകാട്, ഞാറയ്ക്കല്‍ സബ് സ്റ്റേഷനുകള്‍ ഉച്ചയ്ക്ക് ശേഷം ചാര്‍ജ് ചെയ്യും.
* എറണാകുളം നോര്‍ത്ത് സബ് സ്‌റ്റേഷനും വെള്ളം കയറിയതിനാല്‍ പൂട്ടി.
* ആലുവ ചാലാക്ക ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ കോളേജിലെ 400 കുട്ടികള്‍ ഒറ്റപ്പെട്ടു.
* നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം, കൂട്ടുകാല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് രണ്ട് നില കെട്ടിടത്തില്‍, ഒരു കുടുംബത്തിലെ ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നു.
* കാലടി ആലുവ, ചേന്ദമംഗലം ,  കടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ചിലര്‍ വീടുകളുടെ രണ്ടാംനിലയില്‍ കുടുങ്ങി കിടക്കുന്നു.
* പറവൂരില്‍ കോസ്റ്റ് ഗാര്‍ഡും നേവിയും ആര്‍മിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
* കുന്നത്തുനാട് താലൂക്കില്‍ നേവിയുടെ രണ്ട് സംഘങ്ങള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നു.
* പിഴല പഞ്ചായത്തില്‍ നേവിയുടെ ഒരു ടീം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പ്രളയം രൂക്ഷമാവുന്നു, ദേശീയ പാതയും എംസി റോഡും സ്തംഭിച്ചു, പലേടത്തും ജനം കുടുങ്ങിക്കിടക്കുന്നു, രക്ഷയ്ക്കു സേനകളും