Search

പ്രളയം കഴിഞ്ഞു വീട്ടിലെത്തുന്നവര്‍ അറിയാന്‍


അഴുകിയ ജീവികളുടെ ശരീരഭാഗങ്ങളില്‍ നിന്നു രോഗകാരികളായ അണുക്കള്‍ പുറത്തേയ്ക്കു വരും. അതു പകര്‍ച്ചവ്യാധികള്‍ക്കു കാരണമായേക്കും. അതുകൊണ്ടുതന്നെ തികഞ്ഞ അവധാനതയോടെ മാത്രമേ ഇനി വീടുകളിലേക്ക് മടങ്ങാനാവൂ.

സ്വന്തം ലേഖകന്‍

കൊച്ചി: ഗ്രസിച്ച പ്രളയത്തിന്റെ തീവ്രത കുറഞ്ഞുതുടങ്ങിയതോടെ, പുതിയ വെല്ലുവിളിയാണ് ജനങ്ങളെ കാത്തിരിക്കുന്നത്. നൂറുകണക്കിനു ജീവികളാണ് പ്രളയജലമൊഴിഞ്ഞ ഇടങ്ങളില്‍ ചത്തുപൊന്താന്‍ തുടങ്ങുന്നത്. ചിലേടത്ത് മനുഷ്യമൃതദേഹങ്ങളും കാണപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

അഴുകിയ ജീവികളുടെ ശരീരഭാഗങ്ങളില്‍ നിന്നു രോഗകാരികളായ അണുക്കള്‍ പുറത്തേയ്ക്കു വരും. അതു പകര്‍ച്ചവ്യാധികള്‍ക്കു കാരണമായേക്കും. അതുകൊണ്ടുതന്നെ തികഞ്ഞ അവധാനതയോടെ മാത്രമേ ഇനി വീടുകളിലേക്ക് മടങ്ങാനാവൂ.

വീട്ടിലേക്കു മടങ്ങുന്നവര്‍ വളരെയേറെ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്പിച്ച് മുതിര്‍ന്നവര്‍ മാത്രം ആദ്യം വീട്ടിലേക്കു പോവുക. വീട്ടിലും പരിസരത്തും അഴുകിയ മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ഭയാനകമായ കാഴ്ചകള്‍ പലതും കണ്ടേക്കാം. ഇതിലേക്കൊക്കെ മനസ്സിനെ ഒരുക്കിയിട്ടു വേണം പോകാന്‍. ഇത്തരം കാഴ്ചകള്‍ കുട്ടികള്‍ കാണാനിടയായാല്‍ അവര്‍ക്കു കടുത്ത മാനസികാഘാതമുണ്ടായേക്കും.രാത്രിയില്‍ വീട്ടിലേക്കു പോവുകയേ അരുത്. ആദ്യം വീടും പരിസരവും നടന്നു നോക്കി സുരക്ഷ ഉറപ്പാക്കുക. വീട്ടിനു ബലക്ഷയമുണ്ടോ എന്നായിരിക്കണം ആദ്യം പരിശോധിക്കേണ്ടത്. ഒറ്റയ്ക്കു പോവുകയേ അരുത്. രണ്ടോ മൂന്നോ പേരെങ്കിലുമായിരിക്കണം ആദ്യം പോകേണ്ടത്.

ഇഴജന്തുക്കള്‍ ഒഴുക്കുവെള്ളത്തിലൂടെ വന്നു വീട്ടിലെ വസ്ത്രക്കൂമ്പാരങ്ങളിലോ മറ്റു സുരക്ഷിത സ്ഥാനങ്ങളിലോ കയറിയിരിക്കാന്‍ സാധ്യതയുണ്ട്. അതായിക്കണം ആദ്യ ശ്രദ്ധയിലൊന്ന്.

പാചക വാതകം ലീക്കായിരിക്കാന്‍ സാദ്ധ്യതയുണ്ട്. അതു പരിശോധിക്കണം. വൈദ്യുതി വന്നിട്ടുണ്ടെങ്കില്‍ ലീക്കേജുണ്ടോ എന്നു ശ്രദ്ധിക്കണം.

വഴിയിലും മുറ്റത്തും വീട്ടിലുമെല്ലാം കനത്തില്‍ ചെളി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതു നീക്കാനുള്ള സംവിധാനങ്ങളും തയ്യാറെടുപ്പുകളും വേണ്ടതുണ്ട്.

അടഞ്ഞുകിടക്കുന്ന കതകുകള്‍ തള്ളിത്തുറക്കേണ്ടിവന്നാല്‍ ഏറെ ശ്രദ്ധവേണം. കുതിര്‍ന്നിരിക്കുന്ന ചുമരുകള്‍ തള്ളിത്തുറക്കുന്ന വേളയില്‍ ഒന്നാകെ ഇടിഞ്ഞു വീഴാന്‍ സാദ്ധ്യതയുണ്ടെന്ന് ഓര്‍ക്കുക.

മാസ്‌ക് ഉപയോഗിച്ചു മുഖം മറച്ചു വേണം വീട്ടില്‍ പ്രതീക്ഷിക്കാന്‍. കൈയുറയും ഷൂവും ധരിക്കുക. വീടിനകത്ത് കയറുന്നതിന് മുന്‍പ് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക.

മനുഷ്യരുടെ മൃതദേഹം കണ്ടാല്‍ പൊലീസിനെ അറിയിക്കുക. മൃതദേഹത്തില്‍ തൊടരുത്.

ബഌച്ചിംഗ് പൗഡര്‍, നീറ്റുകക്ക എന്നിവ ഉപയോഗിച്ചു വീടും പരിസരവും അണുവിമുക്തി വരുത്തുക. കിണറ്റിലെ വെള്ളവും ക്‌ളോറിനുപയോഗിച്ചു സുരക്ഷിതമാക്കിയിട്ട് ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.

Keywords: Kerala Floods, Floods, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പ്രളയം കഴിഞ്ഞു വീട്ടിലെത്തുന്നവര്‍ അറിയാന്‍