Search

പിണറായി കൂട്ടക്കൊലയ്ക്ക് ആന്റി ക്‌ളൈമാക്‌സ്, അവനെ കൊല്ലുമെന്നു സൗമ്യയുടെ ഡയറിക്കുറിപ്പ്, അവസാനിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ബന്ധിതമായി പൊലീസ്


കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി വണ്ണത്താന്‍ വീട്ടില്‍ സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ചതോടെ, അവസാനിച്ചെന്നു കരുതിയ അന്വേഷണം പുനരുജ്ജീവിപ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവുന്നു.

സൗമ്യയുടെ ഡയറിയിലെ കുറിപ്പുകള്‍ പുറത്തുവന്നതോടെയാണ് പൊലീസ് കേസ് വീണ്ടും സജീവമാക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. സൗമ്യയുടെ കുറിപ്പില്‍ പറയുന്ന അവന്‍ ആണ് പൊലീസിനു തലവേദനയായിരിക്കുന്നത്.

മൂത്ത മകള്‍ കിങ്ങിണിക്കെഴുതിയ കത്തു രൂപത്തിലുള്ള ഡയറിക്കുറിപ്പിലാണ് സൗമ്യ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്കു കേസില്‍ പങ്കുണ്ടെന്നും സൂചിപ്പിക്കുന്നത്. സൗമ്യയുടെ മൂത്ത മകള്‍ ആറു വര്‍ഷം മുമ്പ് മരിച്ചിരുന്നു. എന്നാല്‍, മകളുടേത് സ്വാഭാവികമരണമമാണെന്നാണ് ചോദ്യം ചെയ്യലില്‍ സൗമ്യ പൊലീസിനോട് പറഞ്ഞിരുന്നു. ആ മകള്‍ക്കാണ് ഡയറിയിലെ കുറിപ്പ്.

കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ 'അവനെ' കൊല്ലും. ഉറപ്പ്. എന്നിട്ട് ശരിക്കും കൊലയാളിയായി ജയിലിലേക്കു തിരിച്ചുവരും. കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ലെന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.' എന്നാണ് സൗമ്യ കുറിപ്പില്‍ എഴുതിയിട്ടുള്ളത്.

ജയിലില്‍ വന്നുകണ്ട ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രതിനിധിയോടും സൗമ്യ ഇക്കാര്യം പറഞ്ഞിരുന്നു. മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഇതു തുറന്നു പറയാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഇതിനിടയില്‍ സൗമ്യ ജയിലിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതും ഇപ്പോള്‍ സംശയത്തിനു കാരണമായിട്ടുണ്ട്.

സൗമ്യ ഒറ്റയ്ക്കു മൂന്നു കൊലപാതകങ്ങള്‍ നടത്തില്ലെന്നും മറ്റാര്‍ക്കോ പങ്കുണ്ടെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു. സൗമ്യയുമായി അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകനിലേക്കാണ് സംശയമുന നീളുന്നത്. ഇയാള്‍ക്ക് കൂട്ടക്കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് നാട്ടുകാര്‍ അടക്കം പറയുന്നത്. ഇയാള്‍ സ്വാധീനിച്ചാണ് കേസന്വേഷണം അട്ടിമറിച്ചതെന്നാണ് നാട്ടുകാരും സംശയിക്കുന്നത്.

കേസന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ നേരത്തേ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതികളൊന്നും ആരും ചെവിക്കൊണ്ടില്ല.

കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി അച്ഛനേയും അമ്മയേയും മകളെയും എലിവിഷം കൊടുത്തു സൗമ്യ കൊന്നുവെന്നാണ് കേസ്. വനിതാ സബ് ജയിലിലിലെ മരക്കൊമ്പിലാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മകളേയും മാതാപിതാക്കളേയും കൊന്ന ശേഷം സൗമ്യം വിഷം കഴിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാനല്ല, മറിച്ച് കൊലപാതകങ്ങളില്‍ തന്നില്‍ സംശയമുണ്ടാവാതിരിക്കാനാണ് സൗമ്യ വിഷം കഴിച്ചതെന്നാണ് അന്ന് പൊലീസ് നിഗമനത്തിലെത്തിയത്.
സൗമ്യയുടെ അയല്‍ക്കാരുള്‍പ്പടെ സംശയം പ്രകടിപ്പിച്ചതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.

ഒന്നിലധികം കാമുകന്മാരുണ്ടായിരുന്ന സൗമ്യ, വഴിവിട്ട ജീവിതത്തിന് വീട്ടുകാര്‍ തടസ്സമാണെന്നു കണ്ട് അവരെ കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആദ്യം മകള്‍ക്കാണ് വിഷം കൊടുത്തത്. ദിവസങ്ങള്‍ക്കുശേഷം അച്ഛനമ്മമാരെയും ഇതേ തരത്തില്‍ കൊലപ്പെടുത്തുകയായിരുന്നു.

സൗമ്യ മാത്രമാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാമുകന്മാരെയെല്ലാം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

ഇതിനു മുന്‍പും ആത്മഹത്യാ പ്രവണത കാണിച്ച സൗമ്യ മരിക്കാനിടയായത് ജയില്‍ അധികൃതരുടെ വീഴ്ചയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.


Keywords: Soumya, Pinarayi native, daughters, parents, poisoning, remanded, custody, Thalassery judicial first class magistrate court,   Kunhikkannan,   Kamala,  Aishwarya, Keerthana,  Padannakkara , ASP Chaithra Theresa John , K E Premachandran,  Kannur DySP P P Sadanandan, CI Premarajan, Crime Branch, DySP Raghuraman 

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പിണറായി കൂട്ടക്കൊലയ്ക്ക് ആന്റി ക്‌ളൈമാക്‌സ്, അവനെ കൊല്ലുമെന്നു സൗമ്യയുടെ ഡയറിക്കുറിപ്പ്, അവസാനിച്ച അന്വേഷണം പുനരുജ്ജീവിപ്പിക്കാന്‍ നിര്‍ബന്ധിതമായി പൊലീസ്