Search

ക്യാമ്പുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് അക്കൗണ്ടില്‍ പതിനായിരം രൂപ വീതം നല്കുമെന്നു മുഖ്യമന്ത്രി


തിരുവനന്തപുരം : ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു വീട്ടിലേക്കു മാറുന്ന എല്ലാവര്‍ക്കും പതിനായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

വെള്ളത്തില്‍ മുങ്ങിയിരുന്ന 31 ശതമാനം വീടുകളും വാസയോഗ്യമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ നിന്നു ജനങ്ങള്‍ വീടുകളിലേക്ക്  മാറാന്‍ തുടങ്ങി.

ക്യാമ്പുകളില്‍ നിന്നു വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പണം കിട്ടാനായി ബാങ്ക് രേഖകള്‍ അധികൃതര്‍ക്ക് നല്‍കണം. ക്യാമ്പില്‍ നിന്നു നേരത്തെ പോയവര്‍ക്കും തുക നല്‍കും. ഇതില്‍  6200 രൂപ മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയില്‍ നിന്നും 3800 രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വിഹിതവുമായാണ് നല്കുക.

14 ജില്ലകളിലായി 391494 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അനുവദിക്കുക.  ദുരന്തനിവാരണ അതോറിറ്റിയുടെ 3800 രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് പിന്‍വലിക്കാന്‍ അനുമതിയുണ്ട്. ബാക്കിവരുന്ന 242.73 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

വൈദ്യുതി ഏറെക്കുറെ പൂര്‍വസ്ഥിതിയിലാക്കി. 25.06 ലക്ഷം സര്‍വീസ് കണക്ഷനുകളില്‍ 23.36 ലക്ഷം ഉപയോഗയോഗ്യമാക്കി.

വീടുകളുടേയും കടകളുടേയും കണക്ക് ലഭിച്ചാല്‍ മാത്രമേ പുനരധിവാസം പൂര്‍ണമാകൂ. ഇതിനായി ഐടി അധിഷ്ഠിത സംവിധാനം ഒരുക്കും. ഇതിന് ഓണ്‍ലൈന്‍ അപേക്ഷാ ഫോറം തയ്യാറാക്കി.  അതിലൂടെ ഏതൊരാള്‍ക്കും തങ്ങളുടെ നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാരിനെ നേരിട്ട് അറിയിക്കാം. ഇതിന് സ്വയം കഴിയാത്തവര്‍ക്ക് സൗജന്യമായി അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.

ദുരന്തമനുഭവിച്ച എല്ലാവരും രജിസ്‌ട്രേഷന്‍ നടത്തണം. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് വഴി വിവരശേഖരണം നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ സഹായം നല്‍കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

7000 വീടുകള്‍ പൂര്‍ണമായും നശിച്ചു. 50000  വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉണ്ടാകും.

മഴക്കെടുതിയുടെ ഭാഗമായുള്ള അഴുകിയ മാലിന്യം സ്വന്തം  സ്ഥലങ്ങളില്‍ നിര്‍മാര്‍ജനം ചെയ്യണം. അജൈവ മാലിന്യങ്ങളും അഴുകാത്തവയും  ഒരു പൊതുസ്ഥലത്ത് സൂക്ഷിക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ഇടം കണ്ടെത്തണം.  അവിടുന്നത് ഏജന്‍സികളെ ഏല്‍പ്പിക്കണം. പുനഃചക്രമണം സാധ്യമല്ലാത്തവ സംസ്‌കരിക്കുന്നതിന് സമയം വേണം. അതുവരെ അവ സൂക്ഷിക്കാന്‍ താത്കാലിക സംവിധാനം ഒരുക്കും. ഇത്തരം സാധനങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കണം. ഇതിനു ഹരിതസേനയേയും മറ്റുള്ളവരേയും ഉപയോഗിക്കും. ഇവ സൂക്ഷിക്കുന്നതിനുള്ള താല്ക്കാലിക കേന്ദ്രങ്ങള്‍ തദ്ദേശ കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തണം. ഇതിന്റെ ചുമതല ക്ലീന്‍ കേരള കമ്പനിക്കായിരിക്കും.

പുനരധിവാസത്തിനായി വിദഗ്ധരായ തൊഴിലാളികളുടെ സേവനം ഉറപ്പ് വരുത്തുന്നതിന് തൊഴിലാളി സംഘടനകളുടെ സഹകരണം ഉണ്ടാവണം. അതിനായി പ്രദേശിക തലത്തിലും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ടതും നശിച്ചതുമായ രേഖകള്‍ നല്കുന്നതിനും വിപുല സംവിധാനം ഒരുങ്ങുന്നു. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ബയോമെട്രിക് വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രധാന രേഖ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് വീണ്ടെടുക്കാനുള്ള ഒരു ഏകീകൃത സംവിധാനം രൂപകല്‍പ്പന ചെയ്യുകയാണ്. സെപ്റ്റംബര്‍  ആറു മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അദാലത്തുകള്‍ വഴി ഇവ നടപ്പിലാക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ അവരുടെ ഡാറ്റബേസ് വിവര സാങ്കേതിക വകുപ്പിന് കൈമാറും.

ചെറുകിട വ്യവസായം വലിയ രീതിയില്‍ തകര്‍ന്നു. പലിശയില്ലാതെ 10 ലക്ഷം രൂപ ഈ രംഗത്ത് വായ്പ നല്‍കാന്‍ ആലോചിക്കുന്നു. വായ്പ തിരിച്ചടവിന് ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.  വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക കിട്ടാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തമെന്നും പിണറായി പറഞ്ഞു.
Keywords: Kerala Floods, Floods, Pinarayi Vijayan, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescuevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ക്യാമ്പുകളില്‍ നിന്നു വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് അക്കൗണ്ടില്‍ പതിനായിരം രൂപ വീതം നല്കുമെന്നു മുഖ്യമന്ത്രി