Search

റഷ്യന്‍ ബാലെ, ആഫ്രിക്കന്‍ വീറ്, സമുറായി വീര്യം

കപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

ഷാജി ജേക്കബ്

റഷ്യന്‍ ലോകകപ്പ് വിചാരിച്ചതിലേറെ അദ്ഭുതവും ആഹ്ലാദവും അമ്പരപ്പും
അരിശവും നിരാശയും ചിരിയും ചിന്തയും പകര്‍ന്ന് മുന്നേറുന്നു. റഷ്യന്‍ ടീമും
റഷ്യന്‍ ബാലെ പോലെ തകര്‍ത്താടുന്നു. മേമ്പൊടിക്ക് ആഫ്രിക്കന്‍ ആട്ടവും ഏഷ്യന്‍ എരിവും പുളിയും. ഇതിനിടയില്‍ ലാറ്റിനമേരിക്കന്‍ താളം മുറുകുന്നില്ല. പേരിന് യുറുഗ്വായ് വിജയം മാത്രം. കോണ്‍കാകഫ് അട്ടിമറി വീര്യം പകര്‍ന്നു നല്‍കി മെക്‌സിക്കോ.

ലോകകപ്പ് ആറു ദിനങ്ങള്‍ പിന്നിടുമ്പോള്‍ പങ്കെടുക്കുന്ന 32 ടീമുകളും ഓരോ
കളി കളിച്ചു കഴിഞ്ഞു. 16 ആദ്യ മത്സരങ്ങള്‍. പതിനേഴാമത്തെ മത്സരത്തില്‍ ഇന്നലെ റഷ്യയും ഈജിപ്തും തങ്ങളുടെ രണ്ടാം മത്സരവും പൂര്‍ത്തിയാക്കി. രണ്ടു കളിയിലും ജയിച്ച ആതിഥേയരായ റഷ്യ പ്രീ ക്വാര്‍ട്ടറിലെത്തി എന്നു തന്നെ ഉറപ്പിക്കാം. അവര്‍ക്ക് ആറു പോയിന്റുണ്ട്. രണ്ടു കളികളില്‍ എട്ടു
ഗോളുകളടിച്ച അവര്‍ ഒന്നു മാത്രമേ തിരിച്ചു വാങ്ങിയിട്ടുള്ളു. മുഹമ്മദ്
സലായുടെ ഈജിപ്ത് രണ്ടു കളികളിലും തോറ്റ് പുറത്തായെന്നും
ഉറപ്പിക്കാം.

സംഭവബഹുലമായിരുന്നു പോയ ആറു ദിനങ്ങള്‍. ആറു ദിനം കൊണ്ടു തന്നെ
ഇത് അട്ടിമറികളുടെ ലോകകപ്പായി മാറിയിരിക്കുന്നു. അണ്ടര്‍ ഡോഗ്‌സ്
അഴിഞ്ഞാടുന്നു (അടിയില്‍ കിടക്കുന്ന നായ്ക്കള്‍ എന്ന് പച്ച മലയാളത്തില്‍
പിഭാഷപ്പെടുത്തിയാലും തരക്കേടില്ല. അതാണല്ലോ ശരി). അടിയാളന്മാര്‍
സൂപ്പര്‍ താര മഹിമയുമായി വന്ന ഫേവറിറ്റുകളെ മൂലയ്ക്കിരുത്തിയിരിക്കയാണ്. ജര്‍മനി തോറ്റു.

മെസിക്കും നെയ്മര്‍ക്കും സമനിലക്കുരുക്ക്. സൂപ്പര്‍ താരങ്ങളില്‍ പറങ്കിപ്പടയുടെ കമാന്‍ഡര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 56 ഇഞ്ച് നെഞ്ചു വിരിച്ചു നില്‍ക്കുന്നു. ആദ്യ കളിയില്‍ തന്നെ ഹാട്രിക്ക്. അതും കപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്‌പെയിനിനെതിരെ. ഇതില്‍ രണ്ടു ഗോളുകള്‍ ഭാഗ്യ ഗോളുകളല്ലേയെന്നു ദോഷൈകദൃക്കുകള്‍ ചോദിച്ചേക്കാം. എല്ലാ കളിയും ഒരു ഭാഗ്യമല്ലേ ചങ്ങാതിമാരേ. ഭാഗ്യത്തിന്റെ തലോടലില്ലാതെ എന്തു വിജയം? ലോകം മുഴുവന്‍ കീഴടക്കിയാലും ലോകകപ്പ് നേടാനൊക്കെ ഒരു ഭാഗ്യം വേണം. മൂന്നു ഗോളുകള്‍ നേടി രണ്ടു പേരാണ് വ്യക്തിഗത ടോപ് സ്‌കോറര്‍മാരായി നില്‍ക്കുന്നത്. റൊണാള്‍ഡോയ്‌ക്കൊപ്പം റഷ്യയുടെ ഡെനിസ് ചെറിഷേവ്നി ല്‍ക്കുന്നു.

റഷ്യയ്‌ക്കൊപ്പം ഡെനിസ് ചെറിഷേവും ലോകകപ്പിലെ ആദ്യ അദ്ഭുതമായി
തിളങ്ങുന്നു. ആദ്യ കളിയില്‍ സൗദിക്കെതിരെ രണ്ടു ഗോളടിച്ച ഈ
ഇരുപത്തേഴുകാരന്‍ രണ്ടാം കളിയില്‍ ഈജിപ്തിനും കൊടുത്തു ഒരടി.
സ്പാനിഷ് ലീഗില്‍ വില്ലാ റയലിനു കളിക്കുന്ന ഈ ഇടതു വിംഗര്‍
ഗതിവേഗമുള്ള സ്‌ട്രൈക്കറാണ്. ശരിയായ പൊസിഷനില്‍ ഓടിയെത്തി
ശരിയായ ദിശയില്‍ സ്‌ട്രൈക്ക് ചെയ്യുന്ന ആള്‍. പട പടാന്ന് എതിര്‍
ഗോളിലേക്ക് പന്തടിക്കുന്ന ഫോര്‍വേഡ്. ഇനി യുറുഗ്വായ്‌ക്കെതിരായ
അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചെറിഷേവിന്റെ തനിനിറം അറിയാം.


എ ഗ്രൂപ്പില്‍ നിന്ന് യുറുഗ്വായ്ക്കും ഈജിപ്തിനുമായിരുന്നു ഫുട്‌ബോള്‍
പണ്ഡിതര്‍ രണ്ടാം റൗണ്ടിലേക്കു കൂടതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്.
ആതിഥേയരെന്ന നിലയില്‍ റഷ്യക്കും സാധ്യത കല്‍പ്പിച്ചിരുന്നെന്നു മാത്രം. ഈ
ലോകകപ്പിലുള്ള ടീമുകളില്‍ ഫിഫാ റാങ്കിംഗില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന
ടീമാണു റഷ്യ. 70-ാം റാങ്ക്  അങ്ങനെയുള്ള റഷ്യ ആദ്യ രണ്ടു മത്സരങ്ങളില്‍ എട്ടു
ഗോളടിക്കുമെന്നു സാക്ഷാല്‍ പുടിന്‍ പോലും സ്വപ്നം കണ്ടിട്ടുണ്ടാവില്ല.

ആദ്യ കളി കഴിഞ്ഞപ്പോള്‍ തന്നെ വ്‌ളാദിമിര്‍ പുടിന്‍ കോച്ച് സ്റ്റനിസ്‌ളാവ്
ചെര്‍ചെസോവിനെ നേരിട്ടു ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ക്രെംലിനില്‍ നിന്ന് ചെര്‍ചെസോവിനെ തേടി ഇനിയുമേറെ വിളികള്‍
വരുമെന്നാണ് തോന്നുന്നത്. അടുത്ത കളിയില്‍ സൗദി അറേബ്യ യുറുഗ്വായെ
തോല്‍പ്പിച്ചില്ലെങ്കില്‍ റഷ്യ പ്രീ ക്വാര്‍ട്ടറിലെത്തും. ഈജിപ്ത്
പുറത്താവുകയും ചെയ്യും.

ഇനി എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടുകയാവും റഷ്യയുടെ അടുത്ത ലക്ഷ്യം.
അതിന് യുറുഗ്വായെ തോല്‍പ്പിക്കണം. ഈജിപ്തിനെതിരെയുള്ള
യുറുഗ്വായുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല.
നിലവിലുള്ള ഫോമും ശൈലിയും നിലനിര്‍ത്തിയാല്‍ റഷ്യയ്ക്ക് അതിനു
സാധിക്കും എന്നാണു തോന്നുന്നത്. എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിര്‍ണായകമാണ്.

 കാരണം, എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ചിലപ്പോള്‍ പ്രീ ക്വാര്‍ട്ടറില്‍
സ്‌പെയിന്‍ എതിരാളികളായി വന്നെന്നിരിക്കും. പോര്‍ച്ചുഗലിനെ
മറികടന്ന് സ്‌പെയിന്‍ ബി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാകുമെന്ന
കണക്കുകൂട്ടലിലാണ് ഇതു പറയുന്നത്. റഷ്യ - പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍
രസകരമാവും.

ടോപ് സ്‌കോറര്‍മാരുടെ നിരയില്‍ റൊണാള്‍ഡോയ്ക്കും ചെറിഷേവിനും
തോട്ടു പിന്നില്‍ രണ്ടു ഗോളുകളുമായി സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയേഗോ
കോസ്റ്റയും ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നും നില്‍പ്പുണ്ട്. രണ്ടാം മത്സരത്തിലും ഇവര്‍ ഗോളടിക്കുന്ന ലക്ഷണമാണു കാണുന്നത്. അതോടെ സുവര്‍ണ പാദുകത്തിനു വേണ്ടിയുള്ള പോരാട്ടം മുറുകും. കഴിഞ്ഞ തവണ സുവര്‍ണ പാദുകം നേടിയ കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസ് ഇപ്പോള്‍ ആദ്യ കളി തോറ്റു നില്‍ക്കുകയാണ്. ബ്രസീല്‍ ലോകകപ്പോടെയാണു റോഡ്രിഗസ്സൂ പ്പര്‍ താരമായി ഉദിച്ചത്. റഷ്യയില്‍ പുതിയ താരോദയമുണ്ടാകുമോ എന്നു നോക്കാം.


റഷ്യയില്‍ ലാറ്റിനമേരിക്കന്‍ പതര്‍ച്ചയ്‌ക്കൊപ്പം ആഫ്രിക്കന്‍ തകര്‍ച്ചയും കണ്ടു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ യുറുഗ്വായ് മാത്രമാണു ആദ്യ കളിയില്‍
ജയിച്ചത്. അതും അവസാന നിമിഷങ്ങളിലെ ഗോളില്‍. യൂറോപ്പില്‍
ലാറ്റിനമേരിക്കന്‍ കുതിപ്പ് പതിവല്ല. അതുപോലെ ലാറ്റിനമേരിക്കയില്‍
യൂറോപ്പും ശോഭിക്കാറില്ല. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനി ഈ പതിവു തെറ്റിച്ചു. റഷ്യയില്‍ ലാറ്റിനമേരിക്ക വരും ദിനങ്ങളില്‍ തിരിച്ചടിക്കുമോ എന്നു നോക്കാം. അതിന് അര്‍ജന്റീനയും ബ്രസീലും ഉഷാറാവണം. നെയ്മറുടെ പരിക്ക് ആശങ്കയുണര്‍ത്തുന്നുണ്ട്.

ആഫ്രിക്കയുടെ മാനം കാത്തത് സെനഗല്‍ ആണ്. തെരംഗ സിംഹങ്ങള്‍ പോളണ്ടിനെ ഞെട്ടിച്ചു കളഞ്ഞു. പോളണ്ടിന്റെ ചെലവില്‍ അഫ്രിക്ക മോസ്‌കോ സ്പാര്‍ട്ടക്സ്റ്റേ ഡിയത്തില്‍ ആടിത്തകര്‍ത്തു. പോളണ്ട് രണ്ടു സെല്‍ഫ് ഗോളടിച്ചെന്നു വേണമെങ്കില്‍ പറയാം. ലോകകപ്പ് പോലുള്ള പ്രധാന വേദികളില്‍ ഇതു പോലുള്ള അശ്രദ്ധ ആപത്താണെന്നു പോളണ്ടുകാര്‍ മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയി.

സെനഗല്‍ കൊള്ളാം. 2002-ലാണ് സെനഗല്‍ ഇതിനു മുമ്പു ലോകകപ്പ് കളിച്ചത്.
അന്ന് തങ്ങളുടെ ആദ്യ ലോകകപ്പില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാന്‍സിനെ
അട്ടിമറിച്ച് സെനഗല്‍ ക്വാര്‍ട്ടര്‍ വരെ എത്തി. അതിനു ശേഷമുള്ള അവരുടെ
രണ്ടാം വരവാണിത്. 2002-ല്‍ നായകനായിരുന്ന അലിയു സീസെ ആണ് ഇക്കുറി
സെനഗലിനെ പരിശീലിപ്പിച്ചിറക്കുന്നത്. 2002 ലോകകപ്പ് ടീമിലെ
ഒരുപിടി താരങ്ങളും സീസെയുടെ സഹായികളായി ടീമിനൊപ്പമുണ്ട്.
റഷ്യന്‍ ലോകകപ്പിലെ ഏക കറുത്ത വര്‍ഗക്കാരനായ പരിശീലകന്‍ എന്ന
പ്രത്യേകതയും സീസെയ്ക്കുണ്ട്. സീസെ 2002-ലെ പ്രകടനം ആവര്‍ത്തിക്കുമോ എന്നുകാത്തിരുന്നു കാണാം.

2002-ല്‍ സെനഗല്‍ ക്വാര്‍ട്ടറിലെത്തുമ്പോള്‍ പത്തു വയസ് മാത്രമുണ്ടായിരുന്ന
പയ്യന്‍ സാദിയോ മാനെ ആണ് ഇന്ന് അവരുടെ സൂപ്പര്‍ താരം. കഴിഞ്ഞ കളിയില്‍ പോളണ്ടുകാര്‍ മാനെയെ ഇടം വലം തിരിയാന്‍ അനുവദിച്ചില്ല. പക്ഷേ, ഇതില്‍ തളരാതെ മറ്റു താരങ്ങള്‍ ഈ അവസരം മുതലെടുത്തത് സെനഗലിനു നേട്ടമായി. നല്ല തടിമിടുക്കും ഗതിവേഗവും വേട്ടപ്പട്ടികളേപ്പോലെ പന്തില്‍ അപ്രതീക്ഷിതമായി ചാടി വീഴാനുള്ള കഴിവും സെനഗല്‍ താരങ്ങളെ വേറിട്ടു നിര്‍ത്തുന്നു. എംബായെ നിയാങ്ങിനേപ്പോലെ പതിയിരുന്ന
ഈറ്റപ്പുലിയേപ്പോലെ ചാടി വീഴുന്ന സെനഗല്‍ കളിക്കാര്‍ എതിരാളികളുടെ
പേടിസ്വപ്നമായി മാറിക്കഴിഞ്ഞു.

ഇപ്പോള്‍ എച്ച് ഗ്രൂപ്പ് ആണ് ശരിക്കും മരണ ഗ്രൂപ്പ് ആയി മാറിയിരിക്കുന്നത്.
ഇവിടെ ഒന്നും രണ്ടും സ്ഥാനം നേടുമെന്നു കരുതിയിരുന്ന പോളണ്ടും
കൊളംബിയയും തോറ്റു. സെനഗലും ജപ്പാനും മൂന്നു പോയിന്റുമായി മുന്നില്‍
നില്‍ക്കുന്നു. അടുത്ത കളി നിര്‍ണായകമാവും. പോളണ്ടും കൊളംബിയയും
അകാലത്തില്‍ മരിച്ചു വീഴുമോ എന്ന് അപ്പോള്‍ അറിയാം.

റഷ്യയില്‍ ഏഷ്യന്‍ അഭിമാനമായി ഇറാനും ജപ്പാനും നില്‍ക്കുന്നു. പോരാട്ട
വീര്യം കാട്ടിയ രണ്ടു ടീമുകള്‍. പോര്‍ച്ചുഗലും സ്‌പെയിനുമാണ് ഇറാന്റെ
അടുത്ത എതിരാളികള്‍. കടുത്ത എതിരാളികള്‍. ഇറാനും പോര്‍ച്ചുഗലും തമ്മില്‍ നടക്കുന്ന മത്സരം ബി ഗ്രൂപ്പില്‍ വിധിനിര്‍ണായകമാവും. സ്‌പെയിനിനോടു തോറ്റാലും ഇറാന്‍ പറങ്കികള്‍ക്കെതിരെ അരക്കൈ നോക്കാതിരിക്കില്ല. കാര്‍ലോസ്ക്വീ റോസ് എന്ന തന്ത്രജ്ഞനായ പോര്‍ച്ചുഗീസ് പരിശീലകനാണ് ഇറാനെ നയിക്കുന്നത് എന്ന കാര്യം മറക്കരുത്. പോര്‍ച്ചുഗലിന്റെയും മുന്‍ പരിശീലകനായ കാര്‍ലോസ് റൊണാള്‍ഡോയുടെ ഗുരു കൂടിയാണ്. കാര്‍ലോസിന്റെ കുട്ടികളെ നേരിടുമ്പോള്‍ റൊണാള്‍ഡോയും സംഘവും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. പഴയ ആശാന്‍ പോര്‍ച്ചുഗലിനെ ചതിക്കുമോ എന്നു കണ്ടറിയണം.

ജപ്പാനാണ് റഷ്യയിലെ മറ്റൊരു സംസാര വിഷയം. സമുറായി വീര്യത്തിനു
മുന്നില്‍ കൊളംബിയ അടിയറവു പറഞ്ഞു. ആദ്യ മിനിറ്റുകളില്‍ തന്നെ
കൊളംബിയന്‍ ഗോള്‍മുഖം വിറപ്പിച്ച് ഗോളും നേടി ഒരാളെ
പുറത്താക്കുകയും ചെയ്തു സമുറായികള്‍. ഇതിനാണ് ഒരു വെടിക്കു രണ്ടു
പക്ഷികള്‍ എന്നു പറയുന്നത്. ഷിന്‍ജി കഗാവയും യൂയാ ഒസാകോയും ഹോണ്ടയും ഒക്കെയാണ് ഇപ്പോള്‍ താരങ്ങള്‍. ജപ്പാനും സെനഗലും ചേര്‍ന്ന് എച്ച് ഗ്രൂപ്പ് ഇളക്കി മറിക്കുമെന്നുറപ്പ്.

റഷ്യയ്ക്കും ഈജിപ്തിനും പിന്നാലെ മറ്റു ടീമുകളും കൂടി രണ്ടാം
മത്സരത്തിനിറങ്ങുന്നതോടെ ഇന്നു മുതല്‍ ലോകകപ്പ് കൂടുതല്‍ ഉഷാറാകും.
ഇന്ന് പോര്‍ച്ചുഗല്‍ - മൊറോക്കോ, യുറുഗ്വായ് - സൗദി അറേബ്യ, ഇറാന്‍ -
സ്‌പെയിന്‍ മത്സരങ്ങള്‍. ആദ്യ കളിയില്‍ സമനില പാലിച്ച പോര്‍ച്ചുഗലിനും
സ്‌പെയിനും ഇന്നു ജയിച്ചേ പറ്റൂ. സൗദിയെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍
ഉറപ്പിക്കുകയാണ് യുറുഗ്വായ് ലക്ഷ്യം. വരും ദിനങ്ങളില്‍ അടിമുടി
ആവേശമുയരും. കൂടുതല്‍ ഗോളുകള്‍ വലകളില്‍ നിറയുമ്പോള്‍ ചിരിയും
കരച്ചിലും വാശിയും വേദനയും ആട്ടവും പാട്ടും എല്ലാമായി കളം കൊഴുക്കും.

Keywords: Russia, World Cup, Football, Sports, Fifa
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “റഷ്യന്‍ ബാലെ, ആഫ്രിക്കന്‍ വീറ്, സമുറായി വീര്യം