Search

മേലുദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണി: ശക്തമായ പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍, ചെറുക്കാന്‍ ഐപിഎസ് ലോബി, സേനയില്‍ പൊട്ടിത്തെറി


സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സെല്‍ഫോണ്‍ കൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ച സംഭവം പൊലീസ് സേനയില്‍ ഐപിഎസ് ലോബിയും സാധാരണ പൊലീസുകാരും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് പോകുന്നു.

ഇത്തരം സംഭവങ്ങളില്‍ പൊതുവേ വിജയം ഐപിഎസുകാര്‍ക്കാണ്. എന്നാല്‍, ഇക്കുറി തെളിവു സഹിതം ഒരു പൊലീസുകാരന്‍ കേസു കൊടുക്കാന്‍ തയ്യാറായതോടെ അടിമപ്പണിക്ക് അറുതിയുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ് അസോസിയേഷന്‍. എന്നാല്‍, വലിയൊരു വിഭാഗം ഐപിഎസുകാര്‍ സുദേഷ് കുമാറിന് അനുകൂലമായി നിലപാടെടുത്തതോടെ, രണ്ടു ചേരിയായി തിരിയുന്ന അവസ്ഥയാണ്.

ഇതേസമയം, സുദേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറെ, സുദേഷിന്റെ മകള്‍ ഇടിച്ചു പരിക്കേല്‍പ്പിച്ചെന്ന സംഭവത്തിലും സുദേഷിന്റെ മകള്‍ സ്‌നിഗ്ദ്ധയെ ഗവാസ്‌കര്‍ ആക്രമിച്ചെന്ന പരാതിയിലും നിജസ്ഥിതി ഉടന്‍ ബോധ്യപ്പെടുത്താന്‍ ഡിജിപിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം കൊടുത്തു.

പൊലീസുകാര്‍ ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയെ കണ്ട് തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രേഷ്മ കണ്ടതിനു പിന്നാലെ എഡിജിപി അനില്‍ കാന്തിനെ മുഖ്യമന്ത്രി നേരിട്ടു വിളിച്ചുവരുത്തി സംഭവത്തിന്റെ നിജസ്ഥിതി ചോദിച്ചു മനസ്സിലാക്കി. ഇതിനു ശേഷമാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റയോടു റിപ്പോര്‍ട്ടു ചോദിച്ചത്.

ഇതിനു പുറമേ, ഗവാസ്‌കറെ മര്‍ദ്ദിച്ച കേസും എഡിജിപിയുടെ മകളെ മര്‍ദ്ദിച്ചെന്ന കേസും അന്വേഷിക്കാന്‍ സിറ്റി ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപനെ ചുമതലപ്പെടുത്തി. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്കു നടപടിയുണ്ടാകും.

എഡിജിപിയുടെ പട്ടിക്കു മീന്‍ വറുക്കുന്നത് എസ്എപി ക്യാമ്പില്‍

സുദേഷ് കുമാറിന്റെ വീട്ടിലെ പട്ടിക്കുള്ള മീന്‍ എസ്എപി ക്യാമ്പില്‍ കൊണ്ടുപോയി വറുത്തു കൊണ്ടുപോവുകയാണ് പതിവ്. പട്ടിക്കു മീന്‍ വാങ്ങാന്‍ പോകുന്നതും പൊലീസുകാര്‍ തന്നെയാണ്. അക്രമം വാര്‍ത്തയായതോടെ, വറുക്കാന്‍ കൊണ്ടുവന്ന മീന്‍ ക്യാമ്പില്‍ പൊലീസുകാര്‍ തടഞ്ഞത് വലിയ വാര്‍ത്തയായിരിക്കുകയാണ്. പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വീടു വൃത്തിയാക്കുന്നതും ഭാര്യയുടെയും മക്കളുടെയും അടിവസ്ത്രം കഴുകി കൊടുക്കുന്നതും വരെ പൊലീസുകാരാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. എതിര്‍ക്കുന്ന പൊലീസുകാരെ സ്ഥലം മാറ്റുകയോ, ശിക്ഷണ നടപടിക്കു വിധേയരാക്കുകയോ ആണ് പതിവ്. അതുകൊണ്ട്, പലരും പരാതിപ്പെടാതെ നടക്കുയാണ് പതിവ്.
ഗവാസ്‌കറുടെ ഭാര്യ രേഷ്മ, മുഖ്യമന്ത്രിയെ കണ്ട 
ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നു

കൊടിയ പീഡനമാണ് സുദേഷ് കുമാറിന്റെ വീട്ടില്‍ ഭര്‍ത്താവിനു നേരിടേണ്ടിവന്നതെന്നും ശാരീരിക ആക്രമണത്തിലേക്കു തിരിഞ്ഞപ്പോഴാണ് പ്രതികരിച്ചതെന്നും കനകക്കുന്നു വളപ്പിലെ കാമറകള്‍ പരിശോധിച്ചാല്‍ തന്റെ ഭര്‍ത്താവ് തെറ്റുകാരനാണോ എന്നറിയാമെന്നും രേഷ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേസില്‍ കുടുങ്ങുമെന്നു വന്നതിനാലാണ് തന്റെ ഭര്‍ത്താവിനെതിരേ മകളെക്കൊണ്ട് സുദേഷ് കുമാര്‍ കേസു കൊടുപ്പിച്ചതെന്നും രേഷ്മ പറയുന്നു.

എന്നാല്‍, ഈ സംഭവം വെറുതേ വിടാന്‍ പോകുന്നില്ലെന്നും ഏതറ്റം വരെയും പോരാടുമെന്നും പൊലീസ് സംഘടനാ ഭാരവാഹികള്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗവാസ്‌കറെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സംഘടനാ ഭാരവാഹികള്‍.

ഗവാസ്‌കറിനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രികക്കു കത്തയച്ചു. അദ്ദേഹത്തിന് നിയമസഹായം ഉറപ്പുവത്തുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. മേലുദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം മോശം പ്രവൃത്തികള്‍ പതിവാണെന്നും സാധാരണ ഗതിയില്‍ എല്ലാവരും സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെട്ടു പോവുകയാണ് പതിവ്. ഇവിടെ ഗവാസ്‌കര്‍ പരാതിപ്പെടാന്‍ തയ്യാറായതു വലിയ കാര്യമാണ്. അതിനാല്‍ എഫ് ഐ ആര്‍ എടുത്തു മുന്നോട്ടു പോകാനാവും. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു എഫ് ഐ ആര്‍ വരുന്നത്. അതിനാല്‍ തന്നെ കേസ് ബലപ്പെടുത്തി നീതി ലഭ്യമാക്കാനാണ് സംഘടനയുടെ തീരുമാനം.

മേലുദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണിക്കു സഹായിക്കുന്ന സെക്ഷന്‍ 99 നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നിട്ടും അടിമപ്പണി തുടരുകയാണ്.

അസോസിയേഷന്‍ ശക്തമായ നിലപാടെടുക്കുകയും വിഷയം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്ത പശ്ചാത്തലത്തില്‍ കേസ് ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനായി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, വഴങ്ങിക്കൊടുക്കേണ്ടെന്ന നിലപാടിലാണ് അസോസിയേഷനുകള്‍.

Keywords: Kerala Police, ADGP Sudesh Kumar, Police Association, IPS Officers


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മേലുദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണി: ശക്തമായ പ്രതിഷേധവുമായി പൊലീസ് അസോസിയേഷന്‍, ചെറുക്കാന്‍ ഐപിഎസ് ലോബി, സേനയില്‍ പൊട്ടിത്തെറി