Search

അവര്‍ ഇന്നും ജനങ്ങള്‍ക്ക് ഡിജിപിമാര്‍


ജഗദീഷ് ബാബു

ഐപിഎസുകാരായ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യുന്നതും പട്ടിയെ കുളിപ്പിക്കുന്നതും വന്‍ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായിയും പൊലീസ് അസോസിയേഷനുമാകട്ടെ സേനയിലെ അടിമപ്പണി വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ്. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച പൊലീസുകാരന്‍ ഗവാസ്‌ക്കറിന് 50000 രൂപ ചികിത്സാ ചെലവും സര്‍ക്കാര്‍ അനുവദിച്ചു.

ഇതെല്ലാം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ ക്യാംപ് ഓഫീസുകളില്‍ പോയ സന്ദര്‍ഭങ്ങളില്‍ കണ്ട ക്യാംപ് പൊലീസുകാരുടെ മുഖങ്ങളാണ്. 1980കളില്‍ ജേക്കബ് പുന്നൂസ് പാലക്കാട് എസ്പിയായിരിക്കേ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍ സുബ്രഹ്മണ്യം, പൊലീസുകാരായ കലാധരന്‍, യാക്കൂബ്, നാരായണന്‍ കുട്ടി തുടങ്ങിയവര്‍ പുന്നൂസിന്റെ വീട്ടിലെ അംഗങ്ങളെ പോലെയായിരുന്നു.

എന്നാല്‍ പൊലീസിന്റെ പണിക്കപ്പുറം ഒരു ജോലിയും പുന്നൂസ് ഇവരെക്കൊണ്ട് ചെയ്യിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം കോഴിക്കോട് ഡിഐജിയായപ്പോഴും ഐജിയായപ്പോഴും ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സന്ദര്‍ഭത്തിലും ഞാന്‍ ക്യാംപ് ഓഫീസുകളില്‍ പോയിട്ടുണ്ട്. ഡിജിപിയായിരുന്നപ്പോഴും അത്തരം സന്ദര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും പുന്നൂസിനെ കാണാനായി പഴയ ക്യാംപ് പൊലീസുകാര്‍ അവിടെ വരുന്നത് കാണാമായിരുന്നു. എവിടെവച്ച് കണ്ടുമുട്ടുമ്പോഴും ഈ പൊലീസുകാര്‍ പുന്നൂസിന്റെ വിശേഷങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും.

ജേക്കബ് പുന്നൂസിന്റെയും പ്രൊഫസര്‍ റീബുവിന്റെയും മൂത്ത മകന്റെ വിവാഹം നടന്നത് അദ്ദേഹം ഡിജിപിയായിരിക്കുമ്പോഴാണ്. മുന്‍ മുഖ്യമന്ത്രിമാരായ കെ. കരുണാകരനും വിഎസ് അച്യുതാനന്ദനും എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും എല്ലാം ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് വീട്ടുകാരെ പോലെ അതിഥികളെ സ്വീകരിക്കാനും പൊലീസുകാരെ എതിരേല്‍ക്കാനും ബന്ധുജനങ്ങളെ പോലും തിരിച്ചറിഞ്ഞ് സ്വീകരിച്ചിരുത്താനും ഓടിനടന്നിരുന്നത് നേരത്തെ പറഞ്ഞ പാലക്കാട് ക്യാംപ് ഓഫീസിലെ പോലീസുകാരായിരുന്നു. എഎസ്പിയായിരുന്ന കാലം മുതല്‍ പുന്നൂസിനോടൊപ്പം ജോലി ചെയ്ത പെന്‍ഷന്‍ പറ്റി പിരിഞ്ഞ പല പൊലീസ് ഉദ്യോഗസ്ഥരെയും ഈ പറഞ്ഞ ക്യാംപ് പൊലീസുകാര്‍ എന്നെ പരിചയപ്പെടുത്തുകയും ചെയ്തു.

കാല്‍ നൂറ്റാണ്ടു മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന പൊലീസുകാര്‍ക്ക് ഡിജിപിയായപ്പോഴും പുന്നൂസിനോടുണ്ടായിരുന്ന അടുപ്പത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. കാലത്തിനുപോലും മായ്ച്ചുകളയാന്‍ കഴിയാത്ത ആത്മബന്ധമാണ് ഇപ്പോഴും ആ പൊലീസുകാര്‍ക്കെല്ലാം അദ്ദേഹത്തിനോട്.

ചേര്‍ത്തല തൈക്കാട്ടുശേരിയിലെ കൃഷിയിടത്തില്‍ മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍
മറ്റൊരു കാര്യം ഓര്‍മ്മ വരുന്നത് ഡിഐജിയായിരുന്ന കാലത്ത് ജേക്കബ് പുന്നൂസ് നടത്തിയ വന്‍ വിവാദമായ ഒരു പ്രസ്താവനയാണ്. മേലുദ്യോഗസ്ഥര്‍ നല്‍കുന്ന ഉത്തരവുകള്‍ നിയമപരമല്ലെങ്കില്‍ അത് അനുസരിക്കേണ്ടതില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ആ പ്രസ്താവന. അന്ന് അദ്ദേഹം പറഞ്ഞ അക്കാര്യം ഡിജിപിയാകുമ്പോഴും അദ്ദേഹം ആവര്‍ത്തിച്ചു.

ഒരിക്കല്‍ അദ്ദേഹം പങ്കുവച്ച ഓര്‍മ്മ ഇവിടെ പ്രസക്തമാണ്. ബിഎസ്എഫില്‍ ഡിഐജിയായി അഹമ്മദാബാദിലേക്ക് സ്ഥലം മാറി ചെന്നപ്പോഴുണ്ടായ അനുഭവമായിരുന്നു അത്. 18 ബിഎസ്എഫുകാരെയാണ് ഡിഐജിയുടെ ഓര്‍ഡര്‍ലിയായി നിയമിച്ചിരുന്നത്. യൂണിഫോം എടുത്തുകൊടുക്കാന്‍ ഒരാള്‍. ഷൂ പോളീഷ് ചെയ്യാന്‍ മറ്റൊരാള്‍. കാറിന്റെ ഡോര്‍ തുറന്നുകൊടുക്കാന്‍ മറ്റൊരാള്‍.

ഇത്തരത്തിലുള്ള 18 പേരെയും ആദ്യ ദിവസം തന്നെ ഒഴിവാക്കിയതായി അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ബിഎസ്എഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുന്നൂസിന്റെ ഈ നടപടി ഒട്ടും ദഹിച്ചിരുന്നില്ല. എന്നാല്‍ ബിഎസ്എഫിലെ സര്‍വ്വീസ് കാലത്ത് മുഴുവന്‍ ഈ നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഐപിഎസുകാരായ എല്ലാ ഉദ്യോഗസ്ഥരും പൊലീസുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നവരല്ല എന്ന് പറയാനാണ് ഈ സംഭവങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

സര്‍വ്വീസില്‍ ഇരിക്കുന്ന കാലത്ത് പോലീസുകാരോടും ജനങ്ങളോടും മാന്യമായി പെരുമാറിയിരുന്ന പല ഡിജിപിമാരും നമുക്കുണ്ടായിരുന്നു. എംകെ ജോസഫും ഹോര്‍മിസ് തരകനും പുന്നൂസും അടക്കമുള്ള അവരുടെ പട്ടിക ചെറുതാണെങ്കിലും അവര്‍ ഇന്നും ജനങ്ങള്‍ക്ക് ഡിജിപിമാരാണ്.

Keywords: Police, Jacob Punnoos, Hormis Tharakan, Kerala Police, DGP, MK Josephvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അവര്‍ ഇന്നും ജനങ്ങള്‍ക്ക് ഡിജിപിമാര്‍