Search

വീഡിയോ പെനാല്‍റ്റിയില്‍ കൊറിയയെ വീഴ്ത്തി സ്വീഡന്‍, മത്സരഫലത്തില്‍ വിറയ്ക്കുന്നത് ചാമ്പ്യന്മാരായ ജര്‍മനിയും


ഷാജി ജേക്കബ്

മോസ്‌കോ: വീഡിയോ സഹായത്തോടെ ലഭിച്ച പെനാല്‍റ്റി കിക്ക് ശാന്തനായി വലയിലാക്കി നായകന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ഡ്ക്വിസ്റ്റ് എഫ് ഗ്രൂപ്പില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ സ്വീഡനെ നിര്‍ണായക വിജയത്തിലേക്കു നയിച്ചു.

എഫ് ഗ്രൂപ്പില്‍ മെക്‌സിക്കോയ്ക്ക് ഒപ്പം സ്വീഡനും ഇതോടെ മൂന്നു പോയിന്റായി. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയും കൊറിയയും പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ്.

ഫൗളുകള്‍ നിറഞ്ഞ മത്സരത്തില്‍ നിഷ്‌നി നൊവ്‌ഗൊറോദ് സ്‌റ്റേഡിയത്തില്‍ സ്വീഡനു തന്നെയായിരുന്നു ആധിപത്യം. കൊറിയയുടെ യുവ ഗോളി ചോ ഹ്യുന്‍ വൂയുടെ സമര്‍ഥമായ ഇടപെടലുകളില്ലായിരുന്നെങ്കില്‍ സ്വീഡന്‍ രണ്ടോ മൂന്നോ ഗോളിനു ജയിക്കുമായിരുന്നു. പക്ഷേ, നിര്‍ണായകമായ പെനാല്‍റ്റി വിധി നിര്‍ണയിച്ചു.

പെനാല്‍റ്റി ബോക്‌സില്‍ സ്വീഡന്റെ ക്ലെയ്‌സനെ പകരക്കാരനായെത്തിയ പ്രതരോധനിരക്കാരന്‍ കിം വിന്‍ വൂ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. സ്വീഡിഷ് കളിക്കാര്‍ ഒന്നടങ്കം പെനാല്‍റ്റിക്കായി വാദിച്ചപ്പോള്‍ റഫറി ജോയല്‍ അഗ്വിലാര്‍ വി.എ.ആര്‍ സഹായം തേടി. തുടര്‍ന്ന് വീഡിയോ സഹായത്തോടെ പെനാല്‍റ്റി അനുവദിച്ചു.

ഗോളി ചോ ഹ്യൂനിന് ഒരു പഴുതും നല്‍കാതെ സ്വീഡിഷ് നായകനും സെന്റര്‍ ബാക്കുമായ ഗ്രാന്‍ഡ്ക്വിസ്റ്റ് പന്ത് വലയിലാക്കി. നിലംപറ്റെ ഗ്രാന്‍ഡ്ക്വിസ്റ്റ് ചെത്തി വിട്ട പന്ത് വലയുടെ ഇടതു മൂലയിലേക്കു പോയപ്പോള്‍ എതിര്‍ ദിശയിലേക്കാണ് ചോ ഹ്യൂന്‍ ഡൈവ് ചെയ്തത്.

എങ്ങനെ ശാന്തമായി നിര്‍ണായക ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാം എന്നതിനുള്ള പാഠമായി ഗ്രാന്‍ഡ്ക്വിസ്റ്റിന്റെ പെനാല്‍റ്റി കിക്ക്. കളിയില്‍ ചോ ഹ്യൂന്‍ വൂ പരാജയപ്പെട്ട ഏക നിമിഷവും ഇതായിരുന്നു.


ഇതിനു മുമ്പു നടന്ന നാലു സൗഹൃദ മത്സരങ്ങളില്‍ ഗോളടിക്കാതിരുന്ന സ്വീഡന്‍ അതിന്റെ ക്ഷീണം കൊറിയയോടു തീര്‍ത്തു. വിജയത്തിന് സ്വീഡന്‍ കടപ്പെട്ടിരിക്കുന്നത് അവരുടെ ശക്തമായ പ്രതിരോധനിരയോടാണ്. സ്വീഡിഷ് പ്രതിരോധ ഭിത്തിയില്‍  കൊറിയന്‍ ആക്രമണങ്ങളെല്ലാം തട്ടിത്തെറിക്കുകയായിരുന്നു.

സ്വീഡിഷ് പ്രതിരോധം പിളര്‍ക്കാന്‍ പഴുതു കണ്ടെത്താനാവാതെ കൊറിയക്കാര്‍ക്ക് ഗ്രൗണ്ടില്‍ അലയേണ്ടി വന്നു. ആദ്യ മിനിറ്റുകളില്‍ കൊറിയയാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തിയത്. ഹീ ചാന്‍ ഹ്വാംഗിന്റെ നേതൃത്വത്തില്‍ വലതു വിംഗിലൂടെ കൊറിയക്കാര്‍ ഇരമ്പിക്കയറുകയായിരുന്നു. സാവകാശം തിരിച്ചടിച്ച സ്വീഡന്‍ വൈകാതെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

ഇതുവരെയുള്ളതില്‍ ഏറ്റവും ഫൗള്‍ നിറഞ്ഞ മത്സരം കൂടിയായി ഇത്. കളി അര മണിക്കൂൂറായപ്പോഴേക്കും ഇരു ടീമുകളും കൂടി 19 ഫൗളുകള്‍ വരുത്തിയിരുന്നു. സ്വീഡന്‍ പത്തും കൊറിയ ഒമ്പതും. കളിയുടെ ഒഴുക്കിനു പലപ്പോഴും ഫൗള്‍ തടസ്സമുണ്ടാക്കി.

സ്വീഡന്‍ ഇരുപതാം മിനിറ്റില്‍ മുന്നിലെത്തേണ്ടതായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മാര്‍കസ് ബെര്‍ഗിന്റെ ഷോട്ട് ചോ ഹ്യൂന്‍ വൂ അവിശ്വസനീയമായി തട്ടിയകറ്റി. സ്വീഡന്‍ തുടര്‍ന്നും ആക്രമണ പരമ്പര തുടര്‍ന്നു. കൊറിയക്കാര്‍ തട്ടിയും തടഞ്ഞും ഗോള്‍ വഴങ്ങാതെ ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടാം പകുതിയിലും ഇതേ നില തുടര്‍ന്നു.

പക്ഷേ, പെട്ടെന്നുള്ള പ്രത്യാക്രമണത്തിലൂടെ ലീഡ് നേടാനുള്ള കൊറിയന്‍ ശ്രമം പാഴായി. മറുവശത്ത് സ്വീഡനു കിട്ടിയ മറ്റൊരു സുവര്‍ണാവസരം ഗോളി ചോ ഹ്യൂന്‍ വീണ്ടും തടഞ്ഞു. ഒടുവില്‍ പെനാല്‍റ്റിയില്‍ തട്ടി കൊറിയ വീണു.

പിന്നിലായതോടെ തിരിച്ചടിക്കാന്‍ കൊറിയ പരമാവധി ശ്രമിച്ചു. പക്ഷേ, ഉരുക്കു കോട്ട പോലെയുള്ള സ്വീഡിഷ് പ്രതിരോധം കടക്കാനാവാതെ അവര്‍ വലഞ്ഞു. ഒരു ഷാര്‍പ്പ് ഷൂട്ടറുടെ അഭാവം കൊറിയയ്ക്കുണ്ടായിരുന്നുവെന്ന് അപ്പോള്‍ വ്യക്തമായി.

എഫ് ഗ്രൂപ്പില്‍ രണ്ടാം റൗണ്ടിലേക്കുള്ള പോരാട്ടം ഇനി നിര്‍ണായകമാവും. ജര്‍മനിയും സ്വീഡനും തമ്മിലുള്ള മത്സരം അതിനിര്‍ണായകമാവും. സമനില പോലും ജര്‍മനിക്കു താങ്ങാനാവില്ല.Keywords: World Cup football, Sweden, South Koreavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വീഡിയോ പെനാല്‍റ്റിയില്‍ കൊറിയയെ വീഴ്ത്തി സ്വീഡന്‍, മത്സരഫലത്തില്‍ വിറയ്ക്കുന്നത് ചാമ്പ്യന്മാരായ ജര്‍മനിയും