Search

റൊണാള്‍ഡോയുടെ ദിവസം, ഹാട്രിക്കില്‍ സ്‌പെയിനിനെ 3-3 സമനിലയില്‍ തളച്ചു


ഷാജി ജേക്കബ്

മോസ്‌കോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ മികവില്‍ സോച്ചി ഫിഷ്ട് സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ  പോര്‍ച്ചുഗല്‍ 3-3 സമനിലയില്‍ തളച്ചപ്പോള്‍ മത്സരം തികച്ചുമൊരു ത്രില്ലറായി.

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ മഴവില്‍ ഫ്രീകിക്കിലൂടെ റൊണാള്‍ഡോ സമനില പിടിക്കുകയായിരുന്നു. നാലാം മിനിറ്റില്‍ തുടങ്ങിയ ഗോളടി അവസാനിച്ചത് 88ാം മിനിറ്റിലായിരുന്നു. അപ്പോള്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് തികച്ചിരുന്നു.

രണ്ടു വട്ടം പിന്നില്‍ നിന്ന ശേഷം 3-2 ലീഡുമായി വിജയമുറപ്പിച്ച സ്‌പെയിനിന് റൊണാള്‍ഡോ ശരിക്കുമൊരു ഷോക്ക് കൊടുക്കുകയായിരുന്നു. പോരാട്ടം സ്‌പെയിനും റൊണാള്‍ഡോയും തമ്മിലായിരുന്നു എന്നു പറയുന്നതാവും ശരി.

സമനിലയിലൊതുങ്ങിയെങ്കിലും പോരാട്ടത്തില്‍ ജയിച്ചത് റൊണാള്‍ഡോ തന്നെ. റൊണാള്‍ഡോയുടെ കരിയറിലെ 51ാം ഹാട്രിക്കാണ് സോച്ചി ഫിഷ്ട് സ്റ്റേഡിയത്തില്‍ പിറന്നത്.

സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ സ്‌പെയിനു വേണ്ടി രണ്ടു ഗോളുകളും പ്രതിരോധനിരക്കാരന്‍ നാച്ചോ ഒരു ഗോളും നേടി. ഇടവേളയില്‍ പോര്‍ച്ചുഗല്‍ 2-1നു മുന്നിലായിരുന്നു.കളിയുടെ ഏറിയ പങ്കും ആധിപത്യം സ്‌പെയിനു തന്നെയായിരുന്നു. പക്ഷേ, നാലാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി കിക്കിലൂടെ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിക്കുകയായിരുന്നു. പന്തുമായി  ബോക്‌സിലേക്കു കയറിയ റൊണാള്‍ഡോയെ തടയാന്‍ നാച്ചോ കാലു നീട്ടിക്കൊടുത്തു. റൊണാള്‍ഡോ നാച്ചോയുടെ കാലിലുരുമ്മി താഴെ വീണു. ഇറ്റാലിയന്‍ റഫറി റോക്കി പെനാല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. റൊണാള്‍ഡോ അനായാസം ലക്ഷ്യം കാണുകയും ചെയ്തു. പന്തിനു മുന്നില്‍ സ്പാനിഷ് ഗോളി ഡേവിഡ് ദെ ഹെയ ഡൈവ് ചെയ്തത് എതിര്‍ ദിശയിലേക്ക്. പോര്‍ച്ചുഗല്‍ 1-0നു മുന്നിലെത്തി.

ഇതോടെ സ്‌പെയിന്‍ ഉണര്‍ന്നു. 24ാം മിനിറ്റ് വരെ കാത്തിരുന്ന് അവര്‍ സമനില പിടിച്ചു.  സ്‌പെയിനിന്റെ പതിവു ശൈലിക്കു വിരുദ്ധമായി, പിക്കെ ഹെഡ് ചെയ്തു മറിച്ച പന്ത് ബുസ്‌കെറ്റ്‌സ് പോര്‍ച്ചുഗല്‍ ഏരിയയിലേക്കു നീട്ടിയടിച്ചു. പന്തു പിടിച്ചെടുത്ത് രണ്ടു പോര്‍ച്ചുഗീസ് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ഡിയേഗോ കോസ്റ്റ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. കോസ്റ്റ പെപെയെ ഫൗള്‍ ചെയ്തില്ല എന്ന് വീഡിയോ സഹായത്തോടെ ഉറപ്പു വരുത്തിയ ശേഷമാണു റഫറി ഗോള്‍ അനുവദിച്ചത്. അതോടെ സ്‌കോര്‍ 1-1.29ാം മിനിറ്റില്‍ ഇസ്‌കോയുടെ ഷോട്ട് ബാറിനടിയല്‍ കുത്തിയ ശേഷം ഗോള്‍വരയില്‍ നിന്നു തെറിച്ചു പോയതോടെ മുന്നിലെത്താനുള്ള സ്പാനിഷ് സാധ്യത നഷ്ടപ്പെട്ടു. പന്ത് ഗോള്‍വര കടന്നില്ലെന്ന് വീഡിയോ റീപ്ലേയില്‍ വ്യക്തമായി. പോര്‍ച്ചുഗല്‍ വീണ്ടും ഗോളില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട കാഴ്ച 33ാം മിനിറ്റില്‍ കണ്ടു. കോസ്റ്റയും സില്‍വയും വഴി വന്ന പന്ത് ഇനിയേസ്റ്റ ഗോളിലേക്കു ചെത്തി വിട്ടെങ്കിലും നേരിയ വ്യത്യാസത്തിനു പുറത്തുപോയി.

ഗോളി ഡേവിഡ് ദെ ഹെയയുടെ പിഴവ് 44ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ രണ്ടാം ഗോളിനു വഴിയൊരുക്കി. റൊണാള്‍ഡോ ബോക്‌സിനു പുറത്തു നിന്ന് പായിച്ച അത്ര ശക്തമല്ലാത്ത ഷോട്ട് ദെ ഹെയയുടെ കൈയില്‍ തട്ടി വലയില്‍ വീഴുകയായിരുന്നു. തനിക്കു നേരേ വന്ന ദുര്‍ബല ഷോട്ടാണ് ദെ ഹെയ തട്ടി വലയിലിട്ടത്.

ഇതോടെ, പോര്‍ച്ചുഗല്‍ 2-1നു മുന്നില്‍. അവിടെയും തീര്‍ന്നില്ല. രണ്ടാം പകുതിയിലും വീണു മൂന്നു ഗോളുകള്‍. സ്‌പെയിന്‍ 55ാം മിനിറ്റില്‍ വീണ്ടും കോസ്റ്റയിലൂടെ സമനില പിടിച്ചു. ഇനിയേസ്റ്റയെ ഫൗള്‍ ചെയ്തതിനു 30 വാര അകലെ നിന്നു ലഭിച്ച ഫ്രീകിക്കില്‍ നിന്നു വന്ന നീക്കം ഗോളിലെത്തുകയായിരുന്നു.

ഷോട്ട് എടുത്ത ഡേവിഡ് സില്‍വ പന്ത് കോക്കെയ്ക്കു നല്‍കി. കോക്കെ ഉയര്‍ത്തി വിട്ട പന്ത് ബുസ്‌കെറ്റ്‌സ് ഹെഡ് ചെയ്തു ഗോള്‍മുഖത്തേക്കു മറിച്ചത് കോസ്റ്റ് നേരേ വലയിലാക്കുകയായിരുന്നു (2-2).

നാച്ചോയുടെ തകര്‍പ്പന്‍ ഗോളിലൂടെ മൂന്നു മിനിറ്റിനു ശേഷം സ്‌പെയിന്‍ മുന്നിലെത്തി. കര്‍വാലോ ക്ലിയര്‍ ചെയ്ത പന്ത് തെറിച്ചു വന്നു നിലത്തു കുത്തും മുമ്പ് ബോക്‌സിനു പുറത്തു നിന്ന് നാച്ചോ തകര്‍ത്തടിക്കുകയായിരുന്നു. പന്ത് വലതു പോസ്റ്റില്‍ തട്ടിത്തെറിച്ച് വലയിലെത്തി. ലോകകപ്പിലെ മനോഹര ഗോളുകളിലൊന്നു പിറക്കുകയായിരുന്നു അപ്പോള്‍. പെനാല്‍റ്റി വഴങ്ങിയതിന് നാച്ചോയുടെ പ്രായശ്ചിത്തമായിരുന്നു അത്. 3-2നു സ്‌പെയിന്‍ മുന്നില്‍.

പിന്നെ കളി സ്‌പെയിനിന്റെ വരുതിയിലായിരുന്നു. പോര്‍ച്ചുഗല്‍ വലയില്‍ പിന്നെയും ഗോളുകള്‍ കയറുമെന്നു തോന്നിയ നിമിഷങ്ങള്‍. സ്‌പെയിന്‍ ജയിച്ചു എന്നു തോന്നിയ അവസരത്തിലാണ് വീണ്ടും റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായത്.

ബോക്‌സിനു തൊട്ടു പുറത്തു വച്ച് 88ാം മിനിറ്റില്‍ പിക്കെ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിനു റഫറി ഫ്രീകിക്ക് വിധിച്ചു. മഴവില്ലഴകില്‍ റൊണാള്‍ഡോയുടെ ഫ്രീകിക്ക് വളഞ്ഞുകുത്തി വലയിലാകുന്നതു നോക്കി നിന്നുപോയി ഗെളി ദെ ഹെയായ്. ഹാട്രിക്ക്. 3-3 സമനില. അങ്ങനെ ഇതു റൊണാള്‍ഡോയുടെ ദിവസമായി മാറി.

Keywords:  World Cup, Spain , Portugal , six-goal thriller,  Cristiano Ronaldo, hat trick, free-kick, goa, penalty kick, Nachovyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “റൊണാള്‍ഡോയുടെ ദിവസം, ഹാട്രിക്കില്‍ സ്‌പെയിനിനെ 3-3 സമനിലയില്‍ തളച്ചു