Search

Death of Death - കാലനില്ലാത്ത കാലം


27 വര്‍ഷം കൂടി കഴിഞ്ഞാല്‍ മരണം ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുമാറ്റപ്പെടും. പിന്നെ മരണം അപകടം നിമിത്തം മാത്രമായിരിക്കും. ശാസ്ത്രത്തിന്റെ അമ്പരപ്പിക്കുന്ന പുരോഗതിയുടെ വഴികളിലൂടെ...

ജോര്‍ജ് മാത്യു

നമ്മള്‍, മനുഷ്യര്‍, എപ്പോഴും ആകുലപ്പെടുന്നത് വറ്റിവരണ്ട ആകാശത്തെയും ഭൂമിയെയും കുറിച്ചും വിഷലിപ്തമായ ജലത്തെയും വായുവിനെയും കുറിച്ചാണ്; നാം ഭാവി തലമുറയ്ക്കായി ബാക്കിവയ്ക്കുന്ന ഭൂമിയെക്കുറിച്ചാണ്.

കഴിഞ്ഞ രണ്ടുമൂന്നു കുറിപ്പുകള്‍ ജീവിതത്തെക്കാളുപരി മരണത്തെക്കുറിച്ചാണ് നാം സംസാരിച്ചത്. ഭാരമാകുന്ന ജീവിതം മുതല്‍ 'ജീവന്‍' എന്ന പ്രക്രിയയോടുള്ള വിമുഖത വരെ. യൂറോപ്പിലെ ജനസംഖ്യ ഗണ്യമായി കുറയുന്നു. രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം (ഭൂമുഖം ഇതുപോലൊക്കെ തന്നെ അവശേഷിക്കുമെങ്കില്‍) ജാപ്പനീസ് എന്നോ കൊറിയനെന്നോ ഒക്കെ വിശേഷിപ്പിക്കുന്ന പല വംശജരും മ്യൂസിയം പീസുകളാവും എന്നാണ് ഊഹം. ഒരുപക്ഷേ 1.3 ബില്ല്യണ്‍ ഭാരതീയരും 6.2 ബില്ല്യണ്‍ മനുഷ്യരും എന്നത് നമ്മള്‍ ഭാരതീയരെ മാത്രം വേവലാതിപ്പെടുത്തുന്ന, തുറിച്ചുനോക്കുന്ന, ഭയം മാത്രമാകാം!

സംഗതികള്‍ മാറിമറിയുകയാണ് സുഹൃത്തുക്കളെ!

2045 ആകുമ്പോഴേക്കും ജൈവശാസ്ത്രത്തിന് കീഴടങ്ങാത്ത ഒരൊറ്റ മാരകരോഗവും ഭൂമുഖത്തുണ്ടാവില്ല. അല്പം ശ്രദ്ധിച്ചാല്‍ ഒരു നാല്പത്തിയഞ്ച് ഒക്കെ ആകുമ്പോഴേ, മതി, ഇതില്‍ കൂടുതല്‍ വയസാകേണ്ട എന്ന മട്ടില്‍ ബ്രേക്കിടാം. അവിടെ നില്‍ക്കും യൗവനം. പിന്നീടങ്ങോട്ട് മരണം ഓപ്ഷണലാണ്. വേണമെങ്കില്‍ ഗുഡാളിനെപ്പോലെ (David Goodall - 104 വയസ്സ്) ഒരു assisted death ആവാം. അല്ലെങ്കില്‍ റെയില്‍പ്പാത പോലെ ജീവിതം അന്തമില്ലാതെ നീളും.


ഇതൊക്കെ നടക്കുന്ന കാര്യമാണോ മാഷേ എന്നാവും നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ പറയുക. എങ്കിലും മോഹം നിങ്ങളുടെ മനസ്സില്‍ മുളപൊട്ടിക്കഴിഞ്ഞു എന്നാണ് എന്റെ ഊഹം. നിങ്ങളുടെ വിശ്വാസം (വേണമെങ്കില്‍) നിങ്ങളെ രക്ഷിക്കട്ടെ!

വിഷയത്തിലേക്ക് വരാം.
27 വര്‍ഷത്തിനുള്ളില്‍ മരണം ഒരു തിരഞ്ഞെടുക്കപ്പെടേണ്ട ലക്ഷ്വറി ആകാനാണ് സാധ്യത എന്നാണ് ജെനറ്റിക്കല്‍ എന്‍ജിനിയേഴ്‌സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന രണ്ട് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ആഴ്ച ബാഴ്‌സലോണയിലെ ഒരു സെമിനാറില്‍ തങ്ങളുടെ Death of Death എന്ന പുസ്തകത്തിലൂടെ
സ്ഥാപിച്ചെടുത്തിരിക്കുന്നത്. Jose Luis Cordeiro യും (വെനസ്വല) ഗണിത ശാസ്ത്രജ്ഞനായ ഡേവിഡ് വുഡും (കേംബ്രിഡ്ജ് - യു.കെ) ആണ് ഈ തിയറിയുടെ ഉടമകള്‍. അവരുടെ Symbian എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്തിവന്ന (അനധികൃതമായി തന്നെ) പരീക്ഷണ നിരീക്ഷണങ്ങളുടെ ഏറെക്കുറെ സുനിശ്ചയമായ തിയറിയാണ്  Death of Death. വേണമെങ്കില്‍ 'സംഘി'കളെപ്പോലെ നമുക്ക് പറയാം; കുഞ്ചന്‍ നമ്പ്യാരൊക്കെ ഇത് എന്നേ പാടി നടന്നതാണ്.

ഇനി മരണം, ഒരു അപകടത്തിലൂടെ പെട്ടെന്ന് സംഭവിക്കേണ്ട ഒന്നായി മാറുകയാണ്. അല്ലാതെ കട്ടിലില്‍ കിടന്ന് വലിച്ച് വലിച്ച് നാട്ടുകാരെയും വീട്ടുകാരെയും വെറുപ്പിച്ച്...

ഈ ജെനറ്റിക്കല്‍ എന്‍ജിനീയേഴ്‌സ് പറയുന്നത്: വാര്‍ദ്ധക്യമാണ് രോഗലക്ഷണം. അത് തടയുക. നിപയും ഡെങ്കിയും കരിമ്പനിയും ഒക്കെ വരുമ്പോഴേ പ്രതിരോധനം തുടങ്ങുന്നത് പോലെ, നമ്മള്‍ വാര്‍ദ്ധക്യത്തെ നേരിടുക, പ്രതിരോധിക്കുക. എങ്ങിനെയെന്നുവച്ചാല്‍ ചീത്ത സെല്ലുകളെ (bad cells) നല്ല സെല്ലുകള്‍(healthy cells) ആക്കി പരിവര്‍ത്തിപ്പിക്കുക. അതായത് മരിക്കുന്ന സെല്ലുകളെ (dead cells) ഒഴിവാക്കി, ചീത്ത സെല്ലുകളെ റിപ്പയര്‍ ചെയ്ത് നിലനിര്‍ത്തുക. റോബോട്ടുകളെ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗിക്കുന്നതുപോലെ!

കൂടുതല്‍ വിവരങ്ങള്‍ ഗൂഗിളിലോ മറ്റോ പോയി, താത്പര്യമുള്ളവരും ആകാംക്ഷാഭരിതരും ശേഖരിച്ചുകൊള്ളുക. തല്‍ക്കാലം telemeros എന്നത് ഡി.എന്‍.എയ്ക്ക സംഭവിക്കുന്ന വാര്‍ദ്ധക്യമാണ്. അത്രയും മനസ്സിലാക്കിയാല്‍ മതി.

Woodഉം Cordeiroയും കട്ടായമായി പറയുന്നത് അടുത്ത പത്ത് കൊല്ലത്തിനകം കാന്‍സറൊക്കെ വെറും ജലദോഷ പനിയേക്കാള്‍ നിസാര കേസായി മാറുമെന്നാണ്. ഗൂഗിള്‍ ഒക്കെ ഇപ്പോഴത്തെ പണിയൊക്കെ മാറ്റിവച്ച് ജെനറ്റിക് ക്ലിനിക്കിലേക്ക് സജീവമാകും എന്നാണ്. അത്രയ്ക്ക് കൊയ്ത്തായിരിക്കും ബിസിനസ്. മരണത്തെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍ പറ്റുന്ന ക്രയോ പ്രിസര്‍വേഷന്‍ സെന്റേഴ്‌സിന്റെ കാലം. ഈ പേര് തന്നെ കണ്ടുപിടിച്ചത് മൈക്രോസോഫ്റ്റ് എന്ന ഐ.റ്റി ഭീമനാണ്. അവര്‍ കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. Wood ഉം  Cordeiro യും സ്വയം വിശേഷിപ്പിക്കുന്നത് എന്‍ജിനീയേഴ്‌സ് എന്നാണ്. ഇത് അറ്റകുറ്റപ്പണിയാണ്.; ജാലവിദ്യകള്‍ ഒന്നുമല്ല.

അപ്പോള്‍ വറ്റിവരണ്ട ആകാശവും ഭൂമിയും വിഷലിപ്തമായ വായുവും ജലവും മതിയോ എന്നാവും! അതും നമ്മുടെ പഴമനസ്സിന്റെ ചിന്തകളാണ്. അനന്തവിസ്തൃതമായ പ്രപഞ്ചത്തില്‍ നമുക്കായി നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന എത്രയോ ഗ്രഹങ്ങള്‍! അവിടെ പോയി നമുക്ക് രാപ്പാര്‍ക്കാം. അവിടെയെങ്കിലും നാം ഭൂമിയില്‍ നിന്നുള്ള മനുഷ്യര്‍ എന്ന സംജ്ഞയില്‍ അറിയപ്പെടാം.

അടിക്കുറിപ്പ്: പണ്ട് തിരുവനന്തപുരത്ത് അനൂപ് ഹെയര്‍ടോണിക് എന്ന പേരില്‍ ഒരത്ഭുത കഷണ്ടിസംഹാരി പ്രത്യക്ഷപ്പെട്ടു. വിദൂരങ്ങളില്‍, ഗള്‍ഫില്‍ നിന്നുപോലും, ജനമെത്തി തമ്പടിച്ച് വെളുപ്പിന് വരെ ക്യൂ നിന്ന് ബുക്ക് ചെയ്ത് ഒന്നും ഒന്നരയും കുപ്പി ഹെയര്‍ ടോണിക് കരസ്ഥമാക്കിയ ചരിത്രം ഓര്‍മ്മവരുന്നു. നാല് കുപ്പി സംഘടിപ്പിച്ചാല്‍ തനിക്ക് ദുബായില്‍ നിന്ന് നാട്ടിലേക്ക് മടക്ക ടിക്കറ്റോടെ ഒരു യാത്ര  ലഭിക്കുമെന്നും എങ്ങിനെയും സംഘടിപ്പിച്ച് കൊടുക്കണമെന്നും എന്റെ ഒരു സുഹൃത്ത് ആവശ്യപ്പെട്ടു. കഷ്ടിച്ച് ഒരു കുപ്പി ഞാന്‍ സംഘടിപ്പിച്ചു. കേവലം കഷണ്ടിയോട് മനുഷ്യന്റെ ആര്‍ത്തി ഇതാണെങ്കില്‍ ക്രയോ പ്രിസര്‍വേഷന്‍ സെന്റേഴ്‌സിന്റെ അവസ്ഥ എന്തായിരിക്കും ഈശ്വരാ!

ലേഖകന്റെ ഫോണ്‍: 98479 21294

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “Death of Death - കാലനില്ലാത്ത കാലം