Search

ഗവര്‍ണര്‍ വിളിച്ചു, മെഹബൂബ കാറെടുത്തു ചെന്നു രാജി കൊടുത്തു, സര്‍ക്കാര്‍ വീഴാന്‍ കാരണം അതിര്‍ത്തി പ്രശ്‌നം മുതല്‍ കത്വ വരെ

സ്വന്തം ലേഖകന്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിസങ്കീര്‍ണമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, ബിജെപി അപ്രതീക്ഷിതമായി പിന്തുണ പിന്‍വലിച്ചത് ഭരണകക്ഷിയായ പിഡിപിയെ അമ്പരപ്പിച്ചു.

ഉച്ചതിരിഞ്ഞ് ഗവര്‍ണര്‍ എന്‍എന്‍ വോറയാണ് മുഖ്യമന്ത്രി മെഹബൂബയെ വിളിച്ചു ബിജെപി പിന്തുണ പിന്‍വലിച്ചതായി അറിയിച്ചത്. ഇതിനു പിന്നാലെ മെഹബുബ ഗവര്‍ണറുടെ വസതിയിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ മെഹബൂബയെ പിന്തുണയ്ക്കില്ലെന്നു കോണ്‍ഗ്രസ് പ്രഖ്യാരപിച്ചതോടെ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ നടക്കുകയാണ്.

കശ്മീരിലെ ിജെപി നേതാക്കളുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. മന്ത്രിസഭയില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ രാജിവയ്ക്കുകയും ചെയ്തു.

പിഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവിലാണ് സഖ്യം പിരിയുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. കശ്മീരില്‍ മൗലികാവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്നും റാംമാധവ് പറഞ്ഞു.

കശ്മീരിലെ 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15, കോണ്‍ഗ്രസിന് 12 എന്നിങ്ങനെയാണ് സീറ്റുനില. 2014ലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് തങ്ങളുടെ 25 എംഎല്‍എമാരുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയത്.

കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് സര്‍ക്കാരിന്റെ വീഴ്ചയ്ക്കു കാരണമായത്. റംസാന്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിറുത്തല്‍ നോമ്പുകാലം അവസാനിച്ചതിനു തൊട്ടുപിന്നാലെ റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ പിഡിപി ശക്തമായി പ്രതിഷേധിച്ചിരുന്നു. കത്വ സംഭവത്തിലും ഭരണ മുന്നണിയിലെ ഇരു പാര്‍ട്ടികളും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്നും ബിജെപി പിന്തുണ പിന്‍വലിച്ച സംഭവത്തില്‍ നടുക്കം ഉണ്ടായില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. അധികാരത്തിനു വേണ്ടി രൂപീകരിച്ച സംഖ്യമായിരുന്നില്ല അത്. 'പേശീബലം' ഉപയോഗിച്ചുള്ള ഭരണത്തിനും കഴിയില്ല. മറ്റൊരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നും ഗവര്‍ണറെ അറിയിച്ചതായും മെബബൂബ പറഞ്ഞു.

ഭരണം നിലനിര്‍ത്താന്‍ പിഡിപിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

Keywords: Jammu Kashmir, Mehbooba Mufti, PDP, BJP
vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഗവര്‍ണര്‍ വിളിച്ചു, മെഹബൂബ കാറെടുത്തു ചെന്നു രാജി കൊടുത്തു, സര്‍ക്കാര്‍ വീഴാന്‍ കാരണം അതിര്‍ത്തി പ്രശ്‌നം മുതല്‍ കത്വ വരെ