കോട്ടയം: കേരളത്തെ ഞെട്ടിച്ച കെവിന് വധക്കേസിലെ പ്രധാന പ്രതികള്‍ കീഴടങ്ങി. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വ...
കോട്ടയം: കേരളത്തെ ഞെട്ടിച്ച കെവിന് വധക്കേസിലെ പ്രധാന പ്രതികള്‍ കീഴടങ്ങി. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ വധുവിന്റെ സഹോദരന് ഷാനു ചാക്കോയും അച്ഛന് ചാക്കോയും കണ്ണൂര്‍ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ പ്രധാന പ്രതികളായ ഇരുവരും നേരത്തെ ബംഗളുരുവിലേക്ക് കടന്നിരുന്നു. ഇവരെ പിന്തുടര്ന്ന് പൊലീസിന്റെ പ്രത്യേക സംഘവും ബംഗളൂരുവിലെത്തി. പിന്നാലെ ഇരുവരും കേരളത്തിലേക്ക് മടങ്ങി.
ഇവരുടെ ചിത്രങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നല്‍കിയിരുന്നു. പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇരുവരും കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കേസില്‍ ആകെ പതിനാലു പ്രതികളാണ് ഉള്ളത്. ഇതില്‍ മൂന്ന് പേര് നേരത്തെ അറസ്റ്റിലായിരുന്നു.
ഇവരെ പിന്തുടര്ന്നെത്തിയ അന്വേഷണസംഘം അധികം വൈകാതെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ഇപ്പോള്‍ കോട്ടയത്തേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യുന്നതോടെ കെവിന്റെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട ആസൂത്രണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.
വിദേശത്തായിരുന്ന ഷാനു ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളത്തലെത്തിയത്. വിദേശത്ത് വച്ച് തന്നെ കുറ്റകൃത്യത്തിന്റെ ആസൂത്രണം നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൃത്യത്തില്‍ പങ്കെടുക്കേണ്ട ആളുകളെയും പണവും വാഹനവുമെല്ലാം വിദേശത്ത് നിന്ന് തന്നെ സംഘടിപ്പിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു.
COMMENTS