Search

സംവരണം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ല: പിണറായി

തിരുവനന്തപുരം: സംവരണം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനം ജോലി സാധ്യത വര്‍ദ്ധിപ്പിക്കലാണ്. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വികസനം ഉണ്ടാവണം. സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് അതിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംവരണത്തിന് അര്‍ഹതയുള്ളവര്‍ക്ക് അതു കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരെ സംവരണം വേണ്ട എന്ന നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി സാമൂഹികമായ പിന്നോക്കാവസ്ഥയും പശ്ചാത്തലവുമാണ് സംവരണത്തിന്റെ അടിസ്ഥാനമെന്നും വ്യക്തമാക്കി. അതിനാല്‍ സംവരണം നിലവിലുളള തോതില്‍ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംവരണത്തിന് അര്‍ഹതയുളള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ തോതിലും കൃത്യമായും അതു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരിശോധന നടത്തും. എന്നാല്‍ സംവരണം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പടില്ല. ജോലി സാധ്യത വര്‍ധിപ്പിക്കലാണ് പ്രധാനം. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കണമെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണം. അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.


സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഹിന്ദുസമുദായ സംഘടനകളുടെ പ്രതിനിധികളുമായി സംസാരിച്ചു.


ജോലി സംവരണം നല്‍കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തീരെ സംവരണം വേണ്ട എന്ന നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ല. സാമൂഹികമായ പിന്നോക്കാവസ്ഥയും പശ്ചാത്തലവുമാണ് സംവരണത്തിന്റെ അടിസ്ഥാനം. അതിനാല്‍ സംവരണം നിലവിലുളള തോതില്‍ തുടരണം.

അതേസമയം, സംവരണത്തിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങളില്‍ അങ്ങേയറ്റം പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കണം. നിലവില്‍ 50 ശതമാനത്തിലധികം സംവരണം ഏര്‍പ്പെടുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിലവിലുളള സംവരണത്തിന്റെ തോത് കുറയ്ക്കാതെ മുന്നോക്കക്കാരില്‍ തീരെ ദരിദ്രരായവര്‍ക്ക് സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സാമൂഹ്യനീതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഹിന്ദുസമുദായത്തിലെ ചില വിഭാഗങ്ങള്‍ക്ക് പല കാരണങ്ങളാല്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ല. അത്തരം വിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കും.ദേവസ്വം നിയമനങ്ങളില്‍ വിശ്വകര്‍മ്മ, ധീവര സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കും. ദേവസ്വം നിയമനങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി പി.എസ്.സി മാതൃകയില്‍ ദേവജാലിക എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.

അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കുന്നതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനായി കരട് ബില്‍ തയ്യാറാക്കി നടപടി കൈക്കൊണ്ടുവരികയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങളുടേയും ജീവനക്കാരുടേയും ക്ഷേമവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് 1951 ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കും. ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ എന്നിവയുടെ സമഗ്രവികസനത്തിനായി സ്വദേശി ദര്‍ശന്‍, പ്രസാദ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വന്‍വികസന പ്രവൃത്തികള്‍ ആരംഭിച്ചു.


ശബരിമലയ്ക്ക് മാത്രമായി വിവിധ പദ്ധതികളിലായി 304 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമായി ഒരു ഉന്നതതല ഉപദേശക സമിതി രൂപീകരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിന് ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയാണ്. പദ്ധതിയുടെ ഒന്നാംഘട്ടമായി ഒമ്പത് ക്ഷേത്രങ്ങളില്‍ ഇടത്താവളസമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം ഉടനെ ആരംഭിക്കും.

പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പിന്റെ മാതൃകയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ് റൂമിന് മുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ഉരുപ്പടികളുടെ ഇന്‍വെന്ററി തയ്യാറാക്കി ഡിജിറ്റൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഉത്തര മലബാറിലെ ആചാര്യസ്ഥാനീയരുടേയും കോലധികാരികളുടേയും പ്രതിമാസ ധനസഹായ പദ്ധതി പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് പഠനം നടത്തി മാര്‍ഗരേഖ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലബാര്‍ ദേവസ്വം കമ്മീഷണറോടാവശ്യപ്പെട്ടിട്ടുണ്ട്.


Highlight: Chief minister Pinarayi Vijayan on reservation.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സംവരണം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ല: പിണറായി