ന്യൂഡല്‍ഹി: കേരള വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ക...
ന്യൂഡല്‍ഹി: കേരള വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിന് സുപ്രീം കോടതിയുടെ സ്റ്റേ.
സമൂഹത്തിലെ സംവിധാനങ്ങള്‍ മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ഉദ്ദേശിച്ചതെന്നും ജേക്കബ് തോമസ് ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
ഹൈക്കോടതി തൊട്ടാവാടി ആവരുതെന്നു പറഞ്ഞുകൊണ്ട്, ഹൈക്കോടതിക്ക് സുപ്രീം കോടതി നോട്ടീസയച്ചു. തുടര്‍ നടപടികള്‍ ഇനി സുപ്രീം കോടതിയിലാവും നടക്കുക.
വിവിധ കേസുകളിലായി രണ്ട് ജഡ്ജിമാര്‍ നിരന്തരം തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുവെന്നാരോപിച്ച് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് മാര്‍ച്ച് ഒമ്പതിന് പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് ഈ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.
അഭിഭാഷകനായ ബി.എച്ച്. മന്‍സൂറാണ് ഈ വിഷയത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. ജേക്കബ് തോമസിന്റെ നടപടിയില്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിന് കാരണമുണ്ടെന്ന് ഈ പരാതി പരിഗണിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിലയിരുത്തുകയായിരുന്നു.
ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജി പരിഗണനയ്ക്കെടുക്കുകയായിരുന്നു. തെറ്റെന്ന് ഉത്തമ ബോദ്ധ്യമുള്ള ആരോപണങ്ങളാണ് ജേക്കബ് തോമസ് ഉന്നയിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
പരാതി അന്വേഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ക്ക് അധികാരമില്ലെന്ന് 1985 ലെ ഐ.പി.എസ് ബാച്ചിലുള്ള ഉന്നത ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനറിയാം. എന്നിട്ടും ആരോപണം ഉന്നയിച്ചത് കോടതിയുടെ അന്തസ് ഇടിച്ചെന്നും ജേക്കബ് തോമസിന്റെ നടപടി നീതി നിര്‍വഹണത്തിലുള്ള ഇടപെടലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഈ പശ്ചാത്തലത്തിലാണ് തനിക്കു നീതികിട്ടണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചത്.
Keywords: Jacob Thomas, High Court, Supreme Court
COMMENTS