Search

വില വാങ്ങിയ ഭൂമിയില്‍ നിന്ന് ആട്ടിയിറക്കി, കാല്‍ നൂറ്റാണ്ടിന്റെ നീതി നിഷേധം സഹിച്ച് 18 മാധ്യമപ്രവര്‍ത്തകര്‍


എസ്. ജഗദീഷ്ബാബു

വയനാട്ടിലും മൂന്നാറിലും സര്‍ക്കാര്‍ ഭൂമി ടൂറിസ്റ്റു മാഫിയയ്ക്കും റിയല്‍ എസ്റ്റേറ്റ് ലോബിക്കും പതിച്ചുകൊടുക്കുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്. 22 വര്‍ഷം മുന്‍പ് കേരളത്തിലെ പ്രമുഖരായ 18 പത്രപ്രവര്‍ത്തകര്‍ക്ക് പണം വാങ്ങി പട്ടയം കൊടുത്ത ഭൂമി ഇനിയും അവര്‍ക്കു ലഭിച്ചില്ല. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ജോയി ശാസ്താംപടിക്കല്‍ ആ അഞ്ചു സെന്റു കിട്ടാതെ വിടപറഞ്ഞു. മറ്റു പത്രപ്രവര്‍ത്തകരും റിട്ടയര്‍മെന്റിന്റെയും ജീവിതസായാഹ്നത്തിന്റെയും ഘട്ടത്തിലാണ്. ഇ.കെ നായനാര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരും കെ.ഇ ഇസ്മായില്‍ മുതല്‍ ഇ. ചന്ദ്രശേഖരന്‍ വരെയുള്ള റവന്യൂ മന്ത്രിമാര്‍, ബാക്കി 17 പത്രപ്രവര്‍ത്തകര്‍ കൂടി മരിക്കാനായി കാത്തിരിക്കുകകയാണോ... 2014 മാര്‍ച്ചില്‍ കലാകൗമുദി മൂന്നു ലക്കങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനം ഇപ്പോഴും പ്രസക്തമാണ്. പുനര്‍വായനക്കായി ലേഖനം ഇനിയുള്ള ദിവസങ്ങളില്‍...

'രാമൂ, പണ്ട് ഗാന്ധിജി പറഞ്ഞത് നിനക്ക് ഓര്‍മ്മയുണ്ടോ? പട്ടിണിക്കാരന്റെ മുന്നില്‍ ദൈവം പോലും അപ്പക്കഷണത്തിന്റെ രൂപത്തിലേ വരാന്‍ ധൈര്യപ്പെടുകയുള്ളൂ എന്ന്'. മലയാറ്റൂര്‍ രാമകൃഷ്ണന്റെ അഞ്ചുസെന്റ് എന്ന നോവലില്‍ സ്വാതന്ത്ര്യ സമരസേനാനിയും മുഖ്യമന്ത്രിയുടെയും ഗവര്‍ണ്ണറുടെയും രാഷ്ട്രീയ ഗുരുവുമായ മാധവന്‍പിള്ള പത്രപ്രവര്‍ത്തകനായ രാമുവിനോട് പറഞ്ഞ വരികളാണിത്.

ബ്രിട്ടീഷ് പട്ടാളത്തിന്റെ അടിയും ചവിട്ടുമേറ്റ് നിത്യരോഗിയായി മാറിയ രാഷ്ട്രീയ ഗുരു മാധവന്‍പിള്ള എണ്‍പതുകാരിയായ അമ്മയ്ക്ക് ഒരു കൂര വച്ചുകൊടുക്കാനായി ശിഷ്യനായ മുഖ്യമന്ത്രിക്കും മന്ത്രിക്കും നല്‍കിയ അഞ്ചുസെന്റിന്റെ അപേക്ഷ നിരസിക്കപ്പെട്ടപ്പോള്‍ പ്രതിഷേധിച്ച ശിഷ്യനായ രാമുവിനോട് ഗാന്ധിജി പറഞ്ഞ വരികളാണ് മാധവന്‍പിള്ള ഓര്‍മ്മിപ്പിച്ചത്.

'അഞ്ചുസെന്റിന്റെ കഥയാണ് ഈ നാടിന്റെ കഥ. അഞ്ചുസെന്റ് ജനങ്ങള്‍ തേടുന്നു. പക്ഷേ, നല്ല ഒരു ജീവിതത്തിനു വേണ്ടിയുള്ള ആ അന്വേഷണം വിജയിക്കുന്നുണ്ടോ? വിജയിക്കും. ജനങ്ങളോട് ഒട്ടിനിന്നാണ് രാമൂ ഞാന്‍ ജീവിച്ചത്. അവരെ എനിക്ക് വിശ്വാസമുണ്ട്. അവര്‍ അഞ്ചുസെന്റ് കണ്ടെത്തും. തീര്‍ച്ച'. തനിക്ക് ശിഷ്യനായ മുഖ്യമന്ത്രി അഞ്ചുസെന്റ് നിഷേധിച്ചപ്പോഴും മരണക്കിടക്കയില്‍ കിടന്നുകൊണ്ട് മാധവന്‍പിള്ള സ്വപ്നം കണ്ടത് അഞ്ചുസെന്റിന്റെ ഉടമകളായി മാറുന്ന ജനങ്ങളെയാണ്.

റവന്യൂ സെക്രട്ടറിയും ഐ.എ.എസുകാരനുമായിരുന്ന മലയാറ്റൂര്‍ തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് വരച്ചിട്ട സ്വാതന്ത്ര്യസമരസേനാനികളായ മാധവന്‍പിള്ളയുടെയും രാമുവിന്റെയും കഥാപാത്രങ്ങള്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. എന്നാല്‍ മാധവന്‍പിള്ളയെ പോലെ സഹപാഠിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മരണക്കിടക്കയില്‍ കിടന്ന് തനിക്ക് സര്‍ക്കാര്‍ പ്രതിഫലം വാങ്ങി നല്‍കിയ അഞ്ചുസെന്റ് നല്‍കണമെന്ന അപേക്ഷ നിരസിക്കപ്പെട്ട സന്ദര്‍ഭത്തില്‍ മരണമടഞ്ഞ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം കഴിയുന്നു.

ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് മത്തായി മാഞ്ഞൂരാന്റെ ശിഷ്യനായി രാഷ്ട്രീയരംഗത്തും പിന്നീട് നാലുപതിറ്റാണ്ടോളം മലയാള പത്രപ്രവര്‍ത്തനരംഗത്തും നിറഞ്ഞുനിന്ന മലയാള മനോരമയുടെ പാലക്കാട് റസിഡന്റ് എഡിറ്ററായിരുന്ന ജോയ് ശാസ്താംപടിക്കലിന് സര്‍ക്കാര്‍ പതിച്ചുനല്‍കിയ അഞ്ചുസെന്റ് ഒരു സ്മാരകം പോലെ പാലക്കാട് കളക്ടറേറ്റിനടുത്ത് കിടക്കുന്നു. കേന്ദ്രമന്ത്രിമാരായിരുന്ന എ.കെ ആന്റണിയുടെയും വയലാര്‍ രവിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആത്മമിത്രമായിരുന്നു ജോയിയേട്ടന്‍ എന്ന് പാലക്കാട്ടുകാര്‍ വിളിച്ചിരുന്ന ജോയ് ശാസ്താംപടിക്കല്‍. 

മലയാറ്റൂര്‍ രാമകൃഷ്ണന്‍ അരനൂറ്റാണ്ടു മുന്‍പ് എഴുതിയ അഞ്ചുസെന്റിലെ മാധവന്‍പിള്ളയെ പോലെ അഞ്ചുസെന്റ് എന്ന മോഹം ബാക്കിവച്ചാണ് ജോയിയേട്ടനും യാത്ര പറഞ്ഞത്. ജോയ് ശാസ്താംപടിക്കലിന് മാത്രമല്ല, ഇന്നും ജീവിച്ചിരിക്കുന്ന കേരളത്തിലെ പ്രമുഖരായ പതിനേഴ് പത്രപ്രവര്‍ത്തകര്‍ക്കു കൂടി കേരള സര്‍ക്കാര്‍ നല്‍കിയ അഞ്ചുസെന്റ് വീതമുള്ള ഭൂമി സര്‍ക്കാരിന്റെ നന്ദികേടിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ പതിനേഴ് വര്‍ഷം മുന്‍പ് 1997ല്‍ മേയ് 25നാണ് പാലക്കാട്ടെ ജോയിയേട്ടന്‍ അടക്കമുള്ള 18 പത്രപ്രവര്‍ത്തകര്‍ക്ക് സെന്റിന് അമ്പതിനായിരം രൂപ വീതം വാങ്ങി മുഖ്യമന്ത്രി പട്ടയം നല്‍കിയത്. ചടങ്ങില്‍ അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.ഇ ഇസ്മായിലും ധനമന്ത്രിയായിരുന്ന ശിവദാസമേനോനും പങ്കെടുത്തു. ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന കാലം അനുസ്മരിച്ചുകൊണ്ടാണ് ഇ.കെ നായനാര്‍ പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന 'ഈ അഞ്ചുസെന്റ് വീതമുള്ള ഭൂമി സര്‍ക്കാരിന്റെ ഔദാര്യമല്ല അവകാശമാണ്' എന്നുപറഞ്ഞത്.

സാമൂഹ്യപ്രതിബദ്ധതയോടെ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള ഭൗതികസാഹചര്യം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ഭവന പദ്ധതി ആരംഭിക്കുന്നതെന്ന് സ്വാതന്ത്ര്യസമര പോരാളിയും തികഞ്ഞ കമ്മ്യൂണിസ്റ്റുമായിരുന്ന ഇ.കെ നായനാര്‍ പറഞ്ഞുവെച്ചെങ്കിലും പതിനേഴ് വര്‍ഷം കഴിഞ്ഞിട്ടും ആ ഭവന പദ്ധതി യാഥാര്‍ത്ഥ്യമായില്ല.

സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ കൈവശമുണ്ടായിരുന്ന പത്തേക്കര്‍ ഭൂമിയില്‍ നിന്നാണ് ഒരേക്കര്‍ സ്ഥലം മാര്‍ക്കറ്റ് വില നിശ്ചയിച്ച് പതിനെട്ട് പത്രപ്രവര്‍ത്തകര്‍ക്ക് നായനാര്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയത്. എന്നാല്‍ ഇതിനെതിരെ പി.യു.സി.എല്‍ നേതാവ് വിളയോടി വേണുഗോപാല്‍ നല്‍കിയ റിട്ട് ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഈ നടപടി റദ്ദാക്കി. വര്‍ഷം 17 കഴിഞ്ഞിട്ടും ആ ഭൂമി പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കാനോ പകരം ഭൂമിയോ, പണമോ നല്‍കാനോ മാറിവന്ന ഒരു സര്‍ക്കാരും തയ്യാറായില്ല.

എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എസും പിന്നീട് ഇപ്പോഴത്തെ സര്‍ക്കാരും അധികാരത്തില്‍ വന്നപ്പോഴും ജോയിയേട്ടന്‍ ഉള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകര്‍ എല്ലാ മുഖ്യമന്ത്രിമാരെയും നേരിട്ടുകണ്ട് ആവശ്യപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. ഒന്നര പതിറ്റാണ്ട് മുമ്പ് അമ്പതിനായിരം രൂപയ്ക്ക് പാലക്കാട് നഗരത്തില്‍ തന്നെ നേരിട്ട് ഭൂമി വാങ്ങാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് കഴിയുമായിരുന്നു. ഇന്നത്തെ മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ ഈ കാലയളവിനിടയില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് സംഭവിച്ചത്.

പട്ടയം ലഭിച്ച് വില്ലേജ് ഓഫീസില്‍ കരവും അടച്ച് വീടുപണിക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒമ്പതു വര്‍ഷത്തിനുശേഷം 2006 ഒക്‌ടോബര്‍ 25ന് ഹൈക്കോടതി ജസ്റ്റിസായിരുന്ന ഗഫൂര്‍ ഈ പദ്ധതി റദ്ദാക്കിയത്. സര്‍ക്കാര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് പതിച്ചുനല്‍കിയ ഭൂമിയുടെ കൈവശാവകാശമുണ്ടായിരുന്ന പതിനെട്ട് പേരില്‍ ഒരാള്‍ക്കുപോലും നോട്ടീസ് നല്‍കുകയോ, അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയോ ചെയ്യാതെയാണ് സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് ഹൈക്കോടതി വിധിയുണ്ടായത്.

ഇതിനെതിരെ അപ്പീല്‍ നല്‍കേണ്ട സര്‍ക്കാരും യൂണിയനും കാണിച്ച അലംഭാവത്തിന്റെ ആദ്യ രക്തസാക്ഷിയായിരുന്നു ജോയ് ശാസ്താംപടിക്കല്‍. അന്ന് അഞ്ചുസെന്റ് വീതം ഭൂമി ലഭിച്ച ശേഷിക്കുന്ന പതിനേഴ് പത്രപ്രവര്‍ത്തകര്‍ക്കും ഇന്ന് ജീവിതത്തിന്റെ നല്ല കാലയളവെല്ലാം പിന്നിട്ടുകഴിഞ്ഞു. ജോയിയേട്ടനെ പോലെ ശേഷിക്കുന്ന പത്രപ്രവര്‍ത്തകരും മരിച്ചുമണ്ണടിയാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജില്ലാ ഘടകം പതിനെട്ട് പത്രപ്രവര്‍ത്തകരില്‍ നിന്ന് ഈടാക്കിയ അഞ്ചുലക്ഷം രൂപ കൊണ്ട് കളക്‌ട്രേറ്റിനടുത്തുള്ള ഭൂമി മണ്ണിട്ടുനികത്തുകയും അവിടേക്ക് റോഡ് വെട്ടുകയും ചെയ്തു. പത്രപ്രവര്‍ത്തകരുടെ ചെലവില്‍ നിര്‍മ്മിച്ച ആ റോഡിലൂടെയാണ് പിന്നീട് ഇതേ സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ജില്ലാ പഞ്ചായത്തിലേക്കും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗസ്റ്റ് ഹൗസിലേക്കും ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥരും സഞ്ചരിക്കുന്നത്.

പത്രപ്രവര്‍ത്തകര്‍ ഉണ്ടാക്കിയ റോഡിലൂടെ ലോകത്തില്‍ എവിടെയെങ്കിലും ഭരണകര്‍ത്താക്കള്‍ സഞ്ചരിക്കുന്നത് കാണണമെങ്കില്‍ ഇവിടെ വരണം. കച്ചവടാടിസ്ഥാനത്തിലുള്ള ടൂറിസ്റ്റ് ഗസ്റ്റ്ഹൗസ് നിര്‍മ്മിക്കുന്നതിനു പോലും നിയമം തടസ്സമായില്ല. പത്രപ്രവര്‍ത്തകര്‍ക്ക് ഭവന പദ്ധതിക്കായി പ്രതിഫലം വാങ്ങി ഭൂമി നല്‍കിയത് പൊതുകാര്യമായി വരില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.

ഇതേസമയം മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത ഇതേ പത്തേക്കറില്‍ തന്നെയാണ് ജില്ലാ കോടതികളിലെ എല്ലാ ന്യായാധിപന്‍മാരും താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ പണികഴിപ്പിച്ചിരിക്കുന്നത്. ന്യായാധിപന്‍മാര്‍ക്ക് താമസിക്കാനായി കെട്ടിടം ഉണ്ടാക്കിയപ്പോള്‍ അത് പൊതു ആവശ്യവും പ്രതിഫലം വാങ്ങിക്കൊണ്ട് പത്രപ്രവര്‍ത്തകര്‍ക്ക് അഞ്ചുസെന്റ് നല്‍കിയപ്പോള്‍ അത് സ്വകാര്യ ആവശ്യവുമായി മാറി!!vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വില വാങ്ങിയ ഭൂമിയില്‍ നിന്ന് ആട്ടിയിറക്കി, കാല്‍ നൂറ്റാണ്ടിന്റെ നീതി നിഷേധം സഹിച്ച് 18 മാധ്യമപ്രവര്‍ത്തകര്‍