Search

പാറമടയില്‍ താമസിക്കുന്ന മനോരോഗിയായ ആദിവാസി യുവാവിനെ അടിച്ച് അവശനാക്കി സെല്‍ഫിയെടുത്ത മലയാളി രാജ്യത്തിനു തന്നെ അപമാനം, കുറ്റവാളികള്‍ക്ക് കൊലക്കയര്‍ തന്നെ വേണ്ടേ...


ജാവേദ് റഹ്മാന്‍

അഗളി: നാടിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട്, അട്ടപ്പാടിയില്‍ ആദിവാസി യുവാവ്, കടുകുമണ്ണ സ്വദേശി മധു(27)വിനെ തല്ലിക്കൊന്നവരില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. നാടെങ്ങും കടുത്ത പ്രതിഷേധമാണ് അക്രമികള്‍ക്കെതിരേ ഉയരുന്നത്.

മാനസിക പ്രശ്‌നങ്ങളുള്ള യുവാവിനെ കൊന്നത് പ്രദേശത്തെ ഡ്രൈവര്‍മാരാണെന്ന്  അമ്മ മല്ലി പറഞ്ഞു. മകന്‍ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് മല്ലി നിലവിളിയോടെ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. അന്വേഷണത്തിന് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുക്കാലി പ്രദേശത്തു മോഷണം നടത്തിയെന്നാരോപിച്ച് മധുവിനെ വനത്തിലിട്ടു മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുവന്ന് പൊലീസിനു കൈമാറുകയായിരുന്നു. യുവാവിനെ അഗളി ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് രക്തം ഛര്‍ദ്ദിച്ചു മരിച്ചത്.

മധു കടകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാനസിക പ്രശ്‌നങ്ങള്ള മധു കാട്ടില്‍ മല്ലീശ്വരന്‍ മുടിയുടെ താഴ്ഭാഗത്ത് പാറമടയിലാണ് താമസിക്കുന്നത്. ഇവിടെ നിന്നാണ് നാട്ടുകാര്‍ പിടികൂടിയതെന്നാണ് അറിയുന്നത്.മധുവിനെ പിടികൂടുന്നവര്‍ ബാഗ് പരിശോധിക്കുന്നതും മര്‍ദ്ദിക്കുന്നതും അക്രമികള്‍ തന്നെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൊടുത്തിരുന്നു. തല്ലരുതെന്ന് ആരോ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഉടുത്തിരുന്ന ലുങ്കി ഉരിഞ്ഞ് കൈള്‍ കൂട്ടിക്കെട്ടിയ നിലയില്‍ നില്‍ക്കുന്ന വീഡിയോ പ്രചരിക്കുന്നത്.

നിസ്സഹായനായ യുവാവിനൊപ്പം നിന്നു ചിലര്‍ സന്തോഷപൂര്‍വം സെല്‍ഫിയും എടുത്തു ഫേസ് ബുക്കിലിട്ടു.

കര്‍ശന നടപടി, നാടിനു കളങ്കം: മുഖ്യമന്ത്രി

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവം അത്യന്തം അപലപനീയമാണ്.  കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിക്ക് പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
ഇത്തരം ആക്രമങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഇത്തരം സംഭവങ്ങള്‍ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യസാംസ്‌കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ഇതു ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ലെന്ന് അഗളി ഡിവൈ എസ്പി സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഇതേസമയം, മധുവിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിസ്സംഗതയ്ക്ക് മാപ്പില്ലെന്നും കേരള മനസ്സാക്ഷിയുടെ കൈകളാണ് കെട്ടിയിട്ടതെന്നും ചെന്നിത്തല ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.


Keywords: Attappadi, Madhu Murder, Agaly, Crimevyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പാറമടയില്‍ താമസിക്കുന്ന മനോരോഗിയായ ആദിവാസി യുവാവിനെ അടിച്ച് അവശനാക്കി സെല്‍ഫിയെടുത്ത മലയാളി രാജ്യത്തിനു തന്നെ അപമാനം, കുറ്റവാളികള്‍ക്ക് കൊലക്കയര്‍ തന്നെ വേണ്ടേ...