റോയ് പി തോമസ് കൊച്ചി : നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളെയെല്ലാം കുടുക്കാന്‍ മോട്ടോര്‍...
റോയ് പി തോമസ്
കൊച്ചി : നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത താരങ്ങളെയെല്ലാം കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്ത നീക്കമാരംഭിച്ചു.
ഇതിനായി പോണ്ടിച്ചേരി മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സഹായം കേരളം തേടിയിരിക്കുകയാണ്. താരങ്ങള്‍ മാത്രമല്ല, നിരവധി വമ്പന്‍ ബിസിനസുകാരും ഡോക്ടര്‍മാരുമെല്ലാം ഇത്തരത്തില്‍ വാഹന രജിസ്ട്രേഷന് നടത്തിയിട്ടുണ്ട്. ഇവയെല്ലാം ആഡംബര കാറുകളാകയാല് കോടികളുടെ തട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇതിനു പുറമേ, ഇതിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരു വ്യക്തിയുടെ പേരിലായിരിക്കും രജിസ്്ട്രേഷന്. ഇതു ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാണ്. ഇതെല്ലാം കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
നടി അമല പോള്‍ പോണ്ടിച്ചേരിക്കാരനായ വിദ്യാര്‍ത്ഥിയുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷം രൂപയുടെ നികുതി തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഈ രംഗത്തെ തട്ടിപ്പുകളെക്കുറിച്ച് ചര്‍ച്ച വന്നത്. ഇതിനു പിന്നാലെ നടനും എംപിയുമായ സുരേഷ് ഗോപി, നടന് ഫഹദ് ഫാസില്‍ തുടങ്ങി നിരവധി പേരുടെ തട്ടിപ്പുകഥകള്‍ പുറത്തുവന്നു.
സുരേഷ് ഗോപിയോട് വാഹന രജിസ്ട്രേഷന് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്. നവംബര്‍ 13നുള്ളില്‍ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചിയില്‍ തൃപ്പൂണിത്തുറയിലെ ഫ് ളാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്കാന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഇവിടെ താമസിക്കുന്ന ഫഹദ് ഫാസില്‍ ഉള്‍പ്പെടെ പലരുടെയും കാറിന്റെ നമ്പര്‍ പ്ളേറ്റുകള്‍ ഇളക്കി മാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ ഫ് ളാറ്റില്‍ മാത്രം പത്തു പോണ്ടിച്ചേരി രജിസ്ട്രേഷന് ആഡംബര കാറുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരാരും കേരളത്തിലില്ലെന്നാണ് ഫ് ളാറ്റിലെ സെക്യൂരിറ്റി കൊടുത്തിരിക്കുന്ന മറുപടി. ഇവര്‍ നിസ്സഹകരിച്ചാല്‍ കടുത്ത നടപടി ഉണ്ടായേക്കും.
ഫഹദ് ഫാസിലിന്റെ ബെന്‍സ് കാറിന് 70 ലക്ഷം രൂപ വിലയുണ്ടത്രേ. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുക വഴി 14 ലക്ഷം രൂപ നികുതി വെട്ടിപ്പ് നടത്തി. പോണ്ടിച്ചേരിയില്‍ സ്ഥിരതാമസമുള്ളവര്ക്കേ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്യാനാവൂ. അവിടെ സ്ഥിരതാമസമുള്ള ആരുടെയെങ്കിലും പേരില്‍ അവര്‍ പോലുമറിയാതെയാണ് പലരും വാഹനം രജിസ്റ്റര്‍ ചെയ്തെടുക്കുന്നത്. ഇതിനു സഹായം നല്കാന് ഏജന്‍സികളുണ്ട്.
അമലപോളിന്റെ മെഴ്സിഡസ് ബെന്‍സ് കാറിന് ഒരു കോടിക്കു പുറത്ത് വിലയുണ്ട്.
പോണ്ടിച്ചേരിയിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് രജിസ്ട്രേഷന്. തന്റെ പേരില്‍ കാറുള്ള കാര്യം അറിയില്ലെന്നു വിദ്യാര്‍ത്ഥിയും പറഞ്ഞിട്ടുണ്ട്.
കേരള വാഹന നിയമമനുസരിച്ച് അന്യസംസ്ഥാനത്തെ കാര്‍ ഇവിടെ ഓടിക്കുന്നതിന് ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന് ഉടമയുടെ പേരിലേക്കു മാറ്റി വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കണം. ഈ ഇനത്തില്‍ അമല അടയ്ക്കേണ്ടിയിരുന്നത് ഇരുപതു ലക്ഷത്തിലേറെ രൂപയാണ്.
ഒരു വര്‍ഷം വരെ കേരളത്തില്‍ ഓടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്ട്രേഷന് മതി. ഇതാണ് പലരും ഉപയോഗപ്പെടുത്തുന്നത്.
സുരേഷ് ഗോപിയുടേത് ഔഡി ആഡംബര കാറാണ്. ഇതു പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തന്റെ കാറിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ വിവരം നല്കുമെന്നു സുരേഷ് ഗോപി പറഞ്ഞു.
COMMENTS