Search

ബിജെപി വിരുദ്ധ പരാമര്‍ശങ്ങള്‍, മെര്‍സല്‍ വന്‍ വിവാദത്തില്‍, പിന്തുണയുമായി രാഹുല്‍ ഗാന്ധിവരെ, പൊട്ടാന്‍ തുടങ്ങിയ വിജയ് ചിത്രം രക്ഷപ്പെട്ട സന്തോഷത്തില്‍ അണിയറക്കാര്‍

ദീപക് നമ്പ്യാര്‍

ചെന്നൈ: ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാന്‍ കഴിയാതെപോയ വിജയ് ചിത്രം മെര്‍സലിന് ജിഎസ്ടി വിവാദം വലിയ തുണയായി. ചിത്രം വിവാദമായതോടെ, കാണേണ്ടെന്നു കരുതിയവരും ചിത്രം കാണാന്‍ കയറിത്തുടങ്ങി. ഇതോടെ, കളക്ഷന്‍ ഉയരുന്നതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

പതിവു മസാലകള്‍ അല്പം എരിവുകൂട്ടിയുള്ള ചിത്രമാണ് മെര്‍സല്‍. കാഴ്ചക്കാരെ വലുതായി വിരസതയിലാക്കുന്നില്ലെന്നു മാത്രം. ആദ്യ രണ്ടു ദിവസത്തെ ആരാധകരുടെ ഒഴുക്കു കുറഞ്ഞതോടെ ചിത്രത്തിനു തിരിച്ചടിയുണ്ടാവുമെന്നു കരുതിയിരിക്കെയാണ് പുതിയ വിവാദം സഹായത്തിനെത്തിയിരിക്കുന്നത്.

സിനിമയില്‍ നോട്ട് നിരോധനത്തേക്കുറിച്ച് ഉള്‍പ്പെടെ ബിജെപിക്കു ദഹിത്താക്ക പരമര്‍ശങ്ങളുണ്ട്. ഇതാണ് അവരെ ചൊടിപ്പിച്ചത്. ജിഎസ്ടിയും ഡിജിറ്റല്‍ ഇന്ത്യയും ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ മരണവും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഈ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ബിജെപി ആവശ്യം.

ഇതിനെതിരേ, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവരാണ് രംഗത്തുവന്നത്. ഡീമോണിറ്റൈസേഷന്‍ എന്ന വാക്കിനെ ഡിമോണ്‍, എറ്റൈസ് എന്നിങ്ങനെ രണ്ടായി പിരിച്ചെഴുതിയാണ് രാഹുല്‍ പ്രതിഷേധിച്ചത്.


തമിഴ് സിനിമ, തമിഴരുടെ സംസ്‌കാരത്തിന്റെ തീവ്രആവിഷ്‌കാരമാണെന്നും അവരുടെ അഭിമാനത്തെ വെല്ലുവിളിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

ഉലകനായകന്‍ കമലഹാസന്‍ അതിശക്തമായ പ്രതികരണമാണ് നടത്തിയത്. ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണമെന്നും അനിഷ്ടരംഗങ്ങള്‍ നീക്കണമെന്നുമുള്ള ആവശ്യം അണിയറ പ്രവര്‍ത്തകര്‍ സമ്മതിച്ചതായും അറിയുന്നുവെന്നും അതിനനുവദിക്കരുതെന്നുമാണ് കമല്‍ ആവശ്യപ്പെട്ടത്.

വിമര്‍ശകര്‍ക്ക് യുക്തിസഹമായി മറുപടി നല്‍കിയവണ് അവരുടെ വായടപ്പിക്കേണ്ടത്. സംസാരിക്കുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുന്നു എന്നു പറയാന്‍ കഴിയൂ' എന്നും കമല്‍ പറഞ്ഞു.

മോഡി സര്‍ക്കാറിനെതിരെയുള്ള ഭാഗങ്ങള്‍ നീക്കേണ്ടതില്ലെന്ന് കബാലി സംവിധായകന്‍ പാ രഞ്ജിത പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകളാണ് സിനിമയിലുള്ളത്. ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ ഗണേശ്, ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് തമിഴരസി സൗന്ദര്‍രാജ് തുടങ്ങി നിരവധി നേതാക്കള്‍ സിനിമക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

രാഷ്ട്രീയത്തിലിറങ്ങാനുള്ള വിജയ് യുടെ തന്ത്രങ്ങളാണ് ഈ പരിഹാസങ്ങളെല്ലാമെന്നാണ് ബിജെപിയുടെ ആക്ഷേപം. സമൂഹത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.

ഏഴ് ശതമാനം ജിഎസ്ടി നടപ്പിലാക്കുന്ന സിംഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജിഎസ്ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സിനിമയില്‍ ചോദിക്കുന്നു. ഇതാണ് ബിജെപിക്കു കൊണ്ടത്.

ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും ഗോരഖ്പുരിലെ ആശുപത്രിയിലെ ശിശുക്കളുടെ കൂട്ടമരണവും നോട്ടു നിരോധനവുമെല്ലാം സിനിമയില്‍ പരിഹാസ രൂപത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്‍ മാത്രമേ നിര്‍മ്മിക്കാനാകൂ എന്ന അവസ്ഥയാണുള്ളതെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം കുറ്റപ്പെടുത്തി.

Keywords: Mersal, Vijay, Movie, Rahul Gandhi, Tamil Movie, Pa Ranjith, Kamal Hasanvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബിജെപി വിരുദ്ധ പരാമര്‍ശങ്ങള്‍, മെര്‍സല്‍ വന്‍ വിവാദത്തില്‍, പിന്തുണയുമായി രാഹുല്‍ ഗാന്ധിവരെ, പൊട്ടാന്‍ തുടങ്ങിയ വിജയ് ചിത്രം രക്ഷപ്പെട്ട സന്തോഷത്തില്‍ അണിയറക്കാര്‍