Search

നിതീഷ് കൂടുതല്‍ ചോദിച്ചു, പാട്ടിനു പോകാന്‍ മോഡി പറഞ്ഞു, അതോടെ സഖ്യകക്ഷികളെയെല്ലാം തഴയാന്‍ മോഡിയും ഷായും തീരുമാനിച്ചു

അഭിനന്ദ്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനയിലേക്കു വിമാനം കയറിയപ്പോഴും നടന്ന രാഷ്ട്രീയ നീക്കങ്ങള്‍ കൊടുത്ത ആഘാതത്തില്‍ നിന്ന് സഖ്യകക്ഷികളായ ഐക്യ ജനതാദളിനും ശിവസേനയ്ക്കും മുക്തമാവാന്‍ കഴിയുന്നില്ല.

പല മന്ത്രിമാരെയും മോഡി രാജിവയ്പ്പിച്ചത് ഐക്യദളിനും ശിവസേനയ്ക്കും തമിഴ്‌നാട്ടിലെ എഡിഎംകെയ്ക്കും സീറ്റ് നല്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, വികസനം ബിജെപിയുടെ മാത്രം കാര്യമാക്കി മാറ്റി പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ബീഹാറില്‍ ബിജെപിക്കു പുതിയ വിലാസമുണ്ടാക്കിക്കൊടുത്ത ഐക്യദളിന് എന്തായാലും മന്ത്രിയുണ്ടാവുമെന്ന് ഉറപ്പിച്ചിരുന്നതാണ്. പക്ഷേ, ജെഡി യു തലവനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ കടുംപിടിത്തമാണ് കാര്യങ്ങളെല്ലാം പാളം തെറ്റിച്ചത്. അതോടെ, മറ്റുള്ളവര്‍ക്കും കസേര കിട്ടാതെയാവുകയായിരുന്നു.

ഇത്തവണത്തെ മാറ്റങ്ങളുടെ തീരുമാനമെല്ലാം മോഡിയും അമിത് ഷായും മാത്രം ചേര്‍ന്നെടുത്തതായിരുന്നു. അതില്‍ ബിജെപിയിലെ മറ്റു നേതാക്കള്‍ക്കോ ആര്‍എസ്എസിനോ ഒരു പങ്കുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരനെ മന്ത്രിയാക്കണമെന്ന് ആര്‍എസ്എസ് ശഠിച്ചിട്ടും വഴങ്ങാതെ പ്രധാനമന്ത്രി കസേര അല്‍ഫോണ്‍സ് കണ്ണന്താനത്തിനു കൊടുത്തതും.

നിതീഷ് കുമാറിന് ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവുമാണ് മോഡി വാഗ്ദാനം ചെയ്തത്. അദ്ദേഹം അതില്‍ തൃപ്തനായില്ല. രണ്ടു ക്യാബിനറ്റ് സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും കിട്ടിയേ തീരൂ എന്ന് അദ്ദേഹം ശഠിച്ചു. മാത്രമല്ല, റെയില്‍വേ പോലെ മുന്തിയ വകുപ്പുകള്‍ വേണമെന്നും നിതീഷ് വാദിച്ചു.

പക്ഷേ, മോഡിയും ഷായും വഴങ്ങിയില്ല. തരുന്നത് വേണമെങ്കില്‍ എടുക്കുക, അല്ലെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കാം എന്ന നിലപാടിലായിരുന്നു മോഡിയും ഷായും. എന്നാലും അവസാന നിമിഷം മോഡി വഴങ്ങുമെന്നായിരുന്നു നിതീഷിന്റെ പ്രതീക്ഷ. പക്ഷേ, വെട്ടൊന്ന്, തുണ്ടം രണ്ട് എന്ന നിലപാടില്‍ തന്നെയായിരുന്ന മോഡി നിതീഷിനെ കൂടുതല്‍ പ്രീണിപ്പിക്കാന്‍ നിന്നില്ല. അവസാനം നിതീഷ് ഒത്തുതീര്‍പ്പിനു തയ്യാറായി വന്നപ്പോഴേക്കും സമയം വൈകിപ്പോയെന്ന മറുപടിയാണ് മോഡിയുടെ ഓഫീസില്‍ നിന്നു കിട്ടിയത്.

നിതീഷ് വഴങ്ങാതെ വന്നാല്‍ ചെയ്യേണ്ട പഌന്‍ ബി നേരത്തേ തന്നെ മോഡിയുടെ ഓഫീസ് തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോയി. നിതീഷിനു കസേരയില്ലെങ്കില്‍ മറ്റാര്‍ക്കും കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു മോഡി. ഇതോടെ, ശിവസേനയ്ക്കും എഡിഎംകെയ്ക്കുമെല്ലാം നോക്കുകുത്തികളായി നില്‍ക്കേണ്ടിവന്നു.

18 എംപിമാരുണ്ടായിട്ടും ഒരു കാബിനറ്റ് മന്ത്രി സ്ഥാനം മാത്രമുള്ള ശിവസേന ഇത്തവണത്തെ മന്ത്രിസഭാ വികസനത്തില്‍ തീര്‍ത്തും അതൃപ്തരാണ്. നടുക്കം വിട്ടുമാറാത്തതിനാല്‍ നിതീഷിന് ഒന്നും മിണ്ടാനുമാവുന്നില്ല.

പക്ഷേ, രാജ്യസഭയില്‍ അവസരം വരുമ്പോള്‍ തിരിട്ടു പണി കൊടുക്കാനാണ് ഇപ്പോള്‍ ശിവസേനയും ഐക്യ ദളും തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ടു കക്ഷികളും വിട്ടുനിന്നാല്‍ രാജ്യസഭയില്‍ ബിജെപിക്കു വെള്ളം കുടിക്കേണ്ടിവരും.
ജെഡി (യു) വിന് രാജ്യസഭയില്‍ 10 അംഗങ്ങളാണുള്ളത്. ശിവസേനയ്ക്കു മൂന്നു രാജ്യസഭാ എംപിമാരുണ്ട്. ദീര്‍ഘകാലമായി ബിജെപി സഖ്യകക്ഷിയായ ശിവസേനക്ക് ഒരു കാബിനറ്റ് മന്ത്രി മാത്രമാണുള്ളത്, ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പ്  മന്ത്രി അനന്ത് ഗീതേയാണ് ശിവസേനയുടെ അംഗം.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ നിതീഷ് കൂടുതല്‍ ചോദിച്ചു, പാട്ടിനു പോകാന്‍ മോഡി പറഞ്ഞു, അതോടെ സഖ്യകക്ഷികളെയെല്ലാം തഴയാന്‍ മോഡിയും ഷായും തീരുമാനിച്ചു