Search

കൂട്ടുകാരും പിന്തുണക്കാരും പാരയായി, ജയിലിലെ സന്ദര്‍ശക പ്രവാഹം ദിലീപിന്റെ ജാമ്യ മോഹങ്ങള്‍ക്കു തിരിച്ചടിയായേക്കും

റോയ് പി തോമസ്

കൊച്ചി: ജയിലില്‍ സന്ദര്‍ശകരുടെ കുത്തൊഴുക്കുണ്ടായതും കെ ബി ഗണേശ് കുമാര്‍ എംഎഎല്‍എ ദിലീപിനെ എല്ലാവരും പിന്തുണയ്ക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടതും ജാമ്യം നേടാനുള്ള നടന്റെ നീക്കങ്ങള്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായി മാറിയേക്കും.

ദിലീപ് വന്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും ജയിലിനു പുറത്തുവിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുതിരുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ പ്രധാനമായി വാദിച്ചിരുന്നത്. ഈ വാദം ശരിവയ്ക്കുന്ന തരത്തിലാണ് മറ്റു പ്രതികള്‍ക്കൊന്നുമില്ലാത്ത തരത്തില്‍ ദിലീപിനെ കാണാനായി കല്യാണവീട്ടിലേക്കെന്നപോലെ ആളുകള്‍ എത്തിയത്. ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ പുറത്തുവിട്ടാല്‍ എന്തായിരിക്കും അവസ്ഥയെന്ന് അടുത്ത ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യുന്ന വേളയില്‍ കോടതിക്കു മുന്നില്‍ പ്രോസിക്യൂഷന്‍ ചോദ്യമുയര്‍ത്തും.

വിചാരണക്കോടതിയും ഹൈക്കോടതിയും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയ ഒരാളെ കുറ്റക്കാരനല്ലെന്ന തരത്തില്‍ ഗണേശ് കുമാര്‍ എംഎല്‍എ പ്രഖ്യാപിച്ചതും പരസ്യ പിന്തുണ അഭ്യര്‍ത്ഥിച്ചതും ഫലത്തില്‍ ദിലീപിനു ദോഷമായി മാറും. കരുത്തരായ എംഎല്‍എമാര്‍ പോലും ദിലീപിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പരസ്യമായി രംഗത്തുണ്ടെന്നിരിക്കെ, ജാമ്യം കൊടുക്കുന്നത് കുഴപ്പമാവുമെന്ന് വാദിച്ചു സ്ഥാപിക്കാന്‍ ഇതു തന്നെ ധാരാളമായി വരും.

ദിലീപിനെ ഏതു വിധവും രക്ഷിച്ചെടുക്കാന്‍ അഭിഭാഷകര്‍ കിണഞ്ഞു ശ്രമിക്കെയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ പാരയായി വന്നിരിക്കുന്നത്. ജയിലില്‍ നടന്‍
ജയറാം ഓണക്കോടിയുമായി എത്തിയതിനു പിന്നാലെയാണ് പടയോടെ സിനിമാക്കാര്‍ ജയിലിലേക്ക് എത്തിയത്.

ജയില്‍ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള ഈ സന്ദര്‍ശന പരമ്പരയെ തുടര്‍ന്ന് നടനെ കാണാനെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജയില്‍ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തു. ഫലത്തില്‍ ദിലീപിനെ കാണാനുള്ള സന്ദര്‍ശകരുടെ ഒഴുക്കും അദ്ദേഹത്തിന് അനുകൂലമായുള്ള പരസ്യ പ്രസ്താവനകളും പ്രോസിക്യൂഷന് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുകയാണ്.

നിരപരാധിയായി ചിത്രീകരിച്ച് ഏതു വിധത്തിലും നടനെ പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിനിമാക്കാര്‍ നിരനിരയായി താരത്തെ കാണാന്‍ ജയിലിലെത്തിയതെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പു നല്കിയിരുന്നു. ഇതനുസരിച്ചാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇനി മുതല്‍ കുടുംബാംഗങ്ങള്‍ക്കും സുപ്രധാന വ്യക്തികള്‍ക്കും മാത്രമേ നടനെ കാണുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ.

Keywords: Dileep, Jail, Nadirsha, Jayaram, Ranjith, Movie, Film, Actress


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കൂട്ടുകാരും പിന്തുണക്കാരും പാരയായി, ജയിലിലെ സന്ദര്‍ശക പ്രവാഹം ദിലീപിന്റെ ജാമ്യ മോഹങ്ങള്‍ക്കു തിരിച്ചടിയായേക്കും