Search

ഗുര്‍മീതിനെതിരായ വിധി: കലാപത്തില്‍ 32 മരണം, മുന്നൂറിലേറെ പേര്‍ക്കു പരിക്ക്, റെയില്‍വേ സ്‌റ്റേഷന് തീയിട്ടു

ഗുര്‍മീതിന്റെ വനിതാ അനുയായികള്‍ സിര്‍സയില്‍ വടികളുമായി വന്ന് റോഡ് തടയുന്നു


അഭിനന്ദ്

ന്യൂഡല്‍ഹി : ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ച, സിഖുകാരിലെ ദേരാ സച്ച വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്‍ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വൈകുന്നേരം ആറു മണി വരെ 32 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ക്കു  പരിക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷം കണക്കിലെടുത്ത് ഗുര്‍മീതിനെ സൈനിക ഹെലികോപ്ടറില്‍ റോത്തക്കിലേക്കു കൊണ്ടുപോയി. ഇയാളെ അംബാല ജയിലിലാണ് കൊണ്ടുപോയതെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.

പഞ്ചകുല സിബിഐ കോടതിയാണ് ഗുര്‍മീത് സിംഗ് കുറ്റക്കാരാണെന്ന് വിധിച്ചത്.  ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇയാളെ കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ പഞ്ചകുല മേഖലിയില്‍ വന്‍ അക്രമമാണ് അരങ്ങേറുന്നത്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും അക്രമങ്ങളില്‍ പരിക്കേറ്റു. ഈ മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കുറ്റക്കാരനാണെന്ന് വിധിച്ചതിനാല്‍ ഇന്നുതന്നെ ഗുര്‍മീതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ അറസ്റ്റിലായാല്‍ പഞ്ചാബിലും ഹര്യാനയിലും കലാപത്തിനു തന്നെ അണികളെ ഇയാള്‍ ഇളക്കിവിട്ടിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അരങ്ങേറുന്ന അക്രമങ്ങള്‍. പഞ്ചകുലയില്‍ മാത്രം ഗുര്‍മീതിന് ഒരുലക്ഷത്തില്‍ പരം അനുയായികളുണ്ട്.ഗുര്‍മീത് ഇന്നു കോടതിയില്‍ എത്തിയതു പോലും ഇരുനൂറില്‍ പരം വാഹനങ്ങളുടെ അകമ്പടിയിലാണ്. കലാപം ഭയന്ന് പലേടത്തും സേനയെ തന്നെ വിന്യസിച്ചിരിക്കുകയാണ്്.

പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിനും റെയില്‍വേ സ്‌റ്റേഷനും ഗുര്‍മീതിന്റെ അനുയായികള്‍ തീവച്ചതായി റിപ്പോര്‍ട്ടുണ്ട്.

പഞ്ചാബിലും ഹര്യാനയിലും റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അക്രമികളെ പിടികൂടി ഇരുത്താനായി മൂന്നു സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കിയിരിക്കുകയാണ്.

ഗുര്‍മീതിനെ സൈനിക ഹെലികോപ്ടറില്‍ റോത്തക്കിലെ ജയിലിലേക്കു കൊണ്ടുപോകാനൊരുങ്ങുന്നു


* പഞ്ച്കുലയിലേക്കു കൂടുതല്‍ സൈന്യത്തെ വിളിച്ചു. നിലവില്‍ 600 സൈനികരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.

* പലേടത്തും റാം റഹിം അനുകൂലികളുടെ സംഘത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. ഒ

* പലേടത്തും കടകമ്പോളങ്ങള്‍ക്കു തീയിട്ടു. പഞ്ച്കുലയുടെ ആകാശം കട്ടിയുള്ള പുക മൂടിക്കിടക്കുകയാണ്. ഇതു തന്നെ കലാപത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

* പരിക്കേറ്റവരുമായി ആംബലുലന്‍സുകള്‍ ആശുപത്രികളിലേക്ക് കുതിക്കുന്നത് പലേടത്തും കാണാം.

* പഞ്ച്കുലയില്‍ ഫയര്‍ എഞ്ചിനും തീയിട്ടു. എന്‍ ഡി ടി വി തത്സമയ പ്രക്ഷേപണ വാന്‍ തീയിട്ടു. എന്‍.ഡി.ടി.വി എന്‍ജിനീയര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു.

* ഡല്‍ഹിയിലും ചിലേടങ്ങളില്‍ അക്രമമുണ്ടായി. ഡല്‍ഹിയില്‍ ഒരു ബസ്സിനും തീയിട്ടു.

* പഞ്ചാബില്‍ മലൗട്ട്, ബലോണ എന്നിവിടങ്ങളില്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് അക്രമികള്‍ തീയിട്ടു. പഞ്ചാബിലും ഹരിയാനയിലുമായി ഇരുനൂറോളം ട്രെയിനുകള്‍ റദ്ദാക്കി.

* ഹരിയാനയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചു.

Keywords:   Gurmeet Ram Rahim Singh, self-proclaimed spiritual leader, Panchkula, journalists, Police, Punjab, Haryana, attacker, military personnel, Ram-Rahim , NDTV


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഗുര്‍മീതിനെതിരായ വിധി: കലാപത്തില്‍ 32 മരണം, മുന്നൂറിലേറെ പേര്‍ക്കു പരിക്ക്, റെയില്‍വേ സ്‌റ്റേഷന് തീയിട്ടു