Search

ആരോഗ്യ മന്ത്രിയുടെ കസേര ആടുന്നു, ഇപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റും, പിന്നെ മന്ത്രിസഭാ അഴിച്ചുപണിക്കും സാദ്ധ്യതസിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കസേരയ്ക്ക് ഇളക്കം തുടങ്ങി.

ശൈലജയ്‌ക്കെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗവും പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയരായ ഇപി ജയരാജനും ശൈലജയ്ക്കും ഇരട്ട നീതിയാണ് നല്കുന്നതെന്നു പ്രതിപക്ഷം ആക്ഷേപിച്ചെങ്കിലും ആ ആക്ഷേപം പാര്‍ട്ടിക്കുള്ളിലും വലിയൊരു വിഭാഗത്തിനു മുന്നിലുണ്ട്.

പ്രതിപക്ഷത്തെ അഞ്ച് എംഎല്‍എമാരാണ് മന്ത്രിയുടെ രാജിക്കു വേണ്ടി സത്യാഗ്രഹമിരിക്കുന്നത്. അവരുടെ സമരം നിയമസഭാ സമ്മേളനം കഴിയുമ്പോള്‍ അവസാനിച്ചേക്കും. പക്ഷേ, അത് ജനത്തിനു മുന്നില്‍ മന്ത്രിക്കും സര്‍ക്കാരിനും നല്കുന്നത് മോശം ഇമേജ് ആയിരിക്കുമെന്ന് പൊതു ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.

തത്കാലം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ബലികൊടുത്ത് പ്രശ്‌നം തണുപ്പിക്കാനാണ് ശ്രമം. സര്‍ക്കാരിന്റെ ഇച്ഛയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ പ്രൈവറ്റ് സെക്രട്ടറി വീഴ്ച വരുത്തിയെന്നു വ്യാഖ്യാനിച്ച് മാറ്റാനാണ് തീരുമാനം.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പ്രശ്‌നത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും മന്ത്രിക്ക് കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നതാണ് വലിയ വിവാദമായത്. ഇതിനു രണ്ടിനും കാരണക്കാരന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു.

ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ഉദ്യോഗസ്ഥനാണ് മന്ത്രി ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി. ഇദ്ദേഹത്തെ ഒഴിവാക്കി സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂലിയായ അഡിഷണല്‍ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനാണ് തത്വത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതിലൂടെ മന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ നിയന്ത്രണത്തിനും പാര്‍ട്ടി ലക്ഷ്യമിടുന്നു.

എന്നാല്‍, കേരളത്തെ ഗ്രസിച്ച ഡെങ്കിപ്പനി വിഷയത്തില്‍ ആരോഗ്യവകുപ്പ് ദയനീയ പരാജയമായി മാറിയിരുന്നു. ഇതു വലിയ ചര്‍ച്ചയാകാതെ പോയതിന് നടന്‍ ദിലീപിനോടാണ് സര്‍ക്കാര്‍ നന്ദി പറയേണ്ടത്. മാധ്യമങ്ങള്‍ ഒന്നാകെ ദിലീപ് വാര്‍ത്തകളില്‍ അഭിരമിച്ചപ്പോള്‍ ഡെങ്കി മരണങ്ങള്‍ അകം പേജുകളിലെ ചെറിയ വാര്‍ത്തയായി മാറുകയായിരുന്നു.

ആരോഗ്യ പരിപാലന രംഗത്ത് ഇത്രയും മോശം കാലഘട്ടം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നത് സത്യമാണ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും പനിക്കാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു കിടക്കുകയാണ്. ഈ വിഷയം നേരിടുന്നതിനു പകരം ആരോഗ്യ വകുപ്പും പഞ്ചായത്ത് വകുപ്പും പരസ്പരം ആരോപണം ഉന്നയിച്ചു തടിതപ്പുകയായിരുന്നു.

എന്നാല്‍, പ്രൈവറ്റ് സെക്രട്ടറിയെ മാറ്റുന്നതു കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ലെന്നും ശക്തമായ നടപടിയാണ് വേണ്ടതെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇതിനു കണ്ണൂരില്‍ നിന്നു തന്നെയുള്ള ചിലരുടെ പിന്തുണയുമുണ്ട്.

ഈ സാഹചര്യത്തില്‍ ഒരു മന്ത്രിസഭാ അഴിച്ചു പണിക്കും സാദ്ധ്യത തെളിയുന്നുണ്ട്. അഴിച്ചു പണി നടത്തുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ചെയ്യാം. കഴിവു കുറഞ്ഞവരെ അപ്രസക്തമായ വകുപ്പുകളിലേക്ക് മാറ്റാം. കഴിവുള്ളവര്‍ക്കു പ്രധാന വകുപ്പുകള്‍ നല്കാം. ഒപ്പം അഴിച്ചുപണിയുടെ പേരില്‍ അനഭിമതരെ ഒഴിവാക്കുകയും ചെയ്യാം.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ പോലുള്ളവരെ മന്ത്രിസഭയിലേക്കു കൊണ്ടുവരണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായി തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ മന്ത്രിസഭാ സമ്മേളനം കഴിയുന്നതോടെ എന്തെങ്കിലുമൊക്കെ ചെയ്തു മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നു തന്നെയാണ് കരുതേണ്ടത്.

Keywords: Health Ministry, KK Shylaja, Kerala, Pinarayi Vijayan, CPM, LDFvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആരോഗ്യ മന്ത്രിയുടെ കസേര ആടുന്നു, ഇപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റും, പിന്നെ മന്ത്രിസഭാ അഴിച്ചുപണിക്കും സാദ്ധ്യത