Search

പള്‍സര്‍ സുനിക്കു വേണ്ടി ജയിലില്‍ നിമയവിദ്യാര്‍ത്ഥി കത്തെഴുതി, ഡോകോമോ സിം ഉപയോഗിച്ച് ജയിലില്‍ നിന്ന് സുനി പല പ്രമുഖ സിനിമാക്കാരെയും വിളിച്ചതിനു തെളിവ്സ്വന്തം ലേഖകന്‍


കൊച്ചി: നടന്‍ ദിലീപിന് നടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പള്‍സര്‍ സുനി കത്തയച്ചിട്ടില്ലെന്ന് സുനിയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണകുമാര്‍ പറഞ്ഞതിനു പിന്നാലെ നിയമവിദ്യാര്‍ത്ഥിയാണ് സുനിക്കു വേണ്ടി കത്തെഴുതിയതെന്ന് പുതിയ വാര്‍ത്ത പുറത്തുവരുന്നു.

സുനിക്കൊപ്പം നിയമവിദ്യാര്‍ത്ഥി മറ്റൊരു കേസില്‍ പെട്ട് ജയിലിലായിരുന്നു. അപ്പോഴാണ് കത്തെഴുതിയത്. അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ വേണ്ടിയാണ് ഇയാളുടെ സഹായം തേടിയതെന്നും ചില ചാനലുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സുനിയുടെ വാക്കുകള്‍ അക്ഷരത്തെറ്റിലാതെ പകര്‍ത്തിയത് നിമയവിദ്യാര്‍ത്ഥിയാണ്. കത്ത് മറ്റൊരു തടവുകാരനായ വിഷ്ണു വഴി പുറത്തെത്തിച്ചതും നിയമവിദ്യാര്‍ത്ഥിയാണ്. നയമവിദ്യാര്‍ത്ഥിയെ മരട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അയാളാണ് കത്ത് അവിടെ വച്ചു വിഷ്ണുവിനു കൈമാറിയതും പിന്നീട് ദിലീപിന് എത്തിച്ചുകൊടുത്തതും.

ഇതിനിടെ, പള്‍സര്‍ സുനി തമിഴ്‌നാട്ടില്‍ നിന്നെടുത്ത ടാറ്റ ഡോകോമോ നമ്പര്‍ വഴി പല സിനിമാ പ്രമുഖരെയും വിളിച്ചതിനും പൊലീസിനു തെളിവുകിട്ടിയിട്ടുണ്ട്. ഈ സംഭാഷണങ്ങളും കേസില്‍ നിര്‍ണായകമായി മാറും.

സിനിമയിലെ തന്റെ ബന്ധങ്ങളെക്കുറിച്ചും അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചും ഗുണ്ടാ ഇടപാടുകളെക്കുറിച്ചും സുനി സഹതടവുകാരോടു പറഞ്ഞിട്ടുണ്ട്. ഇതിന്റെ മൊഴികളും പൊലീസ് ശേഖരിക്കുകയാണ്. ഇതെല്ലാം നാളെ കേസില്‍ സുപ്രധാന തെളിവായി വരാം.

ദിലീപിനു കിട്ടിയ കത്തിലെ കൈപ്പട സുനിയുടേതല്ലെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നു. പള്‍സര്‍ സുനിയുടെ കൈയക്ഷരം തനിക്കറിയാമെന്നും ഇത്ര വടിവൊത്ത അക്ഷരമല്ല അയാളുടേതെന്നുമാണ് അഭിഭാഷകന്റെ വാദം.

ദിലീപ് ചില നടിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരു പറഞ്ഞു തന്നെ ബ്‌ളാക് മെയില്‍ ചെയ്യാന്‍ ശ്രമമെന്നു പറഞ്ഞതിനു പിന്നാലെയാണ് വിവാദ കത്ത് പുറത്തായത്. ദിലീപിന്റെ പേരില്‍ വരികയും അദ്ദേഹം പൊലീസിനു കൈമാറുകയും ചെയ്ത കത്താണ് ഇന്നലെ മാധ്യമങ്ങള്‍ക്കു കിട്ടിയത്.

ഇതേസമയം, പള്‍സര്‍ സുനിയുടേതായി പുറത്തു വന്ന കത്ത് ജയിലില്‍ വച്ചു തന്നെ എഴുതിയതാണെന്ന് സ്ഥീരീകരിച്ചു. കത്തെഴുതിയ കടലാസും കത്തിലെ സീലും ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞു.

പള്‍സര്‍ സുനി നടന്‍ ദിലീപിനു എഴുതിയതെന്നു പറഞ്ഞ് മാധ്യമങ്ങളാണ് കത്ത് പുറത്തുവിട്ടത്. തന്നെയും ഒപ്പമുള്ള അഞ്ച് പേരെയും രക്ഷിക്കണമെന്ന ആവശ്യമാണ് പള്‍സര്‍ സുനി കത്തില്‍ ആവശ്യപ്പെടുന്നത്.

കാക്കനാട് ജയിലില്‍ കഴിയുന്ന സുനി സുഹൃത്ത് വിഷ്ണു വഴിയാണ് ദിലീപിന് കത്ത് എത്തിച്ചത്. കത്ത് കഴിഞ്ഞ ഏപ്രില്‍ 20ന് ദിലീപ് പൊലീസിന് കൈമാറിയതാണ്.

സംഭവത്തിന് ശേഷം ദിലീപ് തിരിഞ്ഞുനോക്കിയില്ലെന്ന് പള്‍സര്‍ സുനി പരിഭവിക്കുന്നു. ചേട്ടന് എല്ലാ കാര്യവും അറിയാമല്ലോ. പണത്തിന് അത്ര ആവശ്യമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ചേട്ടനെ ബുദ്ധിമുട്ടിക്കുന്നത്. വാഗ്ദാനം ചെയ്ത പണം പല തവണയായെങ്കിലും തരണം.

കത്തുമായി വരുന്ന വിഷ്ണുവിനോട് സഹായിക്കാന്‍ പറ്റുമോ എന്ന കാര്യം വ്യക്തമാക്കുക അല്ലെങ്കില്‍, 300 രൂപ തന്റെ ജയില്‍ വിലാസത്തിലേക്ക് മണിഓര്‍ഡര്‍ അയക്കുക. മണിഓര്‍ഡര്‍ ലഭിച്ചാല്‍ ചേട്ടന്‍ കൈവിട്ടിട്ടില്ലെന്ന് വിശ്വസിച്ചോളാം എന്നും സുനി കത്തില്‍ പറയുന്നു.

അഞ്ച് മാസമായി താന്‍ ജയിലില്‍ കഴിഞ്ഞപ്പോഴും ചേട്ടനുമായി ബന്ധപ്പെട്ട ഒരു കാര്യവും താന്‍ പുറത്തുപറഞ്ഞിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ എന്താണെന്ന് എനിക്കറിമല്ലോ എന്നും കത്തില്‍ പറയുന്നു. സഹായിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഇപ്പോഴത്തെ അഭിഭാഷകനെ മാറ്റുമെന്നും കാര്യങ്ങളെല്ലാം വെളിപ്പെടുത്തേണ്ടി വരുമെന്നും കത്തില്‍ ഭീഷണിയും മുഴക്കിയിട്ടുണ്ട്.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പള്‍സര്‍ സുനിക്കു വേണ്ടി ജയിലില്‍ നിമയവിദ്യാര്‍ത്ഥി കത്തെഴുതി, ഡോകോമോ സിം ഉപയോഗിച്ച് ജയിലില്‍ നിന്ന് സുനി പല പ്രമുഖ സിനിമാക്കാരെയും വിളിച്ചതിനു തെളിവ്