Search

ഒരു വള്ളപ്പാട്ടിന്റെ ഓര്‍മ്മയ്ക്ക്

സ്‌പോട്ട്‌സുരേഷ്

കായല്‍പ്പരപ്പിനു മുകളില്‍ ആകാശത്തെ ഉറ്റുനോക്കി ചിതറി ക്കിടക്കുന്ന കൃശസ്ഥലികള്‍ .  കൊച്ചുകൊച്ചുതുരുത്തുകള്‍ . അതെ,  ആ ഭൂമികയെ നമ്മള്‍ കുട്ടനാട് എന്ന് വിളിക്കുന്നു.

വെള്ളത്താല്‍ ചുറ്റപെ്പട്ടുകിടക്കുന്ന ഈ ഭൂഭാഗത്തില്‍ വസിക്കുന്ന മനുഷ്യര്‍ക്ക് ശുദ്ധജലം വേണമെങ്കില്‍ കുടവുമേന്തി അക്കരെയിക്കരെ പോകണം. മഴക്കാലം വന്നാല്‍ പിന്നെ ദുരിതങ്ങളുടെ ദുരിതം. ടൂറിസം ഇവിടെ വികസിക്കുകയാണ്. ഹൗസ് ബോട്ടുകളിലൂടെ യാത്ര ചെയ്ത് പ്രകൃതിയെ ആസ്വദിച്ച് അല്പം ലഹരിയുടെ ആലസ്യത്തില്‍ പറയുന്നു, വണ്ടര്‍ഫുള്‍ ....  ദിസ് ഈസ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി !

പക്ഷേ,  ഇവിടെ വസിക്കുന്ന മനുഷ്യന്റെ കഷ്ടതകള്‍ക്ക് മാന്യമായ പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടി ല്ല എന്നത് നിതാന്തശാപം. വള്ളം തുഴച്ചില്‍ പഠിച്ചിരിക്കണം.  ജീവിക്കാന്‍ വിഷമം. അതിനായി ഇവിടെ കളരിവരെയുണ്ട്. തോണിതുഴച്ചില്‍ കുട്ടനാട്ടുകാരുടെ പ്രകൃതംതന്നെയാണ്.

പണ്ട്, ചോറ്റുപാത്രങ്ങളില്‍ കഞ്ഞിയും ചമ്മന്തിയും തൂക്കി പണിക്കു വന്നിരുന്ന പൂര്‍വികരുടെ അടുത്ത തലമുറയുടെ ദീനരോദനങ്ങള്‍ക്ക് പോലും ഇനിയും ശമനം ഉണ്ടായിട്ടി ല്ല. ജലബന്ധിതമായ അവരുടെ താമസയിടങ്ങള്‍ക്ക് ഇപേ്പാഴും സുരക്ഷയി ല്ല. കാലാകാലങ്ങളില്‍ വന്ന ഭരണപരിഷ്‌കര്‍ത്താക്കള്‍ കുട്ടനാടിനെ ദുരിതത്തിലേക്കും കൃഷിനാശത്തിലേക്കും ജലസമ്പത്തിന്റെ വിനാശത്തിലേക്കുമാണ് നയിച്ചത്.

എങ്കിലും നെല്‍കൃഷിയുടെ പശ്ചാത്തലത്തില്‍ കായല്‍ രാജാക്കന്മാരായ മുരിക്കന്മാരും തലമുറകളിലൂടെ മലയാളം വാഴ്ത്തിയ കവികളും സംഗീതജ്ഞാനമുള്ള പണിക്കന്മാരുടെ തറവാടും മണ്ണിനോടുപൊരുതി പുതിയ മേല്‍വിലാസം സൃഷ്ടിച്ച ക്രിസ്ത്യന്‍ കാര്‍ഷിക സമുഹങ്ങളും കുട്ടനാടിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രത്തില്‍ സ്ഥാനം നേടുന്നു.

വടക്കുനിന്ന്  അമ്പലപ്പുഴയില്‍ എത്തിച്ചേര്‍ന്ന കുഞ്ചന്‍നമ്പ്യാര്‍ ,  കുട്ടനാടിന്റെ താളവിസ്മയങ്ങളെ ഹൃദയത്തില്‍ ആവാഹിച്ച് തന്റെ കല്‍പ്പനകള്‍ക്ക് പുതിയ ഭാവസൗന്ദര്യം വരുത്തിയ ചരിതവും വിസ്മരിക്കാന്‍ കഴിയില്ല.

ചങ്ങനാശേ്ശരിയില്‍ വസിക്കുന്ന കാലത്താണ് ആദ്യമായി മാതാപിതാക്കളോടൊപ്പം ഞാന്‍ കുട്ടനാട്ടിലേക്ക് പോയത്. മങ്കൊമ്പ് ക്ഷേത്രത്തിലെ ഉത്സവം ബഹുകേമമാണ്. ബോട്ടിലാണ് യാത്ര. ആ യാത്രയ്ക്ക് പിന്നില്‍ ഭക്തി മാത്രമല്ലായിരുന്നു. എന്റെ പിതാവിന്റെ സിനിമാ പ്രണയം കൂടിയുണ്ട്. ആയിടയ്ക്ക് വന്ന 'കാര്‍ത്തിക' എന്ന ചിത്രം മങ്കൊമ്പില്‍ വച്ച് ചിത്രീകരിച്ചതാണ്. തുരുത്തുകളുടെ അപ്പുറവും ഇപ്പുറവും നില്‍ക്കുന്ന മാനസങ്ങള്‍ രണ്ട് കളിയോടങ്ങളായി മുട്ടിയുരുമ്മി ഒന്നിക്കുന്നത് ആ ചിത്രത്തില്‍ കണ്ടു.'ഇക്കരെയാണെന്റെ താമസം

അക്കരെയാണെന്റെ  മാനസം...'  ഇന്നും കുട്ടനാടിന്റെ ഓര്‍മ്മ ആ പാട്ടിലൂടെ വന്നെത്തും. ആ ചിത്രം വരുന്നതിന് ഒരുവര്‍ഷം മുമ്പേ കുട്ടനാടില്‍ വച്ച് ചിത്രീകരിച്ച ആദ്യ സിനിമയായിരുന്നു കാവാലം ചുണ്ടന്‍ എന്ന ചലച്ചിത്രം.

ഈ മണ്ണില്‍ വച്ച് ഒരു ചലച്ചിത്രം നിര്‍മ്മിക്കാം എന്ന ആശയവുമായി കടന്നുവന്ന ചലചിത്രകാരനാണ് ശശികുമാര്‍ . സംവിധാനത്തില്‍ ലോകറിക്കോര്‍ഡ് കുറിച്ച ജോണ്‍ എന്ന ശശികുമാര്‍ . ഒരുപക്ഷേ,  ഇതിന് പശ്ചാത്തലമായത് ശശികുമാറിന്റെ കുട്ടിക്കാലത്തെ  ഓര്‍മ്മകളും, കൃസ്ത്യന്‍ തറവാടായ എട്ടുപറയില്‍ തറവാടും ആയിരിക്കാം.

കുടിവെള്ളവും വൈദ്യൂതിയും യഥേഷ്ടം ലഭിക്കാത്ത,  പകല്‍ വെളിച്ചത്തെ മാത്രം ആശ്രയിച്ച് ചിത്രീകരിക്കാന്‍ കഴിയുന്ന ഒരു വാസസ്ഥലം. ഇത് സിനിമയുടെ നിര്‍മ്മാണത്തിന് പറ്റിയ ഭൂമികയല്ല . പക്ഷേ,  കാമറ എങ്ങോട്ട് തിരിച്ചാലും സൗന്ദര്യം നിറയുന്ന പ്രകൃതി. ഈ പരിമിതികളെയെല്ലാം  മറികടന്ന്  ജനറേറ്ററോ, ക്രെയിനോ മറ്റു  കൊണ്ടുപോകാന്‍ കെട്ടുവള്ളങ്ങള്‍ വേണ്ടിവരും.  മാത്രമല്‌ള പല കടവുകള്‍ കടക്കണം. അതും പ്രായോഗികമല്ല.


ശശികുമാര്‍
അന്ന്, നടീനടന്മാര്‍ക്ക് താമസിക്കാനോ, അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ക്ക് ഒരു മറയോ ഒന്നുമില്ല  ആ നാട്ടിന്‍പുറത്ത്. പക്ഷേ, ഭക്ഷണം സുഭിക്ഷം. നല്ല  കായല്‍ മത്സ്യം, നാടന്‍ കോഴിക്കറി, നല്ല നെല്‌ളുകുത്തിയ അരിയുടെ ചോറ്, മരിച്ചീനി...  നടീനടന്മാരോട് പറഞ്ഞ് ബോദ്ധ്യപെ്പടുത്തി ഒരു ധാരണയിലായി സംവിധായകന്‍ ശശികുമാര്‍ . കാരണം ഇത് അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ്.

ചിത്രം നിര്‍മ്മിക്കുന്നത് ജുപ്പീറ്റര്‍ പിക്‌ചേഴ്‌സിന്റെ ഉടമ സോമുവിന്റെ  മകന്റെ ചിന്നമാപ്പിള. ചിത്രത്തിന്റെ വിതരണം കുട്ടനാട്ടില്‍ അടിവേരുകളുള്ള എന്‍.ജി. ജോണ്‍ , ജിയോ പിക്‌ചേഴ്‌സ് ജോണ്‍ .

സത്യന്‍ , ശാരദ, കൊട്ടാരക്കര, പി.ജെ. ആന്റണി,  ഭാസി, എസ്.പി. പിള്ള, മണവാളന്‍ , ആറന്മുള പൊന്നമ്മ, അടൂര്‍ഭവാനി, അടൂര്‍ പങ്കജം, ഖദീജ തുടങ്ങിയവര്‍ മുഖ്യനടീനടന്മാര്‍ . എല്‌ളാവരും വള്ളത്തില്‍ കയറി, കടവിലിറങ്ങി, കാലില്‍ ചെളിപുരണ്ട്, നല്ല വെയില്‍ കൊണ്ട്, വിശന്ന്...  ദാഹിച്ച് ജോണിന്റെ പിതാവിന്റെ തറവാടായ കാവാലത്തിന് അടുത്തുള്ള കണ്ണാടിയിലെ എട്ടുപറയില്‍ എത്തി. ആഗസ്റ്റ് മാസം ആദ്യം. കാവാലത്തെ കൊച്ചുപുരയ്ക്കല്‍ അവുതച്ചന്റെ കാവാലം ചുണ്ടന്‍ എന്ന വള്ളപ്പേരായ 'കാവാലംചുണ്ട'ന്റെ ഷൂട്ടിംഗ് കഥ ഇവിടെ തുടങ്ങുകയാണ്.

കര്‍ക്കടകം കഴിഞ്ഞ് ചിങ്ങം പിറന്നതിന്റെ ഉത്സാഹം പ്രകൃതിക്കും അവിടെയുള്ള മനുഷ്യരിലുമുണ്ട്. പ്രൊഡക്ഷന്‍ ബോയിയും, സഹായിയും,  കുക്കും എല്‌ളാം നാട്ടുകാര്‍ . സത്യനേയും ശാരദയേയും കാണാന്‍ പല തരുത്തിലേയും നാട്ടുകാര്‍ കൊതുമ്പുവള്ളത്തില്‍ കൊച്ചുപുരയ്ക്കല്‍ തറവാടിന്റെ, അടുത്ത് എത്തുന്നു. നടി നടന്മാര്‍ക്ക് സ്വസ്ഥമായി മൂത്രമൊഴിക്കാന്‍പോലും കഴിയാത്ത അന്തരീക്ഷം.

കാമറയുടെയും റിഫ്‌ളക്ടറുകളുടെയും സഹായത്തോടെ ഷൂട്ടിംഗ് തുടങ്ങി. ചുണ്ടന്‍ വള്ളങ്ങള്‍ വന്നു. കായലിലും, കരയോട് അടുപ്പിച്ചും  പല ആങ്കിളുകളില്‍ ചിത്രീകരണം  തുടര്‍ന്നു. വള്ളത്തില്‍ കയറാന്‍ ഭയമായിരുന്ന കൊട്ടാരക്കരയെ വള്ളത്തില്‍ കയറ്റി കരയോട് അടുപ്പിച്ച് നിര്‍ത്തി. കേ്‌ളാസപ്പും മിഡ്‌കേ്‌ളാസപ്പും  എടുത്തു. മത്സരം നടക്കുമ്പോള്‍പോലും കരയിലാണ് കാവാലം ചുണ്ടന്റെ അമരക്കാരന്‍ എന്നോര്‍ക്കണം.


അടൂര്‍ ഭവാനി
വള്ളപ്പുരയിലായിരുന്നു പാചകം. നാടന്‍ മത്സ്യവും കപ്പയും  കോഴിക്കറിയും നല്ല നെല്ല കുത്തരി ചോറും വിളമ്പാന്‍ ആവേശത്തോടെ നാട്ടുകാരും വീട്ടുകാരും. ഉത്സവമാക്കി എന്ന് പറയേണ്ടതില്ലല്ലോ.
വയറുനിറച്ച് ഭക്ഷണം കഴിച്ചാല്‍ പിന്നെ വെളിക്കുപോകണം. മറയില്ല അവിടെ. സൂര്യന്‍ ഉദിക്കും മുന്‍പ് കാര്യം സാധിക്കണം. ഭാഗ്യത്തിന് ശാരദയും മറ്റ് നടീകള്‍ക്കും ഒരു മറയുള്ള കക്കൂസ് കിട്ടി മറ്റൊരു വീട്ടില്‍. പ്രതിബന്ധങ്ങള്‍ പലതും സഹിച്ച് ഷൂട്ടിംഗ് പുരോഗമിച്ചു. ചിങ്ങത്തിലും കാര്‍മേഘം നിരന്നു ആകാശത്ത്. ചങ്കില്‍ ഉടുക്ക് മദ്ദളമേളം.

ഈ അവസ്ഥയില്‍ ,  ഒരു കഥാപാത്രത്തിന്റെ രംഗമെല്ലാം കഴിഞ്ഞു. അടൂര്‍ഭവാനിയുടെ  രക്ഷപെ്പട്ട ല്ലോ എന്നാണ് വിചാരിക്കേണ്ടത്. പക്ഷേ,  ജോണിന്റെ അടുക്കല്‍ അവര്‍ എത്തി കുമ്പസരിച്ചു. ഞാന്‍ സഹോദരിയുടെ ഷൂട്ടിങ് കഴിയുംവരെ ഇവിടെ നിന്നുകൊള്ളാം.

അതു ബുദ്ധിമുട്ടാവില്ലേ. ജോണിന്റെ ചോദ്യം.
ഇല്ല സര്‍ , വീട്ടിലേക്ക് പോയാലും രക്ഷയി ല്ല.  പട്ടിണിയാ. ഇവിടെ നിന്നാല്‍ നല്ല ഭക്ഷണം എങ്കിലും കിട്ടുമല്ലോ.
ചെമ്മീനിലെ ചക്കിയേും, തുലാഭാരത്തിലെ തള്ളയേയും, കടല്‍പ്പാലത്തിലെ ഉമ്മയേയും അവതരിപ്പിച്ച വിഖ്യാതനടി. അടൂര്‍ ഭാവനി. മൂന്നു നേരത്തെ ഭക്ഷണത്തിനായി, ഷൂട്ടിംഗ് സ്ഥലത്ത് തുടര്‍ന്നുകൊള്ളട്ടെ എന്ന് അനുവാദം ചോദിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് തീരാറായ നേരത്ത് അവരെകൂടി പങ്കെടുപ്പിച്ച് ഒരു രംഗംകൂടി ചിത്രീകരിച്ചു, ശശികുമാര്‍ എന്ന സംവിധായകന്‍ . ഒരു മാന്യതയ്ക്ക്. ഇത് പഴയകാലത്തെ തറവാടിത്തം.

ജീവിതത്തിന്റെ ദുരിതപൂര്‍ണ്ണമായ അന്ത്യനാളുകളില്‍  കട്ടനാട്ടിലെ സ്വാദേറിയ മത്സ്യക്കറിയുടെ രുചി, ആ പാവം കലാകാരിയ്ക്ക് നല്ല നല്ല ഓര്‍മ്മകളുടെ തുരുത്തിലേക്ക് അഭയം തേടാന്‍ ഇത് സഹായിച്ചിരിക്കാം.

കാവാലം ചുണ്ടന്‍ ഈ പുതിയ കാലത്തിലും പ്രസക്തിനേടുന്ന നാമമാണ്. വര്‍ഷംതോറും നടക്കുന്ന വള്ളംകളി മത്സരത്തില്‍ കുടുംബക്കാരുടേയും, കരക്കാരുടേയും പേര് വിളംബരം ചെയ്യുന്ന ചുണ്ടന്‍ വള്ളങ്ങള്‍ . വള്ളങ്ങള്‍ ഏതുമാകട്ടെ. വിജയശ്രീലാളിതരായി പമ്പയുടെ നെഞ്ചിലൂടെ മടങ്ങുമ്പോള്‍ അവര്‍ പാടുകയായി.... കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണേ്ണ കുയിലാളെ....

ഒറ്റെപെ്പട്ടുപോകുന്ന തുരുത്തുകളിലെ മനുഷ്യരെ ഒരുമിപ്പിക്കാന്‍ വേണ്ടിയാണ് വള്ളംകളി ഇവിടെ ആരംഭിച്ചത്. പിന്നെ മത്സരമായി. മത്സരം ഗതിമാറി മനുഷ്യത്വം  ഇല്ലാതാകുന്നതിന് എതിരെയുള്ള സന്ദേശമായിരുന്നു കാവാലം ചുണ്ടന്‍ എന്ന ചലച്ചിത്രം.

കുറച്ചു കാലംമുമ്പ് ശശികുമാര്‍ സാറുമായി പലതും പറഞ്ഞിരുന്ന കൂട്ടത്തില്‍ കാവാലം ചുണ്ടനിലെ പാട്ടുകളെക്കുറിച്ചും പറഞ്ഞു. പ്രിന്റ് നശിച്ചുപോയ ആ ചിത്രത്തിലെ പാട്ടുകള്‍ 'പാട്ടുപെട്ടി'യിലൂടെ കാണാന്‍ കഴിയാത പോയത് മഹാനഷ്ടമായി. പകെഷ എന്റെ മറ്റ് ചിത്രങ്ങളിലെ പാട്ടുകള്‍ കാണിക്കുമ്പോള്‍ 'സംവിധാനം ശശികുമാര്‍' എന്നെഴുതി വരുമ്പോള്‍ താന്‍ ഈലോകത്ത് ഇന്നും ജീവിച്ചിരിക്കുന്നു എന്നതിന് തരുന്ന ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റാണ് എന്ന് അദ്ദേഹം പറഞ്ഞു. ആ നേരം നന്ദിയുടെ തിളക്കം ആ കണ്ണിലുണ്ടായിരുന്നു.

ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്‍ ഇക്കാര്യം ഒരിക്കല്‍ പറഞ്ഞിരുന്നു എന്ന് വിനയത്തോടെ ശശികുമാറിനോട് മറുപടി പറഞ്ഞു. കാവാലം ചുണ്ടനിലെ വള്ളംപാട്ട് ഇന്നും ഏതൊരു ഉത്സവ ആഘോഷങ്ങള്‍ക്കും കലാശക്കൊട്ടായി മാറിയതും സംസാരമായി. മാത്രമല്ല, അതിന്റെ പിന്നിലെ ചില കഥകളും.


ദേവരാജന്‍ മാസ്റ്റര്‍
മന്ദഗതിയില്‍ തുടങ്ങി ചടുലതാളത്തിന്റെ പാരമ്യത്തില്‍ എത്തുന്ന ഈ പാട്ട് മാസ്റ്റര്‍ ആദ്യം വിഭാവന ചെയ്തപോലെയല്ല പിന്നീട് റിക്കോഡ് ചെയ്തത്. ഒരു വള്ളംകളി പാട്ടിന്റെ ഈണം അതുമാത്രമായിരുന്നു. ശശികുമാറിന്റെ നിര്‍ദ്ദേശം മാസ്റ്റര്‍ അങ്ങിനെ ചിട്ടപെ്പടുത്തി. പക്ഷേ, റിഹേഴ്‌സലില്‍ കേട്ട രീതി ശരിയായ കുട്ടനാടിന്റെ വള്ളംകളി മട്ടല്ല  എന്ന് എന്‍.ജി. ജോണിന്റെ പിതാവാണ് മാസ്റ്ററോട് പറഞ്ഞത്. എന്നാല്‍ എങ്ങിനെയാണ് ആ രീതി. മാസ്റ്റര്‍ ചോദിച്ചു. വയലാര്‍ എഴുതിയ കടലാസു വാങ്ങി ജോര്‍ജ്ജ് പാടി....
രണ്ടുമൂന്ന് വട്ടം. ആദ്യ നാലുവരി പാടി.

മാസ്റ്റര്‍ ആദ്യ നൊട്ടേഷന്‍ എല്ലാം  മാറ്റി പുതിയത് കുറിച്ചു. കുട്ടനാടന്‍ വള്ളംകളി പാട്ടിന്റെ യഥാര്‍ത്ഥ താളം.
വയലാര്‍ എഴുതിയ പാട്ടില്‍ തിത്തിത്താരാ തിത്തിതെയ്യ് എന്ന വായ്ത്താരിയുമില്ലായിരുന്നു. അതും ജോര്‍ജ്ജിന്റെ സംഭാവനയാണ്. എല്ലാം  ഒരുമിച്ച് ഒന്നാക്കി, മന്ദതാളത്തില്‍ തുടങ്ങി ആവേശത്തിന്റെ ലഹരിയിലേക്ക് പടര്‍ന്ന് കയറി. കുട്ടനാടന്‍ പുഞ്ചയിലെ എന്ന പാട്ട് രൂപപെ്പട്ടു.

കുട്ടനാടന്‍ വായ്ത്താരയില്‍ പിറന്ന ഈ വള്ളപ്പാട്ടിന്റെ ഈണം അവിടെയുള്ള ഒരു നാട്ടുകാരനില്‍ നിന്ന് ഉള്‍ക്കൊണ്ട് സിനിമാ പാട്ടിന്റെ രൂപത്തിലാക്കിയ ദേവരാജന്‍ മാസ്റ്റര്‍ , മലയാളി എവിടെയുണ്ടോ അവര്‍ക്കെല്ലാം ഉത്സവലഹരിയുടെ നിറകുംഭമായി  മാറ്റി ഈ പാട്ട്. കാലദേശങ്ങള്‍ മറികടന്ന്.

വായ്‌മൊഴിയായി വന്ന ഇത്തരം ഈണങ്ങളെ തന്റെ ഹൃദയതന്ത്രികളില്‍ തത്തിക്കളിപ്പിച്ച്, വെള്ളാരം കുന്നിലെ പൊന്‍മുളം കാട്ടിലെ  എന്ന് പാടിത്തന്നതും ദേവരാജന്‍ മാസ്റ്ററാണ്. പക്ഷേ,  ഒരു ഉളുപ്പുമില്ലാതെ പ്രശസ്തമായ ആ ഈണത്തെ കവര്‍ന്നെടുത്ത് 'ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ... '  എന്നാക്കി മാറ്റിയ പുതിയ കാലത്തിലെ വീരന്മാരുടെ പ്രകടനത്തിന് മുന്നില്‍ മലയാളക്കര ലജ്ജിച്ച് തലകുനിക്കുന്നു.

ഒരുനേരത്തെ ഭക്ഷണത്തിന് ഒരു കലാകാരി 'ഇവിടെ കുറച്ചു ദിവസംകൂടി നിന്നുകൊള്ളട്ടെ' എന്ന് അഭ്യര്‍ത്ഥിച്ച രംഗം നമ്മള്‍ കണ്ടു.


സ്‌പോട്ട് സുരേഷ്
പരവൂര്‍ ചന്തയില്‍പോയി താന്‍ നിര്‍മ്മിച്ച ചില കരകൗശല വസ്തുക്കള്‍ വിറ്റുകിട്ടിയ പണംകൊണ്ട് അരിവാങ്ങി കഞ്ഞിവച്ച് കൊച്ചുഗോവിന്ദനാശാനും മക്കള്‍ക്കും നല്‍കിയ കൊച്ചുകുഞ്ഞ് എന്ന സ്ത്രീയെക്കൂടി നമ്മള്‍ സ്മരിക്കണം.
അത് ദേവരാജന്റെ അമ്മയാണ്.

ഈ കഥ മാസ്റ്റര്‍ എന്നോട് പറയുമ്പോള്‍ എന്തുകൊണ്ട് അമ്മ ചന്തയില്‍ പോകാനുണ്ടായ സാഹചര്യം എന്ത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, ധൈര്യം വന്നില്ലാ.
കുറച്ചുനേരത്തെ മൗനത്തിനുശേഷം മാസ്റ്റര്‍ തന്നെ മറുപടി പറഞ്ഞു.
കൊച്ചുഗോവിന്ദനാശാന്‍ മൃദംഗം വായിക്കണമെങ്കില്‍ അതുപോലെ പാടാന്‍   കഴിവുള്ള സംഗീതജ്ഞര്‍ ഉണ്ടാകണം. അല്ലാതെ ആരും വന്ന് വിളിച്ചാലും, കാശ് കിട്ടും എന്ന് കരുതി ആശാന്‍ പോകാറില്ലായിരുന്നു.

ആ മനുഷ്യന്റേയും ആ അമ്മയുടേയും മകനാണ് ദേവരാജന്‍ . ദേവരാജന്‍ എന്ന സംഗീതജ്ഞന്റെ ഈണങ്ങളെ കവര്‍ന്നെടുത്ത് മിടുക്ക് കാട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം മാപ്പ് കൊടുക്കില്‌ള.

കാവാലം ചുണ്ടനിലെ വയലാറിന്റെ മറ്റൊരു പാട്ട് ഓര്‍മ്മയില്‍ വന്നെത്തുന്നു.
അകലുകയോ തമ്മില്‍ അകലുകയോ
ആത്മബന്ധങ്ങള്‍ തകരുകയോ...

സ്‌പോട് സുരേഷ് – ഫോണ്‍ : 98472 82872/   E mail: chandu_spot@yahoo.com


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഒരു വള്ളപ്പാട്ടിന്റെ ഓര്‍മ്മയ്ക്ക്