ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ വി എസ് ബാബു (75) അന്തരിച്ചു...
ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ വി എസ് ബാബു (75) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തമിഴക വെട്രി കഴകം (ടിവികെ) എം എൽ എയായിരുന്നു വി എസ് ബാബു.
ഡി എം കെയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന ബാബു 2006ൽ പുരസൈവാക്കം മണ്ഡലത്തിൽനിന്ന് ഡി എം കെ ടിക്കറ്റിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011ൽ കൊളത്തൂരിൽ എം കെ സ്റ്റാലിൻ മത്സരിച്ചപ്പോൾ അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന ബാബു പിന്നീട് സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെത്തുടർന്നുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
തുടർന്ന് 2016ൽ അണ്ണാഡിഎംകെയിൽ ചേർന്ന ബാബു രാഷ്ട്രീയ പ്രവർത്തനം തുടർന്നു. 2026 ഫെബ്രുവരിയിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിൽ ചേർന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽനിന്ന് വിജയിച്ച് എം എൽ എയായി.
Key Words : VS Babu, MK Stalin

COMMENTS