കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്. സി.പി.എം നേതാക്കളായ പി. ജയ...
കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്. സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ്, എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. പ്രതികളിൽ രണ്ടുപേർ മരണപ്പെട്ടതിനാൽ ബാക്കി 31 പേരാണ് വിചാരണ നേരിട്ടത്.
കൊച്ചി സി.ബി.ഐ പ്രത്യേക കോടതി 3 ജഡ്ജി പി. ശബരിനാഥിന്റെ മുൻപാകെ 2025 മെയ് 5നാണ് വിചാരണ നടപടികൾ ആരംഭിച്ചത്. മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.
തളിപ്പറമ്പിന് സമീപം വെച്ച് പി. ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനവ്യൂഹം ലീഗ് പ്രവർത്തകർ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം. ചെറുകുന്ന് കീഴറയിൽ വെച്ച് ഷുക്കൂറിനെ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
നേരത്തെ അരിയിൽ പ്രദേശത്തുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയതായിരുന്നു സി.പി.എം നേതാക്കൾ. ഈ ആക്രമണത്തിന് പ്രതികാരമായാണ് ഷുക്കൂറിനെ വധിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
ജയരാജനും രാജേഷും ചികിത്സയിലായിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നും, ഇത് ഇരുനേതാക്കൾക്കും അറിയാമായിരുന്നുമെന്നാണ് കുറ്റപത്രത്തിലുള്ളത്.
അന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജൻ. 17 മാസം നീണ്ടുനിന്ന വിചാരണ വേളയിൽ ആകെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
Key Words : Ariyil Shukoor murder case

COMMENTS