ലണ്ടൻ: ഇറാനിൽ നിന്നുള്ള ശക്തമായ ആക്രമണ ഭീഷണിയെത്തുടർന്ന് ബ്രിട്ടനിലെ (യുകെ) തന്ത്രപ്രധാന സൈനിക വ്യോമതാവളങ്ങളിൽ നിന്ന് അമേരിക്കൻ യുദ്ധവിമാനങ്...
ലണ്ടൻ: ഇറാനിൽ നിന്നുള്ള ശക്തമായ ആക്രമണ ഭീഷണിയെത്തുടർന്ന് ബ്രിട്ടനിലെ (യുകെ) തന്ത്രപ്രധാന സൈനിക വ്യോമതാവളങ്ങളിൽ നിന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ അടിയന്തിരമായി ഒഴിപ്പിച്ചു. വോൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നവംബർ 9 തിങ്കളാഴ്ചയാണ് യുഎസ് മിലിട്ടറി ഈ അതീവ രഹസ്യവും നിർണായകവുമായ നീക്കം നടത്തിയത്.
യുകെയിലെ രണ്ടാമത്തെ വലിയ യുഎസ് വ്യോമതാവളങ്ങളിലൊന്നായ സഫോക്കിലെ ആർഎഎഫ് മിൽഡൻഹാളിൽ നിന്നാണ് വിമാനങ്ങൾ പ്രധാനമായും മാറ്റിയത്. ഇവിടെ വിന്യസിച്ചിരുന്ന അമേരിക്കയുടെ ഒമ്പതോളം കെസി-135 സ്ട്രാറ്റോടാങ്കർ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും, മൂന്ന് ഓസ്പ്രേ ട്രാൻസ്പോർട്ടർ വിമാനങ്ങളും ജർമ്മനിയിലേക്കും മറ്റ് യൂറോപ്യൻ താവളങ്ങളിലേക്കും അടിയന്തിരമായി തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
ഇറാനിൽ നിന്നുള്ള ഭീഷണിയുടെ കൃത്യമായ സ്വഭാവം യുഎസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, മിൽഡൻഹാൾ, ആർഎഎഫ് ലേക്കൻഹീത് എന്നീ യുഎസ് താവളങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ പെന്റഗണിന്റെ ഫോഴ്സ് പ്രൊട്ടക്ഷൻ സിസ്റ്റത്തിലെ രണ്ടാമത്തെ ഉയർന്ന നിലയായ 'FPCON Charlie'- ലേക്ക് ഉയർത്തിയിട്ടുണ്ട്. ഭീകരാക്രമണങ്ങൾക്കോ മറ്റ് ശത്രുതാപരമായ നീക്കങ്ങൾക്കോ സാധ്യതയുണ്ടെന്ന് കൃത്യമായ ഇന്റലിജൻസ് വിവരം ലഭിക്കുമ്പോൾ മാത്രമാണ് ഈ അതീവ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്താറുള്ളത്.
കഴിഞ്ഞ ഒക്ടോബറിൽ യുകെയിലെ ആർഎഎഫ് ഫെയർഫോർഡ് താവളത്തിന് നേരെ ഇറാൻ പിന്തുണയോടെയുള്ള ആക്രമണ പദ്ധതി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ തകർത്തിരുന്നു. ഇതിന് പിന്നാലെ അവിടെയുണ്ടായിരുന്ന 12 ബി-1 ബോംബർ വിമാനങ്ങളും യുഎസ് സുരക്ഷാ കാരണങ്ങളാൽ തിരികെ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ പുതിയ ഒഴിപ്പിക്കൽ നടപടിയും ഉണ്ടായിരിക്കുന്നത്.
അതേസമയം, വിമാനങ്ങളുടെ ഈ പെട്ടെന്നുള്ള മാറ്റത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ പെന്റഗണോ യുകെ പ്രതിരോധ മന്ത്രാലയമോ തയ്യാറായിട്ടില്ല. എന്നാൽ, താവളങ്ങൾ മാറി വിമാനങ്ങൾ സർവീസ് നടത്തുന്നത് സൈന്യത്തിന്റെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗം മാത്രമാണെന്നാണ് യുഎസ് വ്യോമസേന ഇതിനെക്കുറിച്ച് നൽകിയ വിശദീകരണം. പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതയോടെയുള്ള ഈ പുതിയ നീക്കങ്ങൾ എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
Key Words : USA, Britain, Iran, Attack

COMMENTS