ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷല്‍ പൊലീസ് ഓഫീസര്‍മാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദച്ച...
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് സ്പെഷല്‍ പൊലീസ് ഓഫീസര്‍മാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദച്ചാന്‍ സ്വദേശികളായ രഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന സര്‍വീസ് ആയുധങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.
കിയാര്‍ ഗ്രാമത്തിലെ പ്രാദേശിക പൊലീസിന്റെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലെ (SOG) അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്ദര്വാളിലെ ബസ്നാന് മേഖലയിലുള്ള 17 രാഷ്ട്രീയ റൈഫിള്‍സിന്റെ താല്‍ക്കാലിക ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായത്.
തുടര്‍ന്ന് പൊലീസും സി ആര് പി എഫും സംയുക്തമായി രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ ഒരാളുടെയും, ഒമ്പത് മണിയോടെ രണ്ടാമത്തെ ഉദ്യോഗസ്ഥന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് കിഷ്ത്വാര്‍ എം എല്‍ എ ഷാഗുണ്‍ പരിഹാര്‍ അറിയിച്ചു.
കിയാറിനും ഡെറാനക്കും ഇടയിലുള്ള പ്രദേശത്ത് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഭീകരരാകാമെന്നാണ് സൈനിക ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Key Words : Patrolling, Kashmir, Gunshot, Weapons

COMMENTS