വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത സൈനിക-യുദ്ധഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ അധീനതയിലുള്ള ഒന്നോ രണ്ടോ പ്രധാന ക...
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത സൈനിക-യുദ്ധഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ അധീനതയിലുള്ള ഒന്നോ രണ്ടോ പ്രധാന കേന്ദ്രങ്ങൾ കൂടി അമേരിക്ക ലക്ഷ്യം വെച്ചിട്ടുണ്ടെന്നും, ആണവായുധം നിർമിക്കാൻ ഇറാൻ മുതിർന്നാൽ ശക്തമായ ആക്രമണമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഫ്ലോറിഡയിലെ തന്റെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന പ്രസ്താവന നടത്തിയത്.
ഇറാന്റെ ആണവ, സൈനിക ശേഷികൾ അമേരിക്ക ഇതിനകം തന്നെ വലിയ തോതിൽ തകർത്തിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഇനി അവശേഷിക്കുന്ന കേന്ദ്രങ്ങൾ വെറും പത്ത് മിനിറ്റുകൊണ്ട് തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കും. ഇറാൻ രഹസ്യമായി ആണവ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് സംശയിക്കുന്ന 'പിക്ആക്സ് മൗണ്ടൻ' എന്ന ഭൂഗർഭ ആണവ സമുച്ചയത്തെ ട്രംപ് പ്രത്യേകം പരാമർശിച്ചു. എന്നാൽ ഇവിടെ ആണവ സാമഗ്രികൾ ഇല്ലെന്നാണ് ഇറാന്റെ വാദം.
യുഎസും ഇസ്രയേലും വീണ്ടും ആക്രമണത്തിന് മുതിർന്നാൽ അതിരുകളില്ലാത്ത തിരിച്ചടി നൽകാൻ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി സൈന്യത്തിന് നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. ഒരു വശത്ത് ഖത്തറിന്റെയും ഒമാന്റെയും മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഇറാനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിലപാടിലാണ് അമേരിക്ക. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് ശേഷം യുഎസ് പുതിയ സൈനിക നീക്കങ്ങളിലേക്ക് കടക്കുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ.
Key Words : Donald Trump, Iran War

COMMENTS