തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ (വി.സി) ഡോ. സിസാ തോമസിന്റെ അക്കാദമിക് യോഗ്യതകളെ ചോദ്യം ചെയ്ത് സിപിഎം കേന്...
തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ (വി.സി) ഡോ. സിസാ തോമസിന്റെ അക്കാദമിക് യോഗ്യതകളെ ചോദ്യം ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക് രംഗത്തെത്തി. ഇന്ത്യയിലുടനീളം സംഘപരിവാർ നിയമിക്കുന്ന വിസിമാർക്കുള്ള ഏക യോഗ്യത അവർക്ക് ആ പ്രസ്ഥാനത്തോടുള്ള വിധേയത്വമാണെന്നും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഉപകരണം മാത്രമാണ് സിസാ തോമസ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് കാലടി സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് തോമസ് ഐസക്കിന്റെ ഈ കടുത്ത പ്രതികരണം.
സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ആകാൻ അതിന്റെ ബാലപാഠങ്ങളിലോ സാഹിത്യത്തിലോ കലയിലോ പ്രാവീണ്യം വേണമെന്നിരിക്കെ, സംസ്കൃതത്തിന്റെ അക്ഷരമാല പോലും അറിയാത്ത ആളാണ് നിലവിലെ വിസി എന്ന് തോമസ് ഐസക് പരിഹസിച്ചു. ശാസ്ത്രജ്ഞ എന്ന് ഭാവിക്കുന്ന സിസാ തോമസിന്റെ പേരിൽ സ്വന്തമായി ഒരു പേറ്റന്റ് പോലുമില്ലെന്നും, രണ്ട് പേറ്റന്റുകൾക്ക് അപേക്ഷിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് സഹഉടമസ്ഥതയിൽ മാത്രമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു എന്ന അവകാശവാദത്തിൽ ഏഴെണ്ണവും മറ്റുള്ളവരുടെ പ്രബന്ധ സമാഹാരങ്ങളുടെ സഹ എഡിറ്റർ പദവി മാത്രമാണ്. ഉയർന്ന ഫീസ് വാങ്ങി ഓപ്പൺ ആക്സസ് രീതിയിൽ പ്രസിദ്ധീകരിക്കുന്ന 'IntechOpen' വഴിയാണ് ഇവ പുറത്തുവന്നതെന്നും, സ്പ്രിംഗർ (Springer), എൽസെവിയർ (Elsevier) തുടങ്ങിയ മുഖ്യധാരാ പ്രസാധകരൊന്നും ഇവ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം വിദ്യാർത്ഥികൾക്കെതിരെ കള്ളസാക്ഷ്യം പറയുകയും അവരുടെ ഭാവി തകർക്കാൻ ഗൂഢാലോചന നടത്തുകയുമാണ് വിസി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സംഘപരിവാർ സഹായത്തോടെ വൈസ് ചാൻസലർമാരായും ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായും കേരളത്തിൽ നിയമിക്കപ്പെട്ടിട്ടുള്ള എല്ലാവരുടെയും മുഴുവൻ അക്കാദമിക് ഓഡിറ്റും നടത്തുമെന്നും, അതിന്റെ തുടക്കം സിസാ തോമസിൽ നിന്നാകട്ടെയെന്നും തോമസ് ഐസക് വ്യക്തമാക്കി. അതേസമയം, ഈ വിമർശനങ്ങൾക്കെതിരെ സിസാ തോമസും രംഗത്തെത്തിയിട്ടുണ്ട്. മുൻ ഇടത് സർക്കാരിന്റെ കാലത്താണ് എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെയും ഡിജിറ്റൽ സർവകലാശാലയുടെയും വിസിമാരെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നടന്നതെന്ന് അവർ ഓർമ്മിപ്പിച്ചു. ക്യാമ്പസുകളിലെ രാഷ്ട്രീയ തർക്കങ്ങൾ ഭയന്നാണ് ഐഐടി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ അക്കാദമിക് വിദഗ്ധർ അന്ന് അഭിമുഖങ്ങളിൽ പങ്കെടുക്കാതിരുന്നതെന്നും, താൻ ഇതുവരെ അനാവശ്യ അവകാശവാദങ്ങൾ ഒന്നും ഉന്നയിച്ചിട്ടില്ലാത്തതിനാൽ തന്റെ യോഗ്യതകൾ ആർക്ക് വേണമെങ്കിലും ഓഡിറ്റ് ചെയ്യാമെന്നും സിസാ തോമസ് മറുപടി നൽകി.

COMMENTS