ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുകയെ...
ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന ലക്ഷ്യമായിരുന്നില്ലെന്നും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ലക്ഷ്യമിട്ടിരുന്നതെന്നും കായികമന്ത്രി ഒ ജെ ജനീഷ് ആരോപിച്ചു. മുൻ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ സ്പോൺസറായി രംഗത്തെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും വിദേശത്തേക്ക് പണം കൈമാറിയതും സംശയാസ്പദമാണെന്നാണ് ആരോപണം. അർജന്റീന ഫുട്ബോൾ അസോസിയേഷന് 126 കോടി രൂപ കൈമാറിയെന്ന അവകാശവാദവും അന്വേഷണവിധേയമാണ്.
സ്പോൺസറെ തിരഞ്ഞെടുത്തതിലും കരാറുകൾ തയ്യാറാക്കിയതിലും സർക്കാർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സ്വകാര്യ സ്ഥാപനത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണർ അനുമതി നൽകിയിട്ടുണ്ട്.
എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുൻ മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്പോൺസർ സ്ഥാപനവും ഉൾപ്പെടെയുള്ളവരുടെ പങ്കാണ് അന്വേഷണപരിധിയിലുള്ളത്. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച വി. അബ്ദുറഹ്മാൻ സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും എല്ലാ നടപടികളും നിയമാനുസൃതമായിരുന്നുവെന്നുമാണ് വിശദീകരിക്കുന്നത്. മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളുടെ യഥാർത്ഥ ലക്ഷ്യവും പണത്തിന്റെ ഉറവിടവും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.
Key Words : Lionel Messi, Minister O.J. Jeneesh

COMMENTS