തിരുവനന്തപുരം : പാത്രിയർക്കീസ് ബാവായ്ക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിടുന്നതായി വീണ്ടും ഓർത്തഡോക്സ് സഭ. ഒരു മേശക്ക് ചുറ്റുമിരുന്ന് പ്ര...
തിരുവനന്തപുരം : പാത്രിയർക്കീസ് ബാവായ്ക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിടുന്നതായി വീണ്ടും ഓർത്തഡോക്സ് സഭ. ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനെ സ്വാഗതം ചെയ്യുന്നു. പകരം പ്രശ്നബാധിത പള്ളികളിലേക്ക് പാത്രിയർക്കീസ് ബാവ പോകാനൊരുങ്ങുന്നത് വീണ്ടും സംഘർഷങ്ങൾക്ക് കാരണമായേക്കുമെന്ന് സഭാ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു.
പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മണർകാട് പള്ളിയിൽ നടക്കാൻ പോകുന്നത് സർക്കാർ സ്പോൺസേഡ് നിയമ ലംഘനമാണന്ന് ഓർത്തഡോക്സ് സഭ നേതൃത്വം പറഞ്ഞു.
2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം പാത്രിയാർക്കീസ് ബാവയുടെ സന്ദർശനമെന്നും, നിയമലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് ഡിജിപിക്ക് ഹൈക്കോതി നിർദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തിൻ്റെ അതിഥിയായിട്ടാണ് പാത്രിയാർക്കീസ് ബാവ സന്ദർശനം നടത്തുന്നത്.
മണർകാട് പള്ളിയിൽ പാത്രിയർക്കീസ് ബാവ കയറുന്നതും വി കുർബ്ബാന അർപ്പിക്കുന്നതും സുപ്രീം കോടതി വിധിക്ക് എതിരാണ് എന്നിരിക്കെ സർക്കാർ സ്പോൺസർ ചെയ്ത നിയമലംഘനമാവും നടക്കുക എന്ന് സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോയുഹാനോൻ മാർ ദിയസ് കോറസ്, സഭ സ്ഥാനികളായ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ്, അഡ്വ ബിജു ഉമ്മൻ എന്നിവർ പറഞ്ഞു.
സഭാ ഐക്യത്തിനായി മുഖ്യമന്ത്രി നടത്തിയ ആഹ്വാനത്തെ മെത്രാപ്പോലീത്ത സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ സദസ്സിലിരുന്നവർ കൈയടിച്ച് സ്വീകരിച്ചെങ്കിലും വേദിയിലിരുന്നവരുടെ പ്രതികരണം അതേ രീതിയിലായിരുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ആഹ്വാനം സഭ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സഭാ തർക്കം പരിഹരിക്കുന്നതിനായി യാതൊരു ചർച്ചയും ഈ സർക്കാർ വന്നതിന് ശേഷം നടന്നിട്ടില്ലന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കി. സമാധാന ചർച്ച അന്തിമഘട്ടത്തിലാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും അത് യാഥാർഥ്യമല്ല. മുഖ്യമന്ത്രിയിലും, സർക്കാരിലുള്ള പ്രതീക്ഷ സഭക്ക് നഷ്ടപെട്ടിട്ടില്ലന്നും, സമാധനത്തിന് വേണ്ടിയുള്ള ഏത് ചർച്ചകൾക്കും ഓർത്തഡോക്സ് സഭ തയ്യാറാണന്നും മെത്രാപ്പോലീത്ത പറഞ്ഞു.
Key Words : Patriarch Bava, Orthodox Church


COMMENTS