അബുദാബി: യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങളും പിഴകളും ചുമത്തിക്കൊണ്ടുള്ള പുതിയ മന്ത്രിസഭാ പ്രമേയം ...
അബുദാബി: യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങളും പിഴകളും ചുമത്തിക്കൊണ്ടുള്ള പുതിയ മന്ത്രിസഭാ പ്രമേയം പ്രാബല്യത്തിൽ വന്നു. 2023-ലെ ഫെഡറൽ നിയമം നമ്പർ 9-ന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പുതിയ ലംഘന നിർവചന വിജ്ഞാപനമാണ് നടപ്പിലായത്. ആരാധനാലയങ്ങളുടെ സുതാര്യത ഉറപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുമായി 24 തരത്തിലുള്ള നിയമലംഘനങ്ങളാണ് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് 5,000 ദിർഹം മുതൽ പരമാവധി 7,50,000 ദിർഹം (7.5 ലക്ഷം ദിർഹം) വരെ പിഴയും മൂന്ന് മാസം വരെയുള്ള പ്രവർത്തന വിലക്കും പുതിയ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വിദേശ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളുമായോ മതസംഘടനകളുമായോ ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഔദ്യോഗിക ബന്ധങ്ങൾ സ്ഥാപിക്കുന്നതിനാണ് ഏറ്റവും ഉയർന്ന പിഴയായ 7.5 ലക്ഷം ദിർഹം നിശ്ചയിച്ചിരിക്കുന്നത്. അനുവദിക്കപ്പെട്ട ആരാധനാലയ പരിസരത്തിന് വെളിയിൽ പരസ്യമായി മതപരമായ ചടങ്ങുകളോ ആചാരങ്ങളോ സംഘടിപ്പിച്ചാൽ 1 ലക്ഷം മുതൽ 4 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും.
യുഎഇയിലെ ദേശീയ ബാങ്കുകളിൽ ഔദ്യോഗിക അക്കൗണ്ട് തുറക്കാതെ പ്രവർത്തിക്കുകയോ, ഫണ്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുൻപ് നേരിട്ട് ചിലവഴിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. യുഎഇക്ക് പുറത്തുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മുൻകൂർ അനുമതിയില്ലാതെ ധനസഹായവും സംഭാവനകളും സ്വീകരിക്കുന്നതിന് 1 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെയാണ് പിഴ. അനുമതിയില്ലാതെ വിദേശത്തേക്ക് പണം അയച്ചാൽ 50,000 മുതൽ 2.5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. മാധ്യമങ്ങളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ അനുമതിയില്ലാതെ സംഭാവന പിരിവ് നടത്തുന്നതും പരസ്യം നൽകുന്നതും പൂർണ്ണമായി നിരോധിച്ചു.
കൃത്യമായ വ്യവസ്ഥകൾ പാലിച്ച് ലൈസൻസ് പുതുക്കാതിരിക്കുക, കൗൺസിൽ നിർദേശിച്ച സൂപ്പർവൈസറുടെ മേൽനോട്ടമില്ലാതെ പ്രവർത്തിക്കുക എന്നിവയ്ക്ക് ആദ്യഘട്ടത്തിൽ താക്കീതും തുടർന്ന് 5,000 മുതൽ 50,000 ദിർഹം വരെ പിഴയും ഈടാക്കും.
തെറ്റുകൾ ആവർത്തിക്കുന്ന ആരാധനാലയങ്ങളുടെ പ്രവർത്തനം മൂന്ന് മാസം വരെ താൽക്കാലികമായി നിർത്തിവെപ്പിക്കാൻ അധികൃതർക്ക് അധികാരമുണ്ടാകും. അതേസമയം, നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പരിഹരിക്കാൻ 10 മുതൽ 60 ദിവസം വരെ സമയം അനുവദിക്കും. പിഴ നടപടികൾക്കെതിരെ 15 ദിവസത്തിനകം ബന്ധപ്പെട്ട കൗൺസിലിന് അപ്പീൽ നൽകാൻ ആരാധനാലയങ്ങൾക്ക് അവകാശമുണ്ടായിരിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
Key Words : Non-Muslim, UAE

COMMENTS