ആലപ്പുഴ : എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂലമായ നിലപാടുമായി കേന്ദ...
ആലപ്പുഴ : എസ് എൻ ഡി പി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അനുകൂലമായ നിലപാടുമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എസ് എൻ ഡി പി യോഗത്തിന് കേരളത്തിലെ സംസ്ഥാന കമ്പനി നിയമമല്ല, കേന്ദ്ര കമ്പനി നിയമമാണ് ബാധകമെന്ന റിപ്പോർട്ടാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ടിന്റെ പരിധിയിൽ എസ് എൻ ഡി പി യോഗം ഉൾപ്പെടുന്നില്ലെന്നും 2013 ലെ കേന്ദ്ര കമ്പനി നിയമമാണ് സംഘടനയ്ക്ക് ബാധകമാകുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കമ്പനികാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അംശുമാൻ പട്നായിക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എസ് എൻ ഡി പി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം സംബന്ധിച്ച തർക്കത്തിലും വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതാണ് കേന്ദ്ര റിപ്പോർട്ട്. 1974ൽ ഇരുനൂറ് അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിച്ച ഇളവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
യോഗത്തിലെ എല്ലാ അംഗങ്ങൾക്കും നേരിട്ട് വോട്ടവകാശം നൽകണമെന്ന ആവശ്യവും നിലവിലുള്ള പ്രാതിനിധ്യ തിരഞ്ഞെടുപ്പ് സംവിധാനവും തമ്മിലുള്ള നിയമതർക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എസ് എൻ ഡി പി യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമെന്ന നിലപാടും ഹർജിക്കാർ സ്വീകരിച്ചിട്ടുണ്ട്.
നേരത്തെ എസ് എൻ ഡി പി യോഗത്തിന്റെ ഭരണസമിതിയുടെയും ഭാരവാഹികളുടെയും നിയമപരമായ യോഗ്യത സംബന്ധിച്ച കേസുകൾ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിരുന്നു. സംഘടനയ്ക്ക് ബാധകമായ നിയമം ഏതാണെന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിർണായകമായ സാഹചര്യത്തിലാണ് കമ്പനികാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ട് വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് നിയമപോരാട്ടത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതാണ്. എന്നാൽ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ തീരുമാനം ഇനിയും വരാനുണ്ട്.
അതേസമയം, കേസിൽ നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന ആവശ്യത്തിൽ തുടർവാദം കേട്ട ശേഷമായിരിക്കും കോടതിയുടെ തീരുമാനം.
Key Words : SNDP Yogam Election, Central Government, Vellappally Natesan , Supreme Court


COMMENTS