വാഷിംഗ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ അക്രമിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക...
വാഷിംഗ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പിൽ അക്രമിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് വെടിയേറ്റു. നവംബർ 12 വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം എട്ട് മണിയോടെ വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ലോഗൻ സർക്കിൾ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
ലോഗൻ സർക്കിളിലെ 15-ാം സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഒരു ജിമ്മിനുള്ളിലും പുറത്തുമായാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ നാല് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വെടിവെപ്പിന് ശേഷം സമീപത്തെ കെട്ടിടത്തിനുള്ളിൽ ഒളിച്ച അക്രമിയെ പോലീസും സ്വാറ്റ് (SWAT) സംഘവും ചേർന്ന് വളഞ്ഞിരുന്നു. തുടർന്ന് ഇയാൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായി പോലീസ് സ്ഥിരീകരിച്ചു. ഒരു ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ സ്കൂളുകളും വ്യാപാര സ്ഥാപനങ്ങളും താൽക്കാലികമായി അടയ്ക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
Key Words : Shooting, White House


COMMENTS