തിരുവനന്തപുരം: ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിയ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാന...
തിരുവനന്തപുരം: ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിയ കെഎസ്ടിപി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. 2006-ൽ കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ, പദ്ധതിയുടെ ബില്ലുകൾ മാറിനൽകാൻ അദ്ദേഹം രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് നടപടി.
കൈക്കൂലി നൽകാത്തതിനെ തുടർന്ന് ബില്ലുകൾ തടഞ്ഞുവെച്ചതിലുള്ള കടുത്ത മാനസിക വിഷമത്താൽ മലേഷ്യൻ കമ്പനിയായ പതി ബെൽ കൺസോർഷ്യത്തിന്റെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീൻ 2006-ൽ ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളോടെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. കേസിലെ പ്രധാന പരാതിക്കാരനും ഉപകരാറുകാരനുമായ ചടയമംഗലം സ്വദേശി വി.ഒ. സാജന്റെ വിശദമായ മൊഴി വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
എൻജിനീയർമാർ ഒപ്പിട്ട് നൽകിയ 14 കോടിയോളം രൂപയുടെ നാല് പ്രധാന ബില്ലുകൾ ഗ്യാനേഷ് കുമാർ അകാരണമായി തടഞ്ഞുവെച്ചതായി സാജൻ ആരോപിക്കുന്നു. ഈ ബില്ലുകൾ പാസാക്കി കിട്ടണമെങ്കിൽ ഗ്യാനേഷ് കുമാറിന് 2 കോടി രൂപ കൈക്കൂലി നൽകണമെന്ന് ലീ സീ ബീൻ മരിക്കുന്നതിന് തൊട്ടുമുമ്പ് തന്നോട് വെളിപ്പെടുത്തിയിരുന്നതായും, ഈ മാനസിക സമ്മർദ്ദമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സാജൻ വിജിലൻസിന് മൊഴി നൽകി. 2007-11 കാലയളവിൽ ഈ കേസിൽ നടന്ന മുൻ അന്വേഷണം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വേണ്ടി അട്ടിമറിക്കപ്പെട്ടതാണെന്നും സാജൻ ആരോപിച്ചു. അന്ന് ചില ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടായതിന്റെ തെളിവുകളും രേഖകളും അദ്ദേഹം പുതിയ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
വിജിലൻസ് സ്പെഷ്യൽ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ അഴിമതിക്കും ആത്മഹത്യാ പ്രേരണയ്ക്കും വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഗ്യാനേഷ് കുമാറിനെ പ്രതിചേർത്ത് എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് നീക്കം.
Key Words : Chief Election Commissioner Gyanesh Kumar

COMMENTS