ന്യൂഡൽഹി : എ ടി എം ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിമാസ സൗജന്യ എ ടി എം ഇടപാടുകളിൽ എത്ര ...
ന്യൂഡൽഹി : എ ടി എം ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിമാസ സൗജന്യ എ ടി എം ഇടപാടുകളിൽ എത്ര എണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് എത്ര തുക ഈടാക്കുമെന്നും ബാങ്കുകൾ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണം. നിലവിലുണ്ടായിരുന്ന 17 സർക്കുലറുകൾ ഏകീകരിച്ചാണ് ആർ ബി ഐ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.
സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിന്റെ എ ടി എമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾ അനുവദിക്കും. മറ്റു ബാങ്കുകളുടെ എ ടി എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും ഇതര പ്രദേശങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം.
സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും പരമാവധി 23 രൂപയും ബാധകമായ നികുതിയും ഈടാക്കാം.
സാങ്കേതിക തകരാർ, പണത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ പരാജയപ്പെടുന്ന ഇടപാടുകൾക്ക് നിരക്ക് ഈടാക്കാൻ പാടില്ല. ഇത്തരം ഇടപാടുകൾ സൗജന്യ ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്താനും പാടില്ല. ഇടപാട് പരിധിയും സേവനനിരക്കുകളും ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ എ ടി എമ്മുകളിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.
വ്യാപാര സ്ഥാപനങ്ങളിലെ പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ വഴി ഡെബിറ്റ് കാർഡും യു പി ഐയും ഉപയോഗിച്ച് ഒറ്റത്തവണ പരമാവധി രണ്ടായിരം രൂപയും പ്രതിമാസം പതിനായിരം രൂപയും പിൻവലിക്കാം. ബാങ്കിങ് ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും അപ്രതീക്ഷിത സേവനനിരക്കുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമാണ് പുതിയ നടപടി. നവംബർ 27 മുതൽ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നു.
Key Words : ATM Transaction, RBI, Bank

COMMENTS