വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾ പുനരാരംഭിക്കാൻ ഇസ്രയേൽ കാവൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമേൽ സമ്മ...
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾ പുനരാരംഭിക്കാൻ ഇസ്രയേൽ കാവൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തലവൻ റോമൻ ഗോഫ്മാൻ അടിയന്തര ചർച്ചകൾക്കായി അമേരിക്കയിലെത്തി. അന്താരാഷ്ട്ര മാധ്യമമായ 'ആക്സിയോസ്' ആണ് ഈ വിവരം പുറത്തുവിട്ടത്.
വാഷിങ്ടണിൽ എത്തിയ ഗോഫ്മാൻ യുഎസ് ചാരസംഘടനയായ സിഐഎ (CIA) ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് വൈറ്റ് ഹൗസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി ചർച്ച നടത്താൻ അദ്ദേഹം മയാമിയിലേക്ക് തിരിക്കുമെന്ന് 'ദി ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് ചെയ്തു. സന്ദർശനത്തെക്കുറിച്ച് മൊസാദോ വൈറ്റ് ഹൗസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജൂണിൽ മൊസാദ് തലവനായി ചുമതലയേറ്റ റോമൻ ഗോഫ്മാൻ, നെതന്യാഹുവിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിലൊരാളായാണ് അറിയപ്പെടുന്നത്. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങൾ വീണ്ടും തുടങ്ങാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് 'അൽ-മോണിറ്റർ' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നേരിട്ടുള്ള വലിയ സൈനിക ആക്രമണത്തേക്കാൾ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് ട്രംപ് താല്പര്യപ്പെടുന്നത്. എങ്കിലും, യുഎസ് കപ്പലുകൾക്കോ സഖ്യകക്ഷികൾക്കോ ഭീഷണിയുണ്ടായാൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇസ്രയേലിനുള്ളിൽ നെതന്യാഹുവിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. കഴിഞ്ഞ മാസം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായ നെതന്യാഹു നിലവിൽ കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്. പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൊസാദ് മേധാവിയുടെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ച് വ്യാഴാഴ്ച നടന്ന ഉന്നതതല സുരക്ഷാ യോഗത്തിൽ പോലും നെതന്യാഹു തന്നോട് വെളിപ്പെടുത്തിയില്ലെന്ന് ഗാഡി ഐസൻകോട്ട് ആരോപിച്ചതായി 'ദി ജറുസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ അട്ടിമറിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും നെതന്യാഹു ഇറാനെതിരെ പെട്ടെന്നൊരു ആക്രമണത്തിന് മുതിർന്നേക്കാമെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നു. ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീറും നിലവിലെ സാഹചര്യത്തിൽ ഇറാനെ ആക്രമിക്കുന്നതിനെ എതിർക്കുന്നതായാണ് വിവരം.
Key Words : Donald Trump, Mossad, Israel

COMMENTS