റാവൽപിണ്ടി: പ്രമുഖ പാകിസ്താൻ വാർത്താ ചാനലായ '92 ന്യൂസി'ലെ അവതാരക റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ ...
റാവൽപിണ്ടി: പ്രമുഖ പാകിസ്താൻ വാർത്താ ചാനലായ '92 ന്യൂസി'ലെ അവതാരക റാബിയ അഹ്സാനെ (41) റാവൽപിണ്ടിയിലെ വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവും ഓവർസീസ് പാകിസ്താനീസ് ഫൗണ്ടേഷൻ ഡെപ്യൂട്ടി ഡയറക്ടറുമായ അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റാവൽപിണ്ടിയിലെ ഗുൽഷനാബാദിലുള്ള വസതിയിലെ കിടപ്പുമുറിയിലാണ് റാബിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ റാബിയ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് സഹോദരി അൽവിന പൊലീസിന് മൊഴി നൽകി. ഈ സമയത്ത് ഭർത്താവ് കയ്യിൽ തോക്കുമായി നിൽക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ഭർത്താവ് അഹ്സാൻ താഹിർ പൊലീസിനോട് അവകാശപ്പെട്ടത്. എന്നാൽ ഇയാൾക്ക് തോക്കിന്റെ സാധുവായ ലൈസൻസ് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ഇയാൾക്കെതിരെ കൊലപാതകക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. മരിച്ച റാബിയയ്ക്ക് രണ്ട് പെൺകുട്ടികളുണ്ട്. സംഭവത്തിൽ പാകിസ്താൻ പ്രഥമ വനിത ആസിഫ ഭൂട്ടോ-സർദാരി കടുത്ത ദുഃഖം രേഖപ്പെടുത്തുകയും, കേസിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Key Words : News Reader Rabia Ahsan , Shot Dead

COMMENTS